ദല്‍ഹിയില്‍ ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. പൊതുവെ രാഷ്ട്രീയത്തില്‍ താത്പര്യം കാണിക്കാത്ത സര്‍ക്കാര്‍ ബാബുമാര്‍ പോലും ഇക്കുറി തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാനെത്തി. തെരഞ്ഞെടുപ്പില്‍ മുന്‍പില്ലാത്ത വിധം ശക്തമായ ത്രികോണ മത്സരം നടന്നതും ദല്‍ഹി തെരഞ്ഞടുപ്പിന് മാധ്യമങ്ങളിലും മറ്റും കിട്ടിയ വന്‍ പ്രാധാന്യവും ആകാം വോട്ടര്‍മാരെ കൂടുതലായി പോളിംഗ് ബൂത്തിലേക്കാകര്ഷിച്ചത്.
തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാന്‍ ഓരോ പാര്‍ട്ടികളും നടത്തിയ ശ്രമങ്ങളും പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരിക്കാം. പ്രധാനമായ കാര്യം ജനാധിപത്യ പ്രക്രിയയിലും രാഷ്ട്രീയത്തിലും ഇന്ത്യന്‍ ഉപരി- മധ്യ വര്‍ഗത്തിന് താത്പര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന സൂചനയാണ്. പിന്നെ എന്തുകൊണ്ടാണ് ചില തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറയുന്നത്.
തീര്‍ച്ചയായും ചില തെരഞ്ഞടുപ്പുകളില്‍ നിന്ന് വിട്ടു നില്ക്കാന് ഒരു വിഭാഗം വോട്ടര്‍മാര്‍ തീരുമാനിക്കുന്നത് നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയില്‍ പോരായ്മകളുള്ളതു കൊണ്ടോ വിശ്വാസമില്ലാത്തതുകൊണ്ടോ ആകാം. ഇതിന് പ്രാഥമികമായി ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. രാഷ്ട്രീയ പ്രക്രിയയില്‍ ,ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളെ സജീവമായി അണി നിരത്താന്‍ മുന്‍കയ്യെടുക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്.
2008 ലെ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് 2013 ല്‍ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനെ ആകര്ഷണീയമാക്കുന്നതെന്താണ്. ഒന്നാമത്തെതും ഏറ്റവും പ്രധാനമായതുമായ കാര്യം ഈ തെരഞ്ഞടുപ്പ് വലിയൊരു മാറ്റത്തിന് കളമൊരുക്കുമെന്ന ഇലക്ടറേറ്റിന്റെ പ്രതീക്ഷയാണ്. മുന്‍ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇക്കുറി മാറ്റം സുനിശ്ചിതമാണെന്ന് വോട്ടര്‍മാര്‍ കരുതുന്നു. ഇതിലുളള ആവേശമാകാം വോട്ടര്‍മാരെ കൂടുതലായി പോളിംഗ് ബൂത്തിലെത്തിച്ചിട്ടുണ്ടാവുക.
ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ ഭരണപരാജയത്തെ തുറന്നുകാണിച്ച് നടത്തിയ ശക്തമായ പ്രചരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാകാം. ഇക്കുറി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്ന ശുഭാപ്തി വിശ്വാസം കോണ്‍ഗ്രസ് വിരുദ്ധ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ അധികമായി എത്തിച്ചിട്ടുണ്ടാകാം.് ഇങ്ങനെ വിവിധ ഘടകങ്ങള്‍ ഒരുമിച്ചപ്പോഴാണ് ദല്‍ഹിയില്‍ പോളിംഗ് ശതമാനം വര്‍ദ്ധിച്ചത്.
ജനാധിപത്യത്തിന്റെ ഭാവിയില്‍ താത്പര്യമുള്ളവരെല്ലാം ആശങ്കപ്പെടുന്ന കാര്യമാണ് തെരഞ്ഞടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറയുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളേക്കാള്‍ പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും ആണ് തെരഞ്ഞടുപ്പിനോടുള്ള ഈ നിസംഗത കൂടുതല്‍ പ്രകടമാവുന്നത്. വെറുപ്പോടു കൂടിയ നിസ്സംഗത (മുുമവ്യേ) എന്ന അവസ്ഥയാണിത്. പ്രധാനമായും ഇത് സംഭവിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകളില്‍, പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ജനങ്ങള്‍ അസംതൃപ്തരാവുമ്പോഴാണ്. തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ തയ്യാറാവാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കും.
ദല്‍ഹി തെരഞ്ഞടുപ്പില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇത് ഇക്കുറി നേരത്തെ തിരിച്ചറിഞ്ഞു.
അഴിമതി വിരുദ്ധ പ്രതിഛായയും മികച്ച ട്രാക്ക് റെക്കോഡും ഉള്ള ഡോ ഹര്ഷവര്ദ്ധന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ബിജെപി ജനങ്ങളുടെ താത്പര്യത്തിനൊത്തുയര്ന്നു എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ഡോ ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന്റെ പേരില്‍ ബിജെപിയില്‍ പൊട്ടിത്തെറികളുണ്ടാകുമെന്ന് പ്രവചിച്ചവര്‍ക്കു തെറ്റി. ജനാധിപത്യ സ്വഭാവമുള്ള ഒരു പാര്‍ട്ടിയില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ഭിന്നാഭിപ്രായങ്ങള്‍ മാത്രമായിരുന്നു അതെന്ന് വളരെ വേഗം വ്യക്തമാവുകയും ചെയ്തു. ആത്യന്തികമായി ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ബിജെപി സംസ്ഥാന നേതൃത്വം പൂര്‍ണ്ണമായും മനസിലാക്കി. ആം ആദ്മി പാര്‍ട്ടിയും ഏറെക്കുറെ ഇതേ രീതിയിലാണ് ചിന്തിച്ചത്. ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതി കൊണ്ട് പൊറുതി മുട്ടിക്കഴിഞ്ഞുവെന്ന് അവര്‍ കൃത്യമായി തിരിച്ചറിഞ്ഞു. ഷീലാ ദീക്ഷിതിന്റെ അഴിമതി ഭരണത്തെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രചരണങ്ങളത്രയും. പ്രത്യയശാസ്ത്രപരമായ അടിത്തറയോ തികഞ്ഞ സംഘടനാ സംവിധാനമോ ഇല്ലാതെ പോലും അവര്‍ ദല്‍ഹി തെരഞ്ഞടുപ്പില്‍ ശ്രദ്ധ നേടി.
ഇക്കാര്യം തിരിച്ചറിയാതെ പോകുന്നത് കോണ്‍ഗ്രസ് നേതൃത്വം മാത്രമാണ്. അവരുടെ പഴയ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായി വോട്ടര്‍മാര്‍ തങ്ങള്‍ക്കനുകൂലമായി സമ്മതിദാനം വിനിയോഗിക്കുമെന്ന് ആ പാര്‍ട്ടി നേതൃത്വം ഇപ്പോഴും വിശ്വസിക്കുന്നു. മതേതരത്വം, ഭരണ സ്ഥിരത, നെഹ്റുവിയന്‍ നൊസ്റ്റാള്‍ജിയ, ഇന്ദിരയും രാജീവും കണ്ട സ്വപ്നങ്ങള്‍ അങ്ങനെ കോണ്‍ഗ്രസിന്റെ പ്രചരണായുധങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇപ്പറയുന്നവയിലൊന്നും ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പോലും വിശ്വാസമില്ലാതായിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു. ജനങ്ങളെ ആകര്‍ഷിക്കാനും അവരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാനും കോണ്‍ഗ്രസിന് പ്രവര്‍ത്തന പരിപാടിയോ നയങ്ങളോ നേതൃത്വമോ ഇല്ലെന്ന് ഇക്കുറി നടന്ന നിയമസഭ തെരഞ്ഞടുപ്പുകള്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ താര പ്രചാരകരായ രാഹുല്‍ ഗാന്ധിയും സോണിയയും മുതല്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് വരെ പങ്കെടുത്ത തെരഞ്ഞടുപ്പ് പ്രചരണ യോഗങ്ങള്‍ ഇതിനു തെളിവായിരുന്നു. ദല്‍ഹിയിലുള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞടുപ്പുകളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനൊന്നുമില്ല എന്നതാണ് വാസ്തവം.
മുദ്രാവാക്യങ്ങള്‍ക്കുമപ്പുറം ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നിലവാരം, ജനകീയ പ്രശ്നങ്ങളില്‍ അവരുടെ നിലപാട്, സത്യസന്ധത, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയിരിക്കുന്നു. ആത്മാര്‍ത്ഥതയും സത്യസന്ധതയും സുതാര്യമായ പ്രവര്‍ത്തന ശൈലിയും ജനകീയമായ നിലപാടുമുള്ളവര്ക്കൊപ്പമായിരിക്കും ജനങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി മുഖ്യമന്ത്രിമാര്‍ ജനപ്രിയരായി തുടരുമ്പോള്‍ ദല്‍ഹിയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ ചങ്കിടിപ്പേറുന്നതിന്റെ കാരണമിതാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: