ന്യൂദല്‍ഹി: സുപ്രീംകോടതി റിട്ട. ജഡ്ജി യുവഅഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ ദല്‍ഹി പോലീസ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷക ഹാജരാകണമെന്നാവശ്യപ്പെട്ട് ദല്‍ഹി പോലീസ് ഇ-മെയില്‍ സന്ദേശം അയച്ചതായി ജോയിന്റ് കമ്മീഷണര്‍ എ.കെ. മീന പറഞ്ഞു. ദല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രഫസറും നിയമവിദഗ്ധനുമായ എസ്.എന്‍. സിംഗ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിനിടെ അഭിഭാഷകയെ പീഡിപ്പിച്ച സുപ്രീംകോടതി മുന്‍ ജഡ്ജിയും പശ്ചിമ ബംഗാള്‍ മനുഷാവകാശ കമ്മീഷന് അധ്യക്ഷനുമായ എ.കെ. ഗാംഗുലി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പ്രതികരണം അപര്യാപ്തമാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും നിയമ മന്ത്രി കപില്‍ സിബലും അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകര്‍ കൂടിയാണ് ഇരുവരും. സംഭവത്തില്‍ സുപ്രീംകോടതിക്ക് കൈകഴുകാനാകില്ലെന്നും ഒരു സ്ത്രീയുടെ അഭിമാനത്തിനു നേരേയുണ്ടായ കടന്നുകയറ്റമാണ് നടന്നതെന്നും സിബല്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അരുണ്‍ ജെയ്റ്റ്ലി സുപ്രീംകോടതിക്കെതിരായ പരാമര്‍ശം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ നിന്നു രക്ഷപെടാനുള്ള ശ്രമം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നാണ് ജെയ്റ്റ്ലി അഭിപ്രായപ്പെട്ടിരിക്കുന്നത്. നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ഇതിനിടെ ഗാംഗുലി രണ്ടുദിവസത്തെ അവധിയില്‍ പ്രവേശിച്ചു. വെള്ളിയാഴ്ചയാണ് ഗാംഗുലി അവധിയില്‍ പ്രവേശിച്ചത്. ജ.ഗാംഗുലി നീണ്ട അവധിയെടുക്കുന്നതിനോ സ്ഥാനത്തുനിന്ന് മാറുന്നതിനോ സാധ്യതയുള്ളതായി ബംഗാളി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണവിധേയനായ ജസ്റ്റിസ് ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് ഇതുവരെ രാജിവെച്ചിട്ടില്ല. ഗാംഗുലിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കത്തയച്ചിരുന്നു.
ജസ്റ്റിസ് ഗാംഗുലി ലൈംഗികച്ചുവയോടെ പെരുമാറിയതിന് തെളിവുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ വിരമിച്ച ജഡ്ജിയുടെ കാര്യത്തില്‍ കോടതിക്ക് നിയന്ത്രണമേറ്റെടുക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പി.സദാശിവം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: