ക്ഷേത്രച്ചുവരില്‍ ആദ്യമായി വരച്ച ചുവര് ചിത്ര എഴുത്തുകാരി കെ.ശ്യാമളകുമാരി സ്വന്തം അനുഭവം വിവരിക്കുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും പ്രതിമാ ശില്പ്പങ്ങള്, കളിമണ്‍ ആഭരണ നിര്‍മാണം, മുളംതണ്ടിലെ ചുവര് ചിത്രാലങ്കാരങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ചില വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലോ ടിവി ചാനലുകളിലോ പ്രത്യക്ഷപ്പെട്ടെന്നിരിക്കട്ടെ. കഴുകന്റെ കണ്ണുകളും കുറുക്കന്റെ കൗശലവുമായി ചില കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വട്ടമിടാനാരംഭിക്കും. തരം കിട്ടിയാല്‍ മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാരിച്ചൊരിഞ്ഞ് വശത്താക്കും. ഇത്തരം പരമ്പരാഗത കലകളെ ഉപജീവനത്തിന്റെ തലത്തില്‍നിന്നും നിലനില്‍പ്പിന്റെ പരിണാമങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
പന്ത്രണ്ടുകളുടെ സംഘനൃത്ത ദിനത്തില്‍ (12-12-12) തിരുവനന്തപുരം നന്ദാവനത്തുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററില്‍ ഒരു സെമിനാര്‍ നടന്നു.
ഫോര്‍ട്ടുകൊച്ചിയെ ആര്‍ട്ട് കൊച്ചിയാക്കിയ ഇന്ത്യയിലെ പ്രഥമ ബിനാലെയ്ക്ക് തിരി തെളിഞ്ഞ സുദിനമായതിനാല്‍ എന്നും ഓര്‍മയില്‍ തങ്ങിനില്ക്കും.
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍. സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് സാങ്കേതികവും വൈജ്ഞാനികവുമായ വിഭവസഹായം നടത്തുന്ന സ്ഥാപനമെന്നാണ് അവകാശപ്പെടുന്നത്. ശശി തരൂര്‍ ഈ വകുപ്പിന്റെ സഹമന്ത്രിയാണ്.
കേരളത്തിന്റെ പരമ്പരാഗത കലകളായ ചുവര് ചിത്രകലയിലെയും കളിമണ്‍ നിര്‍മാണ മേഖലയിലെയും ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത കലാകാരികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സെമിനാര്‍. പരമ്പരാഗത കലയിലും കരകൗശല മേഖലയിലും ഈ കലാകാരികള്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് അതാത് മേഖലയില്‍ പരിശീലനം കൊടുക്കാനുള്ള ഒരു ബൃഹദ് പദ്ധതിയെക്കുറിച്ചായിരുന്നു സെമിനാര്‍. ഇതിന്റെ പ്രാരംഭമായി സ്വയം പഠന സഹായികള്‍ തയ്യാറാക്കാനുള്ള ഒരു മാര്‍ഗ്ഗരേഖയും നിര്‍ദ്ദേശങ്ങളും സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു.
ഇതനുസരിച്ച് തയ്യാറാക്കിയ പുസ്തകങ്ങളുടെ സ്ക്രിപ്റ്റ് ജനുവരി 13, 14 തീയതികളില്‍ നടന്ന സെമിനാറില്‍ വായിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. മാര്‍ച്ച് 31 ന് മുമ്പ് സമയബന്ധിതമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ കലാകാരികളെ ആദരിക്കും. ട്രെയിനിംഗ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും എന്നൊക്കെയാണ് ഔദ്യോഗിക പക്ഷത്തിന്റെ വാഗ്ദാനങ്ങള്‍.
അന്യം നിന്നുപോകുമായിരുന്ന കേരളീയ പരമ്പരാഗത ചുവര് ചിത്രകലയെ ഇന്നു കാണുന്ന തരത്തില്‍ ഒരു മ്യൂറല്‍ തരംഗം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കലാകാരികളാണ് സെമിനാറില്‍ പങ്കെടുത്തത്. ക്ഷേത്ര ശ്രീകോവിലിന്റെ നെയ്ത്തിരി വെട്ടത്തുനിന്നും കൊട്ടാരക്കെട്ടുകളുടെ അകത്തളങ്ങളില്‍നിന്നും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളായ ചുവര് ചിത്രങ്ങളെ ജനമധ്യത്തിലേയ്ക്ക് ഇളക്കി പ്രതിഷ്ഠിക്കുന്നില് ഭാഗഭാക്കാണവര്‍. കാന്‍വാസ്, കടലാസ്, തുണിത്തരങ്ങള്‍, മുളംതണ്ട്, ടെറോക്കോട്ട പാത്രങ്ങള്‍ എന്നിവയില്‍ ചുവര്‍ചിത്ര ശൈലിയില്‍ ചിത്രം വരച്ച് അലങ്കരിച്ച് ആഗോള വിപണിയില്‍ സ്ഥാനം നേടുമ്പോഴാണ് ഇപ്രകാരം ചില വിഭവങ്ങള്‍ കേരളത്തിലുണ്ടെന്ന് എസ്ആര്‍സി അറിയുന്നത്.
ഇവിടെ ആരംഭിക്കുന്നത് ആസൂത്രിതമായ ചൂഷണത്തിന്റെയും നയപരമായ വഞ്ചനയുടേയും പരിണാമങ്ങളാണ്. മാര്‍ച്ച് കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നതായി കലാകാരികള്‍ തിരിച്ചറിയുന്നത്. ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായ സ്വയം പഠന സഹായികള്‍ സെമിനാര്‍ നടന്ന് ഒന്നാം വര്‍ഷത്തിലെത്തുമ്പോഴും എസ്ആര്‍സിയുടെ അലമാരയില്‍ സുഖനിദ്രയിലാണ്.
രണ്ട് സെമിനാറുകളില്‍ കലാകാരന്മാര് അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളുടെയും ഡോക്യുമെന്ററിയുടെയും ഫോട്ടോകളെടുത്ത് റിപ്പോര്‍ട്ടാക്കി സമയബന്ധിതമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറിയതോടെ എസ്ആര്‍സിയുടെ ഈ വര്‍ഷത്തെ ഫണ്ടും തടസ്സം കൂടാതെ തരപ്പെട്ടു. അതോടെ ജീവനക്കാര്‍ മാസാമാസം ശമ്പളവും ആനുകൂല്യങ്ങളും പറ്റി അടിച്ചുപൊളിച്ചു ജീവിക്കുമ്പോഴും അതും നോക്കി പരമ്പരാഗത കലാകാരികള്‍ അമ്പരന്നു നില്ക്കുന്നു.
പതിറ്റാണ്ടുകാലം കലാ രംഗത്ത് കഠിനാധ്വാനം ചെയ്ത് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളാണ് കൈമാറിയതെന്നും പുരസ്കാര രചനയ്ക്കുവേണ്ടിയുള്ള അദ്ധ്വാനവും സര്‍ഗാത്മകതയും സാമ്പത്തിക നഷ്ടവും ഈ കലാവൈരികള് അറിയുന്നില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ മുതിര്‍ന്ന കലാകാരികളെ എത്ര ആസൂത്രിതമായാണ് അവരുടെ നിലനില്‍പ്പിന്റെ ഉപകരണങ്ങളാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: