തിരുവനന്തപുരം: ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബിനെ ജയില്‍ മേധാവി പദവിയില്‍ നിന്ന് നീക്കി. ടിപി കൊലക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ അനുവദിച്ചതും പ്രതികള്‍ മൊബെയില്‍ ഉപയോഗിച്ചതുമായ വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പരാമര്‍ശങ്ങള്‍ ജയില്‍ ഡിജിപി നടത്തിയിരുന്നു. അതിന്റെ പേരിലാണ് നടപടി. രഹസ്യാന്വേഷണ വിഭാഗം മേധാവി എഡിജിപി ടി.പി.സെന്‍കുമാറിനാണ് ജയില്‍ വകുപ്പിന്റെ അധിക ചുമതല. അലക്സാണ്ടര്‍ ജേക്കബിന് പകരം നിയമനം നല്‍കിയിട്ടില്ല.
ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ന്യായീകരിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് അലക്സാണ്ടര്‍ ജേക്കബ്ബ് പത്രസമ്മേളനം നടത്തിയത്. ഇതിന്റെ പേരില്‍ അദ്ദേഹത്തോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിശദീകരണം ചോദിച്ചിരുന്നു. ഫെയ്സ് ബുക്ക് വിവാദം ടിപി കേസ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിന് ജഡ്ജിയെ സ്വാധീനിക്കാന്‍ വേണ്ടിയാകാമെന്നായിരുന്നു അലക്സാണ്ടര്‍ ജേക്കബിന്റെ വിവാദ പരാമര്‍ശം. അല്ലെങ്കില്‍ ടിപി കേസില്‍ വെറുതെ വിട്ടാലും ജയില്‍ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ആറ് മാസം തടവിലിടാന്‍ കഴിയുമോയെന്ന് നോക്കാനായിരിക്കും. ഇതിനാവശ്യമായ ശാസ്ത്രീയമായ തെളിവുണ്ടാക്കാനായിരിക്കാം ഫെയ്സ് ബുക്ക് വിവാദമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.മോഹനന് ഹോട്ടലില്‍ വെച്ച് ഭാര്യയും എംഎല്‍എയുമായ കെ.കെ.ലതികയുമായി കൂടിക്കാഴ്ച്ച നടത്തിയതിനെയും ഡിജിപി ന്യായീകരിച്ചിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് വ്യാഴാഴ്ച്ച തന്നെ ആഭ്യന്തരമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയത്. പ്രസ്താവനയില്‍ മന്ത്രി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. എന്നാല്‍, പ്രസ്താവന നാക്കുപിഴയാണെന്നും തെറ്റുപറ്റിയെന്നുമായിരുന്നു അലക്സാണ്ടര്‍ ജേക്കബിന്റെ മറുപടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ്. തന്റെ പ്രസ്താവന ദൃശ്യമാധ്യമങ്ങളിലൂടെ പിന്‍വലിക്കുകയും ചെയ്തു. ജയില്‍ വകുപ്പിന് നേരെ നിരന്തരം അക്രമം ഉണ്ടായപ്പോള്‍ പ്രതിരോധിക്കേണ്ടവര്‍ അത് ചെയ്തില്ല. ചാനലുകളില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ നിരന്തരം ശുപാര്‍ശ നടത്തുന്നവരാണെന്ന ഇന്നലത്തെ പരാമര്‍ശവും വിവാദമായി.
വിവാദ പരാമര്‍ശത്തില്‍ അലക്സാണ്ടര്‍ ജേക്കബ് ഖേദം പ്രകടിപ്പിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം അടങ്ങിയ ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ തന്നെ ഒപ്പുവെച്ചു. അലക്സാണ്ടര്‍ ജേക്കബിനെ നീക്കാന്‍ ആഭ്യന്തരവകുപ്പിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ തീരുമാനവും ഇത് തന്നെയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും സംസാരിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി തീരുമാനമെടുത്തത്.
ജയില്‍ നവീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. ജയില്‍ ചപ്പാത്തി യൂണിറ്റ് ഉള്‍പ്പെടെ ഉത്പാദന മേഖലയാക്കി മാറ്റിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. സര്‍ക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ജയിലിന്റെ ചുമതല നല്‍കിയിരിക്കുന്ന ടി.പി.സെന്‍കുമാര്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെഎസ്ആര്‍ടിസി എം ഡിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തെ യുഡിഎഫ് അധികാരമേറ്റതോടെയാണ് ആഭ്യന്തരവകുപ്പിലേക്ക് തിരിച്ച് കൊണ്ടുവന്ന് ഇന്റലിജന്‍സ് മേധാവിയാക്കിയത്. ജയില്‍ വകുപ്പിനെതിരായ ആരോപണങ്ങള്‍ ശക്തമായതോടെ മുഖം മിനുക്കലിന്റെ ഭാഗമായാണ് സെന്‍കുമാറിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഈ മാസം ഒടുവില്‍ പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി നടത്തി ജയില്‍വകുപ്പിന് സ്ഥിരം മേധാവിയെ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: