കൊച്ചി: കര്ഷകദ്രോഹമെന്ന പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും മുമ്പ് മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരിലും സംഘടിത മതങ്ങള്‍ നടത്തുന്ന ജനദ്രോഹ സമരങ്ങളും ഹര്‍ത്താലും ശബരിമല സീസണില്‍തന്നെ നടത്തുന്നു എന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഓര്‍മ്മിപ്പിച്ചു. യൂത്ത് ഫോര്‍ കര്‍മ്മയുടെ നേതൃത്വത്തില്‍ നടത്തിയ പ്രൊഫഷണല്‍ യുവാക്കളുമായുള്ള സംവാദത്തിലാണ് ചോദ്യത്തിന് മറുപടിയായി ചിദാനന്ദപുരി പറഞ്ഞത്. സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ക്ഷേത്രങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം നമ്മള് പൂര്‍ത്തീകരിക്കണം. അതുപോലെതന്നെ വികസനങ്ങളെല്ലാം രാഷ്ട്രത്തിന്റെ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാകണം. ജീവിതശൈലിയില്‍നിന്ന് പ്രകൃതിയെ അകറ്റുന്നതുപോലും ഇന്ന് വന്ധ്യതക്ക് കാരണമാകുന്നുണ്ട്. നിലവിലെ അന്ധമായ വസ്ത്രധാരണരീതി പോലും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്, സ്വാമി ചിദാനന്ദപുരി പറഞ്ഞു. പരിപാടിയില്‍ എം. വിപിന്‍ സ്വാഗതവും എം. പ്രശാന്ത് ആമുഖവും ആനന്ദ്പിള്ള നന്ദിയും പറഞ്ഞു. അഡ്വ. സൗമ്യ ജി. നായര്‍ യൂത്ത് ഫോര്‍ കര്‍മ്മയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: