തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍ കുമാറിന്റെ ഐ.എച്ച്.ആര്.ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിയമനത്തിനാവശ്യമായ പ്രവൃത്തി പരിചയം അരുണിന് ഇല്ലായിരുന്നുവെന്നും ഇതുണ്ടെന്ന് കാണിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അരുണിനെ ഐ.എച്ച്.ആര്.ഡിയുടെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തിയത്. അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഐ.എച്ച്.ആര്.ഡിയില്‍ ഒരു അഡീഷണല്‍ ഡയറക്ടര്‍ തസ്തിക മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ അരുണിന് വേണ്ടി മൂന്ന് തസ്തികകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി. ഇതിനായി കട്ടപ്പനയിലെ ഒരു കോളേജിന്റെ പ്രിന്‍സിപ്പലായി അരുണിനെ നിയമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അരുണിനെതിരേ കേസെടുക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തതായാണ് വിവരം. നേരത്തെ വി.ഡി.സതീശന് അധ്യക്ഷനായ നിയമസഭാ സബ്ജറ്റ് കമ്മറ്റി ആരോപണങ്ങള്‍ അന്വേഷിക്കുകയും നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: