കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ കറുത്ത നേതാക്കളെപ്പറ്റി ചോദിച്ചാല്‍ ആരുടേയും മനസ്സില്‍ തെളിയുക. മാര്ട്ടിന് ലൂഥര്‍ കിങ്ങും നെല്‍സണ്‍ മണ്ടേലയുമായിരിക്കും. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കുവേണ്ടി പൊരുതിയ കിങ്ങും ആഫ്രിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കായി പൊരുതിയ മണ്ടേലയും ജീവിതത്തിലൊരിക്കലും കണ്ടുമുട്ടിയിട്ടില്ല. ഏതാണ്ട് 6,000 നാഴിക അകന്നുകഴിയുന്ന രണ്ട് ഭൂഖണ്ഡങ്ങളിലായിരുന്നു ഇരുവരും. എങ്കിലും 1964 രണ്ട് മനുഷ്യരുടെയും ജീവിതത്തിലെ നിര്‍ണായക വര്‍ഷമായിരുന്നു. ഒരു പതിറ്റാണ്ടോളം നീണ്ട തന്റെ സമരത്തിന് ഫലം കിട്ടിത്തുടങ്ങുമെന്ന് ലൂഥര്‍ കിങ്ങിന് വ്യക്തമായി തുടങ്ങിയത് അക്കൊല്ലമാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങളനുസരിച്ചുള്ള നിയമങ്ങള്‍ അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. തൊട്ട് മുമ്പത്തെക്കൊല്ലം വാഷിങ്ങ്ടണ്‍ മാളില്‍ അദ്ദേഹം ജനസഹസ്രങ്ങളുടെ മുന്നില്‍ നടത്തിയ ലോകപ്രസിദ്ധമായ പ്രസംഗം (‘ഐ ഹാവ് എ ഡ്രീം’ ) വെള്ളക്കാരായ രാഷ്ട്രീയക്കാരെ പോലും പ്രചോദിപ്പിച്ചു
മറ്റൊരു വന്‍കരയില്‍ സമാനമായ ആവശ്യങ്ങളുടെ പേരില്‍ സമരം നടത്തിയ നെല്‍സണ്‍ മണ്ടേല രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുകയായിരുന്നു അന്ന്. 182 സാക്ഷികള്‍, പതിനായിരക്കണക്കിന് പേജ് തെളിവുകള്‍. എങ്കിലും ഈ തെളിവുകളേക്കാളും സാക്ഷികളേക്കാളും അന്ന് ലോകം ശ്രദ്ധിച്ചത് മണ്ടേല കോടതിയില്‍ ചെയ്ത പ്രസംഗമായിരുന്നു.
“സ്വന്തം ദുരിതങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും പ്രചോദിതരായ ആഫ്രിക്കന്‍ ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള് അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്‍ശമാതൃകയാണ് ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത്. ഈ ലക്ഷ്യം നേടാനായി ജീവിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍, ഈ ഒരു ലക്ഷ്യത്തിനായി മരിക്കാനും ഞാന്‍ തയ്യാറാണ്.”
പ്രതി കുറ്റവാളിയാണെന്ന് തന്നെയാവും വിധിയെന്ന് ഉറപ്പായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പീനല്‍ കോഡ് വെച്ച് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റവാളി. 1964 ജൂണ്‍ 11ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ക്വാര്‍ട്ടസ്.ഡി. വെറ്റ് പക്ഷേ, മണ്ടേലയേയും കൂട്ടരെയും രക്തസാക്ഷികളാക്കേണ്ടതില്ല എന്നാണ് നിശ്ചയിച്ചത്. പകരം അദ്ദേഹത്തേയും മറ്റ് എട്ടുപേരെയും ആയുഷ്കാലം തടവിലിടാന്‍ ഉത്തരവിട്ടു.
അമേരിക്കയില്‍ മാര്ട്ടിന് ലൂഥര്‍കിങ് ആവശ്യപ്പെട്ട സിവില്‍ റൈറ്റ്സ് നിയമം പാസ്സാക്കാന്‍ യുഎസ് കോണ്‍ഗ്രസിന് മുമ്പിലുണ്ടായിരുന്ന അവസാന കടമ്പയും ഒഴിവായതിന്റെ പിറ്റേന്നായിരുന്നു ഇത്. കിങ്ങിനേക്കാള് 11 വയസ്സ് മൂത്ത മണ്ടേലയ്ക്ക് അന്ന് 44 വയസ്സായിരുന്നു. അന്ന് ജയിലറയിലേക്ക് പോയ അദ്ദേഹത്തെ 1990ല്‍ 71ാമത്തെ വയസ്സിലാണ് ലോകം പിന്നെ കണ്ടത്.
ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്ന ഭൂരിപക്ഷമാളുകളും കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാത്ത ഇടമാണ് റോബന് ദ്വീപ്. കേപ്ടൗണിന്റെ തീരത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മൂന്ന് കിലോമീറ്റര്‍ നീളവും കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ വീതിയും മാത്രമുള്ള ഒരു കൊച്ചുദ്വീപ്. ഭംഗിയുള്ള പ്രകൃതിദൃശ്യങ്ങളൊന്നുമില്ലെങ്കിലും പലയിടത്തും സഞ്ചാരികള്‍ ഭക്തിയും വിനയവും നിശ്ശബ്ദരാകും. ഈ ദ്വീപിലാണ് മണ്ടേല 18 വര്‍ഷം ഏകാന്തതടവ് അനുഭവിച്ചത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: