തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജയിലില്‍ ചട്ടവിരുദ്ധമായി ജീവനക്കാര്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് അയച്ചുകൊടുത്തിരുന്നതായി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂണ്‍ 12ന് അയച്ചുകൊടുത്ത റിപ്പോര്‍ട്ട് ജയിലധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന സൂചനകളാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയത്. ഇക്കാര്യത്തില്‍ വിശദമായ ഒരന്വേഷണം നടത്തി, ജയില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മന്ത്രി വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു എന്നും ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏല്ലാ കുറ്റവും ജയില്‍ ഡിജിപിയില്‍ ചാര്‍ത്തിക്കൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
തടവുകാരെ സഹായിച്ച ജയില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വിവരം സര്‍ക്കാരിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ് ലഭിച്ച് ആറ് മാസം പിന്നിട്ടപ്പോഴും ജയില്‍ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. ജയിലില്‍ മൊബെയില്‍ ഫോണിന്റേയും മദ്യത്തിന്റേയും ഉപയോഗം തുടരുകയും ചെയ്തു. നവംബര്‍മാസത്തില്‍ ടിപികേസ് പ്രതികളെ സഹായിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞുകൊണ്ട് ഇന്റലിജന്‍സ് രണ്ടാമതും റിപ്പോര്‍ട്ട് നല്കി. എന്നിട്ടും നടപടിയുണ്ടായില്ല.
എന്നാല്‍, പ്രതികളുടെ ജയില്‍ ചട്ടലംഘനത്തില്‍ സംഭവിച്ചതിനെല്ലാം ഉത്തരവാദി താനാണെന്ന് ജയില്‍ ഡിജിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിലെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും ഉത്തരവാദി താനാണെന്നും കീഴുദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ടിപി വധക്കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാകാം ഫേസ്ബുക്ക് വിവാദമെന്നും അലക്സാണ്ടര്‍ ജേക്കബ്ബ് അഭിപ്രായപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന് എല്ലാ വശങ്ങളും ചിന്തിക്കണം. ജയിലിലെ സുരക്ഷ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപിയുടെ കത്ത് തനിക്ക് ലഭിച്ചിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജയിലില്‍ പ്രതികള്‍ക്ക് രാജകീയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ജയില്‍ നരകമാക്കാനാകില്ല. ജയില്‍ തടവുകാരുടെ ശുദ്ധീകരണ സ്ഥലമാണ്. പരാതിയെത്തുടര്‍ന്ന് മൂന്ന് തവണ ജയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നായി 68 മൊബെയില്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിഹാര്‍ ജയിലില്‍ നിന്ന് വരെ മൊബെയില്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മൊബെയില്‍ കയറാത്ത ഒരു ജയില്‍ പോലും ലോകത്തില്ല. കൂടുതല്‍ പ്രതികളെ കുറച്ചു ജീവനക്കാര്‍ നിയന്ത്രിക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. ജയിലില്‍ 448 ഒഴിവുകള്‍ നികത്തേണ്ടതായുണ്ട്. ജയിലില്‍ ചപ്പാത്തി നിര്‍മ്മാണമടക്കമുള്ള ക്രിയാത്മകമായ ജോലികളില്‍ തടവുകാര്‍ ഏര്‍പ്പെടുമ്പോള്‍ അവരില്‍ അക്രമ വാസന കുറയുന്നുണ്ട്. ഇതില്‍ നിന്ന് മാന്യമായ വരുമാനം അവര്‍ക്ക് ലഭിക്കുന്നുണ്ട്.
മൊബെയില്‍ ജാമറുകള്‍ ജയിലില്‍ ഫലപ്രദമല്ല. മൊബെയില്‍ ഫോണുകള്‍ക്കായി പരിശോധന ആരംഭിച്ചിരുന്നെങ്കിലും എതിര്‍പ്പുമൂലം പിന്‍വലിക്കേണ്ടിവന്നു. ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പലതും മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു മാറ്റിച്ചു. ടിപി വധക്കേസിലെ പ്രതി പി.മോഹനനെ ഭാര്യയും എംഎല്‍യുമായ ലതിക കണ്ടതില്‍ ചട്ടലംഘനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് ഭര്‍ത്താവിനെ കാണാം. ഒരു എംഎല്‍എക്ക് ഏതു തടവുകാരനെയും കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: