പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ മന്ത്രോഗം സ്ഥിരീകരിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെയായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗം സ്ഥിരീകരിച്ച വീട്ടിലോ അയല്‍ വീടുകളിലോ സന്ദര്‍ശനം നടത്താത്തത് ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. 17-ാം വാര്‍ഡില്‍ കണ്ടത്തില്‍ എല്‍ബിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനിക്കാണ് മന്ത്രോഗം കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ്മുതല്‍ ഇവരില്‍ രോഗലക്ഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരികരിച്ചത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം വീടുകളില്‍ കയറിയിറങ്ങി രക്തസാമ്പിള്‍ ശേഖരണം നടത്തുകയും ചെയ്തു. 1300ല്‍ അധികം ആളുകള്‍ ഉള്ള 17-ാം വാര്‍ഡില്‍ ആകെ 600 പേരുടെ രക്തസാമ്പിള്‍ മാത്രമാണ് പരിശോധിച്ചത്.
രോഗി താമസിക്കുന്ന വീട്ടിലോ, സമീപത്തുള്ള വീടുകളിലോ ആരോഗ്യ വകുപ്പോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞ് നോക്കുന്നില്ല. രോഗിയെ പുനരധിവസിപ്പിക്കുന്നതിനോ, ഭയപ്പാടിലുള്ള നാട്ടുകാരെ ആശ്വസിപ്പിക്കുന്നതിനോ, പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനോ പഞ്ചായത്തംഗമടക്കുമുള്ളവര് മുതിരുന്നില്ലെന്നും ഇവിടത്തുകാര്‍ പറയുന്നു. പഞ്ചായത്ത് ആരോഗ്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്താത്തതും പകര്‍ച്ചവ്യാധിയിലുള്ള ഇവരുടെ ഭയവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. എന്നാല്‍ രോഗബാധ കണ്ടെത്തിയ വീട് ഏതെന്ന് അറിയാന്‍ കഴിയാത്തതാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കാതെ പോയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ആരോഗ്യ വകുപ്പ് സന്ദര്‍ശനം നടത്തിയത് ആരോടും അറിയിക്കാതെയാണെന്ന് പഞ്ചായത്തംഗവും പറയുന്നു. പരസ്പരം പഴിചാരല്‍ തുടരുമ്പോഴും ഒരു നാട് മുഴുവന്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: