തിരുവനന്തപുരം : ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്ന കുളമ്പുരോഗത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടു വരുന്നതിനു പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പശു, ആട്, പന്നി മുതലായ മൃഗങ്ങളെയും ഇവയുടെ ഇറച്ചിയും ചെക്ക് പോസ്റ്റുകളില്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി കെ.പി. മോഹനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് 1363 കന്നുകാലികള്‍ക്ക് കുളമ്പ് രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗവും മരണവും കൊല്ലം, പാലക്കാട് ജില്ലകളിലാണ്. പ്രതിരോധ കുത്തിവയ്പ്പ് ഉപയോഗിച്ചിട്ടും രോഗം പടരുന്നതിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താന്‍ പരിശ്രമിക്കുകയാണ്. കുളമ്പുരോഗബാധമൂലം മൂന്നുമാസത്തിനിടയില്‍ സംസ്ഥാനത്തെ ക്ഷീരമേഖലയില്‍ ഇതുവരെ 63,53,200 ലിറ്റര്‍ പാലിന്റെ കുറവും തന്മൂലം 1780.90 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. രോഗബാധ നേരിടുന്നതിനായി കേരളത്തെ 4 സോണുകളായി തിരിച്ച് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 4 മൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്ക് ചുമതല നല്കി.
മരണപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് കുന്നുകാലി ഒന്നിന് 20,000 രൂപ വീതം സഹായം നല്കുവാനും ചികിത്സയിലിരിക്കുന്ന കുന്നുകാലി ഒന്നിന് 4 ചാക്ക് തീറ്റ വീതം സൗജന്യമായി നല്കുവാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര പ്രാധാന്യമുള്ള മരുന്നുകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുവാന്‍ ആവശ്യമുള്ളപക്ഷം ലോക്കല്‍ പര്‍ച്ചേസ് നടത്തുവാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: