കൊച്ചി: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രധാനകാരണം വിദ്യാഭ്യാസത്തില്‍ സംഭവിച്ച മൂല്യത്തകര്‍ച്ചയാണെന്ന് മന്ത്രി കെ.ബാബു. കൊച്ചി നഗരസഭയുടെ സഹായത്തോടെ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മെട്രോപൊളീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കുന്ന ബോധവല്കരണ പരിപാടി’ബോധിനി’ യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടിനുള്ളില്‍ പോലും സ്ത്രീ ഇന്ന് സുരക്ഷിതയല്ലെന്നും 18 വയസ്സില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് വിധേയമാകുന്നതായും അദ്ദേഹം പറഞ്ഞു. കുടുംബ ബന്ധത്തിന്റേയും രക്തബന്ധത്തിന്റേയും പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരന്തരമായ ബോധവല്കരണമാണ് വേണ്ടതെന്നും നിയമം കൊണ്ട് മാത്രം ഒന്നിനും പരിഹാരമാവില്ലെന്നും കെ.ബാബു കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തുന്ന ബോധവല്കരണ പരിപാടിയാണ് ബോധിനി. ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, ഐ.ജി കെ.പദ്മകുമാര്‍,വനിത കമ്മീഷന് അംഗം ഡോ.ലിസ്സി ജോസ്,റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ ഡോ.അജയ്കുമാര്‍,ജേക്കബ്ബ് നപ്താലി,കോ-ഓര്‍ഡിനേറ്റര്‍ ഡോ.സബിന്‍ വിശ്വനാഥ് , അഞ്ജലി കുര്യന് എന്നിവര്‍ പങ്കെടുത്തു. ബാലപീഡനത്തിനെതിരെയുളള ബോധവത്ക്കരണ പോസ്റ്റര്‍ മേയര്‍ ടോണി ചമ്മിണിയും,സ്ത്രീകളോടുളള അതിക്രമത്തിനെതിരായ ബോധവത്ക്കരണ പോസ്റ്റര്‍ ഹൈബി ഈഡന് എംഎല്‍എയും പ്രകാശനം ചെയ്തു. ഈ രംഗത്ത് പ്രവര്‍ത്തന മികവ് പരിഗണിച്ച് കൊച്ചി ചെയില്‍ഡ് പ്രവര്‍ത്തകരേയും കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് പ്രവര്‍ത്തക ബീന സെബാസ്റ്റ്യനേയും ആദരിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്ന് ഐ.ജി.കെ.പത്മകുമാര്‍ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളില്‍ നിന്നുതന്നെയാണ് കൂടുതലും പീഢനം കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് തരത്തിലുള്ള അതിക്രമം ഉണ്ടായാലും കേരള പോലീസിന്റെ വെബൈസൈറ്റിലേക്ക് ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും കെ.പത്മകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് പോലീസ് സ്റ്റേഷന് കയറി ഇറങ്ങേണ്ടതില്ലെന്നും വനിതാ പോലീസ് നേരിട്ടെത്തി പരാതി രേഖപ്പെടുത്തണമെന്നതാണ് പുതിയ നിയമം എന്നും അദ്ദേഹം പറഞ്ഞു.
ശിശു ദുര്വനിയോഗത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് ബോധിനി ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: