പരമാത്മ വിജ്ഞാനമെന്നാണ് മോക്ഷഹേതു. ഉപനിഷദ് വിഷയം ഈ ജ്ഞാനമൊന്നാണ്. അശ്വലായനന്‍ ബ്രഹ്മാവിനരികെ ചെന്ന് പരമാത്മവിജ്ഞാനത്തെ അപേക്ഷിക്കുന്നതും അതിന് ലഭിക്കുന്ന ഉപദേശവുമാണ് കൈവല്യോപനിഷത്തിന്റെ വിഷയം. ഉപനിഷദ് വിചാരയജ്ഞം അന്‍പതാം ദിവസം പ്രഭാ ഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി. പരമമായ ജ്ഞാനത്തെ ശ്രദ്ധാഭക്തി ജ്ഞാനയോഗങ്ങളെക്കൊണ്ട് നേടുവാനാണ് നിര്‍ദ്ദേശിക്കുന്നത്. വിവിധങ്ങളായ വൈദിക ലൗകിക കര്മ്മങ്ങളെക്കൊണ്ടോ സന്താനത്തെക്കൊണ്ടോ ധനംകൊണ്ടോ ആരുംതന്നെ അമൃതത്വത്തെ പ്രാപിക്കുന്നില്ല. ത്യാഗത്താല്‍ മാത്രമാണ് അമൃതത്വത്തെ പ്രാപിക്കുന്നത്. തന്റെ തന്നെ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് താനാരെന്ന് അന്വേഷിച്ച് ആഴ്ന്നിറങ്ങുവിന്. ശരീരേ പ്രിയ പ്രാണ മനോബുദ്ധികള്ക്കെല്ലാം ഉള്ളില്‍ ഞാന്‍, ഞാന്‍ എന്ന ബോധം പ്രകാശിക്കുന്ന അതിനിഗൂഢ സ്ഥാനത്തില്‍ അങ്ങേയറ്റം ശോഭിക്കുന്ന പരമസത്യ സ്വരൂപത്തെ യതശീലന്മാരായ യോഗികള്‍ പ്രാപിക്കുന്നു. വേദാന്ത വിജ്ഞാനത്തില്‍ പ്രമാണ ജനിതമായ സുനിശ്ചിതബോധത്തോടൊത്തവരും ലൗകിക, വൈദിക കര്‍മ്മങ്ങള്‍ വിധിപ്രകാരം ജ്ഞാനവൈരാഗ്യ ബലത്താല്‍ സംന്യസിച്ചവരും ശുദ്ധമായ അന്തഃകരണത്തോടൊത്തവരുമായ മഹാത്മാക്കളാണ് സത്യദര്‍ശന സമ്പന്നരാവുന്നത്. അവര്‍ നിശ്ചയമായും പരമാനന്ദ സ്വരൂപസ്ഥരാവുന്നു.
ഈ പരമമായ വിജ്ഞാനത്തിലുള്ള കൃതാര്ത്ഥതയിലേക്കുയരുവാന് എല്ലാവര്‍ക്കുംതന്നെ അധികാരമുണ്ടെന്നറിയൂ. ശാസ്ത്രസ്വാദ്ധ്യായത്തിലൂടെ ഗുരുപദേശത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഏവര്‍ക്കും ഇപ്രകാരം ജന്മത്തെ കൃതാര്ത്ഥമാക്കാമെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: