ന്യൂദല്‍ഹി: ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പിനെതിരായ നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനു പിന്തുണയുമായി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും കാശ്മീര്‍ സ്വദേശിനിയുമായ സുനന്ദ പുഷ്കര്‍ രംഗത്തെത്തി. 370-ാം വകുപ്പ് തുടരുന്നത് തികച്ചും അനാവശ്യമാണെന്ന് സുനന്ദ ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തി. ജമ്മുകാശ്മീരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള കാശ്മീരികള്‍ നരേന്ദ്രമോദിക്ക് അനുകൂലമായി രംഗത്തെത്തുക കൂടി ചെയ്തതോടെ എല്ലാക്കാലത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച 370-ാം വകുപ്പ് വീണ്ടും ചര്‍ച്ചാ വിഷയമായി മാറി.
കോണ്‍ഗ്രസും യുപിഎ ഘടക കക്ഷികളും നരേന്ദ്രമോദിയുടെ കാശ്മീര്‍ പരാമര്‍ശത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയപ്പോഴാണ് സുനന്ദയുടെ പിന്തുണ. നരേന്ദ്രമോദിയുടെ ആവശ്യം കാശ്മീരിലെ ജനതയുടെ അഭിപ്രായമാണെന്നതു വ്യക്തമാക്കുന്നതാണ് സുനന്ദ പുഷ്കറിന്റെ തുറന്നു പറച്ചില്. നിലവിലെ സാഹചര്യത്തില്‍ കാശ്മീരിനു പ്രത്യേക പദവി നല്കുന്ന നിയമം തുടരുന്നത് അനുചിതമാണെന്ന് സുനന്ദ പറഞ്ഞു. 370-ാം വകുപ്പ് തുടരുന്നതു മൂലം നിരവധി തരത്തിലുള്ള വിവേചനങ്ങളാണ് കാശ്മീരില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത്. കാശ്മീരി സ്ത്രീകള്‍ കാശ്മീരിനു പുറത്തുള്ള ആളുകളെ വിവാഹം കഴിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതേ സമയംതന്നെ മറ്റു പ്രദേശങ്ങളില്‍ നിന്നും കാശ്മീരിലേക്ക് വിവാഹം കഴിച്ചു കൊണ്ടു വരുന്ന പെണ്‍കുട്ടികള്‍ക്ക് കാശ്മീരിന്റെ എല്ലാ അവകാശങ്ങളും ലഭിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നതിനു തടസ്സമില്ലെന്നും സുനന്ദ പറയുന്നു.
370-ാം വകുപ്പ് കാശ്മീരിന്റെ വികസനത്തിനു തടസ്സമല്ലെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ കാശ്മീരില്‍ നിന്നും പുറത്താക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസക്കാര്യത്തിലും പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും സുനന്ദ പുഷ്കര്‍ പറഞ്ഞു.
അതിനിടെ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ 370-ാം വകുപ്പിനെതിരായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ തുടരുകയാണ്. 370-ാം വകുപ്പ് രാജ്യത്തിന്റെ മതേതരത്വത്തിനു യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്നും ഇതു തുടരുന്നതു വഴി ഇന്ത്യന്‍ പൗരന്മാര്ക്ക് അടിച്ചമര്‍ത്തലും വേര്‍തിരിവും മാത്രമാണ് നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 370-ാം വകുപ്പ് അനുസരിച്ച് ജമ്മുകാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി താല്‍ക്കാലികം മാത്രമാണ്. കേന്ദ്രത്തേക്കാള്‍ അധികാരം സംസ്ഥാന നിയമസഭയ്ക്ക് നല്കിയിരിക്കുന്നു എന്നതു മാത്രമാണ് ഏക പ്രത്യേകത. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന 370-ാം വകുപ്പ് പലപ്പോഴും ഭരണഘടനാ വിരുദ്ധമായാണ് നിലകൊള്ളുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: