വെറുമൊരു ജില്ലക്കപ്പുറം വിവിധ രംഗങ്ങളില്‍ തിളങ്ങുന്നതും വിളങ്ങിയിരുന്നവരുമായ പ്രമുഖരുടെ കര്മ്മപ്രഭവകേന്ദ്രമാണ് കൊല്ലമെന്ന് വിവക്ഷിക്കുന്നതാണ് കല്ലട ഷണ്മുഖന്റെ പുതിയ പുസ്തകമായ ‘കൊല്ലത്തിന്റെ മുഖമുദ്രകള്‍’. ഒരു ജില്ലയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ദേശവിദേശങ്ങളിലേക്ക് വ്യാപൃതരായ കൊല്ലത്തുകാരെയും കൊല്ലവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം രചനാസൗകുമാര്യവും ലളിതാഖ്യാനവും കൊണ്ട് സമ്പന്നമാണ്. കേവലം സ്തുതിപാടലായി വ്യക്തിവിശേഷം മാറ്റപ്പെടുന്ന ആധുനികവാര്ത്താശൈലിയുടെ അടിവേരിളക്കുന്നതാണ് ഇതിലെ ഓരോ വ്യക്തിയെയും പറ്റിയുള്ള സമഗ്രവിവരണം.
ലഘുപഠനം, മഹാപ്രതിഭ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കഥ, നാടകം, സിനിമ, കഥകളി, ചിത്രലിപി, പൗരോഹിത്യം, വ്യക്തിമുദ്ര, ജ്യോതിഷം-താന്ത്രികം, മാന്ത്രികം എന്നിങ്ങനെ 14 വൈവിധ്യം നിറഞ്ഞ തലക്കെട്ടുകളില്‍ 70 വ്യക്തിത്വങ്ങളെ ആസ്വാദകരിലേക്ക് സന്നിവേശിപ്പിക്കുന്ന രചനാചാതുരിയാണ് അവലംബിച്ചിരിക്കുന്നത്. മൂന്നര പതിറ്റാണ്ടിന്റെ പത്രപ്രവര്‍ത്തനജീവിതത്തിലൂടെ സമാഹരിച്ച വസ്തുതകളെല്ലാം കോര്‍ത്തിണക്കികൊണ്ട് രചിച്ച പുസ്തകത്തില്‍ എഴുത്തുകാരന്റെ വിവര സമ്പാദനമികവും പ്രകടമാകുന്നു. ജ്യോതിഷം അധ്യായത്തില്‍ കോടിയാട്ട് നാണുക്കുട്ടന് ജ്യോത്സ്യരെയും അവതരിപ്പിച്ച് സ്വന്തം പിതാവിന് അക്ഷരാഞ്ജലി കൂടിയായിരിക്കുന്നു ഗ്രന്ഥകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം പുസ്തകം. ചരിത്രകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാവിയിലേക്കൊരു നിധി തന്നെയായിരിക്കും പുസ്തകമെന്ന് നിസംശയം പറയാനാകും. ശ്രീചക്രം പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 150 രൂപയാണ് വില.
ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: