പള്ളുരുത്തി: കഴിഞ്ഞ മൂന്നിന് പള്ളുരുത്തിയിലെ ഐഒസിയുടെ പമ്പില്‍നിന്നും ഫുള്‍ടാങ്ക് പെട്രോള്‍ നിറച്ച് കടന്നുകളഞ്ഞ ആഡംബരകാറിനെക്കുറിച്ചുള്ള അന്വേഷണം പള്ളുരുത്തി പോലീസ് ഉപേക്ഷിച്ചു. രാത്രി 8.30 ഓടെ പമ്പിലെത്തിയ കാറില്‍നിന്നും താടിവെച്ച 22 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന് ഇറങ്ങി ഫുള്‍ടാങ്ക് പെട്രോള്‍ നിറക്കാന്‍ ആവശ്യപ്പെട്ടു. രണ്ടായിരം രൂപക്ക് പെട്രോള്‍ അടിച്ചതിനുശേഷം കയ്യിലുള്ള ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയായിരുന്നു. പെട്രോള്‍പമ്പ് ജീവനക്കാരന് കാര്‍ഡ് പരിശോധിക്കാന്‍ നീങ്ങിയപ്പോഴേക്കും സംഘം കാറുമായി കടന്നുകളയുകയായിരുന്നു.
ഇതിനിടയില്‍ കാര്‍ഡ് പരിശോധിച്ച ജീവനക്കാര്‍ക്ക് ഇത് പിക്ക്-അപ്പ് കാര്‍ഡാണെന്ന് ബോധ്യപ്പെടുകയായിരുന്നു. സംഘം കാറുമായി കുമ്പളങ്ങി ഭാഗത്തേക്കാണ് കടന്നുകളഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു. തട്ടിപ്പുസംഘമെത്തി പെട്രോള്‍ നിറക്കുന്നതും കാറില്‍നിന്നിറങ്ങിയ ചെറുപ്പക്കാരന്റെ ദൃശ്യങ്ങളും പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പള്ളുരുത്തി പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ വന്ന് പരിശോധിച്ചുവെങ്കിലും തുടരന്വേഷണം നടത്താന്‍ തയ്യാറായില്ല. ഇന്ധം നിറക്കുന്ന ദൃശ്യത്തില്‍ ഹുണ്ടായിയുടെ വെളുത്ത ആഡംബരകാറാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ നമ്പര്‍ വ്യക്തമല്ല. അന്വേഷണത്തിന് വന്ന പോലീസുകാര്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഇവരെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കാര്‍ പോയ ഭാഗത്ത് പോലീസിന്റെ സിസി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റും അകത്തിരിക്കുന്നവരേയും വളരെ വ്യക്തമായി കാണുന്ന തരത്തിലാണ് പോലീസ് സിസി ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പള്ളുരുത്തിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ക്യാമറകള്‍ പരിശോധിക്കുന്നതിനോ തുടരന്വേഷണം നടത്തുന്നതിനോ തയ്യാറായിട്ടില്ല. അതേസമയം മോഷ്ടിക്കപ്പെട്ട വാഹനമാണോ ഇതെന്ന് സംശയമുള്ളതായി നാട്ടുകാര്‍ പറയുന്നു.
തട്ടിപ്പുസംഘം നല്കിയ ക്രെഡിറ്റ് കാര്‍ഡ് എട്ടുമാസങ്ങള്‍ക്ക് മുമ്പ് കാക്കനാട് വെച്ച് മോഷണം പോയതാണെന്ന് ഇതിന്റെ ഉടമയായ വിനോജ് മാത്യു എന്നയാള്‍ പറഞ്ഞു. കാര്‍ഡിന്റെ ഉടമയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിയിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് പോക്കറ്റ് അടിച്ച് നഷ്ടമായ സമയംതന്നെ ഇത് ബ്ലോക്ക് ചെയ്യുന്നതിന് പരാതി നല്‍കിയതായും കാര്‍ഡിന്റെ ഉടമ പെട്രോള്‍പമ്പിന്റെ നടത്തിപ്പുകാരോട് പറഞ്ഞു.
പെട്രോള്‍പമ്പില്‍ തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: