അങ്കമാലി: മഞ്ഞപ്ര – ചുള്ളി റോഡിലെ താറുമാറായി കിടക്കുന്ന ആറ് കിലോമീറ്റര്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ് മുതല്‍ ബസ് സമരം നടത്തുമെന്ന് മഞ്ഞപ്ര, ചുള്ളി റോഡില്‍ ബസ് സര്‍വ്വീസ് നടത്തുന്ന ബസ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. മഞ്ഞപ്ര, നടുമുറി, മില്ലുപടി, മേരിഗിരി പാലം, മുരിങ്ങേടത്ത് പാറ, നെടുങ്കോട്, എറവ് പള്ളിപാടന്‍ കവല, ചുള്ളി, പള്ളി പടി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുവാന്‍ പറ്റാത്ത അവസ്ഥയില്‍ ആഗാത ഗര്ത്തങ്ങളായിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാല്‍നട യാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികളും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരും യാത്ര ചെയ്യുന്നു. യാത്രക്കാരെ കുത്തിനിറച്ച് ബസുകള്‍ പോകുന്നത് വളരെ ഭീതിയോടെയാണ്. ഇത് ചൂണ്ടികാട്ടി കഴിഞ്ഞ ഒക്ടോബര്‍ മാസം ബസ് തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് റോഡ് നന്നാക്കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും ഈ റോഡ് നന്നാക്കുവാന്‍ ഇത്വരെ ആരും തയ്യാറായിട്ടില്ല. ഇതില്‍ പ്രതിക്ഷേധിച്ചാണ് ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുവാന്‍ വീണ്ടും തീരുമാനിച്ചത്. യാത്ര യോഗ്യമല്ലാത്ത മഞ്ഞപ്ര-ചുള്ളിറോഡ് നന്നാക്കുവാന്‍ തുക അനുവദിച്ചുവെന്ന് ജനപ്രതിനിധികള്‍ പലപ്രാവശ്യം പ്രഖ്യാപനം നടത്തിയിട്ടും പണിനടത്താത്തത് ഈ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന് കിട്ടാത്തതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: