ജോഹന്നാസ്ബര്‍ഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന് നെല്‍സണ്‍ മണ്ടേലക്ക് കായികലോകത്തിന്റെ ആദരം. സ്പോര്‍ട്സില്‍ ഏറെ തല്പ്പരനായിരുന്ന മണ്ടേലയുടെ നിര്യാണത്തില്‍ ലോകത്തിലെ പ്രമുഖ കായിക താരങ്ങളും കായിക സംഘടനാ മേധാവികളും അനുശോചിച്ചു.
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി, ഫുട്ബോള്‍ മാന്ത്രികന് പെലെ, പോര്‍ച്ചുഗലിന്റെ വിഖ്യാത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇംഗ്ലീഷ് ഫുട്ബോള്‍ മാന്ത്രികന് ഡേവിഡ് ബെക്കാം, സര് ബോബി ചാള്ട്ടണ്, ഗോള്‍ഫ് ലോകചാമ്പ്യന് ടൈഗര്‍ വുഡ്സ്, ട്രാക്കിലെ സൂപ്പര്‍താരം യു.എസ്.എീന്‍ ബോള്‍ട്ട്, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡണ്ട് തോമസ് ബാക്ക് തുടങ്ങിയവര്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ആസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളും മണ്ടേലയുടെ വിയോഗത്തില്‍ അനുശോചിച്ചു. അഡ്ലെയ്ഡില് നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇരു ടീമംഗങ്ങളും മണ്ടേലയുടെ വിയോഗത്തില്‍ അനുശോചിച്ച് കറുത്ത ആം ബാന്ഡിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
കായികരംഗത്തിന് വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്ന മണ്ടേല ഒരു യഥാര്‍ത്ഥ നയതന്ത്രഞ്ജനായിരുന്നുവെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡണ്ട് തോമസ് ബാക്ക പറഞ്ഞു.
മണ്ടേലയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകവും പങ്കുചേരുന്നതായി പറഞ്ഞ ബ്ലാറ്റര്‍ സൂറിച്ചിലെ ഫിഫ ആസ്ഥാനത്തെ 209 അംഗരാജ്യങ്ങളിലെ പതാകകള്‍ പകുതിതാഴ്ത്തിക്കെട്ടുമെന്ന് വ്യക്തമാക്കി.
ക്ഷമാശീലത്തിന്റെ പ്രതിരൂപമായിരുന്നു മണ്ടേലയെന്ന് ബോക്സിംഗ് റിംഗിലെ ഇതിഹാസതാരമായിരുന്ന മുഹമ്മദ്അലി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി മറ്റുള്ളവരെക്കൂടി പ്രചോദിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നു മണ്ടേലയെന്നും അലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: