ന്യൂദല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം കലര്‍ന്ന പാലിന്റെ വില്‍പ്പന നടത്തുന്നവര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇതിനായി വേണ്ട ഭേഗദതി വരുത്തണമെന്നും സുപ്രീംകോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും വിതരണം ചെയ്യുന്ന പാലില്‍ വന്‍തോതില്‍ മായം കലര്‍ത്തുന്നതു തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്, ജസ്റ്റിസ് എ.കെ സിക്രി എന്നിവരുടെ ബെഞ്ച് ശിക്ഷ കടുത്തതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
മായം കലര്‍ത്തിയ പാലിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും മനുഷ്യനു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് പാല് നിര്‍മ്മിക്കുന്നതായും ഇതു ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും കോടതി പറഞ്ഞു.
നിലവില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ആറു മാസം തടവു ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. സംസ്ഥാനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തി ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി പാലിലെ മായം ചേര്‍ക്കല്‍ മാറ്റണമെന്നും കോടതി പറഞ്ഞു. 2011ല്‍ കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി ശേഖരിച്ച പാലിന്റെ സാമ്പിളില്‍ വന്‍തോതില്‍ മായം ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മായം ചേര്‍ക്കലിനെതിരായ പൊതു താല്‍പ്പര്യഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
100 ഗ്രാം പശുവിന് പാലില്‍ 87.8 ഗ്രാം വെള്ളത്തോടൊപ്പം 3.2 ഗ്രാം പ്രോട്ടീന്‍, 3.9 ഗ്രാം കൊഴുപ്പ്, 3.6 ഗ്രാം വിവിധയിനം ഫാറ്റി ആസിഡ്, 4.8ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്, 14 മില്ലിഗ്രാം കൊഴുപ്പ്,120 മില്ലിഗ്രാം കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാലില്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതുപോലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ കാസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാര്‍ബണേറ്റ്, ഫോര്‍മാലിന്‍, അമോണിയം സള്‍ഫേറ്റ് എന്നിവയടങ്ങിയ പാലാണ് പലപ്പോഴും നമുക്ക് ലഭിക്കുന്നത്. മറ്റു കൃത്രിമ രാസവസ്തുക്കളും യഥേഷ്ടം പാല്‍പ്പൊടി നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നു. കേരളത്തില്‍ മില്‍മ വില്‍ക്കുന്ന പാലിലെ മായം ചേര്‍ക്കല്‍ പലതവണ പരാതിയുയര്ത്തിയതാണ്.
പാല്‍പ്പൊടി ഉപയോഗിച്ചാണ് വില്‍പ്പനക്കായി വലിയൊരു അളവ് പാല് മില്‍മ തയ്യാറാക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. കൃത്രിമ പാലിലെ യൂറിയയുടെ അളവ് വൃക്കകളെ ബാധിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നതും ഹൃദ്രോഗത്തിനു കാരണമാകുന്നതും പലപ്പോഴും മായം കലര്‍ന്ന പാലിന്റെ ഉപയോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍മാലിന്റെ സാന്നിധ്യം കരളിനേയും കാസ്റ്റിക് സോഡ കുടലുകളേയും ബാധിക്കുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: