കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെ കേസില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കീഴ്ക്കോടതി ക്രിമിനല്‍ നടപടി ചട്ടം ലംഘിച്ചുവെന്നും ഹൈക്കോടതി വിലയിരുത്തി.
കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ സുപ്രധാന നിയമപ്രശ്നം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച് ഹര്‍ജി ഡിവിഷന് ബെഞ്ചിന് വിട്ടു. മൂന്ന് ആവശ്യങ്ങളാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണം, പി ജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം, കുര്യനെ കുറ്റവിമുക്തനാക്കിയ ഉദയഭാനു ബെഞ്ചിന്റെ വിധി റദ്ദാക്കണം എന്നിവയാണ് പെണ്‍കുട്ടിയുടെ പ്രധാന ആവശ്യങ്ങള്‍.
കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ കേസില്‍ പി ജെ കുര്യന്റെ പങ്ക് വ്യക്തമാക്കുന്നുവെന്നും അതിനാല്‍ വീണ്ടും സമഗ്രമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. ധര്മരാജന് പി ജെ കുര്യന്റെ പങ്ക് ദൃശ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിടിക്കപ്പെട്ട ശേഷം ധര്മരാജന് മൊഴി മാറ്റുകയായിരുന്നു.
തുടര്‍ന്ന് പി ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം തൊടുപുഴ സെഷന്‍സ് കോടതി തള്ളി. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: