പാക്കിസ്ഥാന് വീണ്ടും കാശ്മീര്പ്രശ്നമുയര്ത്തി ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുകയാണ്. കാശ്മീര്‍ വിഷയം നാലാമതൊരു യുദ്ധത്തിന് കാരണമായേക്കുമെന്നും പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ ഇരു ആണവരാജ്യങ്ങളും തമ്മില്‍ ഏത് സമയവും യുദ്ധം തുടങ്ങിയേക്കുമെന്നുമുള്ള അലക്ഷ്യമായ പ്രസ്താവനയാണ് പാക്കിസ്ഥാന് ദിനപത്രമായ ‘ഡോണ്‍’ റിപ്പോര്‍ട്ട്ചെയ്തത്. കാശ്മീര്‍ നയത്തില്‍ നിലപാട് മാറ്റില്ലെന്ന് അമേരിക്കയും പ്രസ്താവിച്ചുകഴിഞ്ഞു.
അടുത്തയിടെ അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്. ഏതാനും ഇന്ത്യന്‍ സൈനികര്‍ ഇതില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കെയാണ് കാശ്മീര്‍ വീണ്ടെടുക്കുന്നത് തന്റെ സ്വപ്നമാണെന്ന് നവാസ് ഷെരീഫ് ദിവാസ്വപ്നം കാണുന്നത്. ഇന്ത്യാ-പാക് യുദ്ധത്തിന് ഏത് സമയം തിരികൊളുത്താന്‍ സാധ്യതയുള്ളതാണ് കാശ്മീര്‍ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കലുഷിതമായ ഇന്ത്യാ-പാക് ബന്ധത്തെ കൂടുതല്‍ വഷളാക്കാനാണ് പാക് പ്രധാനമന്ത്രിയുടെ ശ്രമം. അതോടൊപ്പം സിയാച്ചിന്‍ മലകളില്‍നിന്നും ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ സൈനിക സാന്നിധ്യം പാക്കിസ്ഥാന്റെ പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നും പാക്കിസ്ഥാന് കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ ജീവിതകാലത്ത് പാക്കിസ്ഥാന് യുദ്ധം ജയിക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രതികരണം. ജനങ്ങളുടെ അഭിലാഷമനുസരിച്ചാകണം കാശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്ന വാദം ഉയര്‍ത്തുന്ന ഷെരീഫ് പാക്കിസ്ഥാനെ ഭയന്ന് കാശ്മീരില്‍നിന്നും പലായനം ചെയ്ത കാശ്മീര്‍ പണ്ഡിറ്റുകളെ മറക്കുന്നു.
ഇപ്പോള്‍ ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരിക്കുകയാണ്. കാശ്മീര്‍ പാക്കിസ്ഥാനവകാശപ്പെട്ടതാണെന്ന പേരില്‍ നവാസ് ഷെരീഫ് യുദ്ധഭീഷണി മുഴക്കുന്നത് 370-ാം വകുപ്പ് അനുസരിച്ച് പ്രത്യേക പദവി ലഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ അധികാരം കാശ്മീര്‍ നിയമസഭക്കാണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നതുകൊണ്ടാണ്.
രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകത്തിന് തന്നെ അപകടകരമാണ്. പാക്കിസ്ഥാന്റെ പ്രകോപനപരമായ നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിന് വഴിതെളിക്കുന്നത്. ഒന്നാം ഇന്തോ-പാക് യുദ്ധത്തിന് കാരണം കാശ്മീര്‍ ആയിരുന്നല്ലോ. അതില്‍ തോറ്റ പാക്കിസ്ഥാന് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ. രണ്ടാം ഇന്തോ-പാക് യുദ്ധം കാശ്മീരിലെ ആദിവാസി മേഖലകളിലേക്ക് നടത്തിയ കയ്യേറ്റ ശ്രമമാണ്. യുഎന്‍ പ്രമേയം, താഷ്ക്കന്റ് കരാര്‍ മുതലായ അന്താരാഷ്ട്ര ഉടമ്പടികളും പാക്കിസ്ഥാന് നിലപാടിനെ നിഷേധിക്കുന്നുണ്ട്.
കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ചര്‍ച്ച വേണമെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ അനുകൂലിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും കാശ്മീരിയുമായ സുനന്ദ പുഷ്ക്കറും മോദിയെ പിന്തുണച്ച് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത് നരേന്ദ്ര മോദിയുടെ ആവശ്യം കാശ്മീരി ജനതയുടെ ആവശ്യമാണ് എന്ന് പറഞ്ഞാണ്. നിലവിലെ സാഹചര്യത്തില്‍ കാശ്മീരിന് പ്രത്യേക പദവി നല്കുമ്പോള് കാശ്മീരില്‍ കടുത്ത വിവേചനം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്- നേരിടേണ്ടിവരുന്നു എന്നും കാശ്മീരിന് പുറത്തുള്ള ആളെ വിവാഹം കഴിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നും സുനന്ദ പറയുന്നു.
കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 370-ാം വകുപ്പ് കാശ്മീരിന്റെ വികസനത്തിന് പ്രതിബന്ധമല്ല എന്ന് അംഗീകരിക്കുന്നു. പക്ഷെ കാശ്മീരില്‍നിന്നും പുറത്തായ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പുനരധിവാസം ഇപ്പോഴും അന്യമാണ്. രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെറ്റ്ലിയും 370-ാം വകുപ്പിനെതിരെ പറഞ്ഞത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ 370-ാം വകുപ്പ് തകര്‍ക്കുന്നുവെന്നാണ്.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ കാശ്മീര്‍ പ്രശ്നം പുകയുന്ന തീക്കനലായി, സ്ഥിരമായ പ്രകോപനമായി തുടരുമ്പോഴും യുപിഎ സര്‍ക്കാര്‍ അത് പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നില്ല എന്നത് വിചിത്രമാണ്. 1999 ല്‍ പാക്കിസ്ഥാന് കാശ്മീരില്‍ നുഴഞ്ഞുകയറിയപ്പോള്‍ ഉണ്ടായ ഏറ്റുമുട്ടലിലും പാക്കിസ്ഥാന് ദയനീയമായി പരാജയപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത ഇന്തോ-പാക് യുദ്ധസാധ്യത യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ല. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ഒരിക്കലും പരാജയപ്പെടുത്താന്‍ സാധ്യതയില്ലെന്നിരിക്കെ പ്രകോപനപരമായ പ്രസ്താവനകള്‍ പാക്കിസ്ഥാന് ഒഴിവാക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: