തിരുവനന്തപുരം: പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങള്‍ എത്തുന്ന മേളയ്ക്ക് ഇത്തവണ വന്‍ പ്രേക്ഷക സാന്നിധ്യമാണ് അനുഭവപ്പെടുക. 9000 ഓളം പ്രതിനിധികളും 1200 മാധ്യമപ്രവര്‍ത്തകരും മേളയ്ക്കെത്തും. പ്രതിനിധികളില്‍ 2000ത്തോളം വനിതകളും വിദ്യാര്‍ഥികളുമാണ്. നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം ശബാനആസ്മി മുഖ്യാതിഥിയായിരിക്കും. നടി മഞ്ജു വാര്യരുടെ സാന്നിധ്യവുമുണ്ടാകും. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, കെ. മുരളീധരന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഇസ്രയേലി സംവിധായകന് അമോസ് ഗിതായിയുടെ അന അറേബ്യയാണ് ഉദ്ഘാടനചിത്രം.
മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. നിശാഗന്ധി, കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, എന്നിങ്ങനെ 11 വേദികളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത്തവണ മേളയ്ക്കെത്തുന്ന ഡെലിഗേറ്റുകളുടെ എണ്ണം കണക്കിലെടുത്ത് അജന്താ തിയേറ്ററില്‍ കൂടി പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന് പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി പ്രസിദ്ധ സ്പാനിഷ് സംവിധായകന് കാര്‍ലോ സോറക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ സൗത്ത് കൊറിയന്‍ സംവിധായകന് കിംകി ഡുക്കിനെപ്പോലെയുള്ള വിഖ്യാത ചലച്ചിത്രകാരന്മാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയെ കൂടുതല്‍ ആകര്‍ഷണീയമാക്കും. കാര്‍ലോ സോറയുടെ മൂന്ന് ചിത്രങ്ങളും കിംകി ഡുക്കിന്റെ പുതിയ ചിത്രമായ മോബിയസും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ കിംകി ഡുക്ക് മൂന്ന് ദിവസം തലസ്ഥാനത്തുണ്ടാകും. വിദേശത്ത് നിന്ന് 70 പ്രതിനിധികള്‍ ഉള്‍പ്പെടെ 120 ഓളം പേര് മേളയില്‍ അതിഥികളായെത്തും.
മേളയിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 15 ലക്ഷം രൂപയുമാണ് അവാര്‍ഡ്. നാല് ലക്ഷം രൂപയും ഫലകവുമാണ് മികച്ച സംവിധായകനുള്ള രജത ചകോരം നേടുന്ന വ്യക്തിക്ക് ലഭിക്കുക. മികച്ച നവാഗത സംവിധായകന് നാല് ലക്ഷം രൂപ അവാര്‍ഡായി ലഭിക്കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള രജത ചകോരം നേടുന്ന സിനിമയ്ക്ക് രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ്. മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 14 ചിത്രങ്ങള്‍ ഉണ്ട്. 101 ചോദ്യങ്ങള്‍, കളിയച്ഛന് എന്നീ രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ഫോക്കസ് വിഭാഗത്തില്‍ ഗോരാന്‍ പാസ്കലേവിച്ച്, മാര്‍ക്കോ ബെല്ലോച്ചിയോ, തകാഷി മൈക്ക്, ക്ലെയര്‍ ഡെനിസ്, ഴാങ്ങ്റെന്വര്, ഹാരുണ്‍ ഫറോക്കി, ഹരിഹരന് എന്നിവരുടെ 43 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സാംസ്കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ലോകസിനിമ വിഭാഗത്തില്‍ 83 ചിത്രങ്ങള്‍ കാണികള്‍ക്ക് വിസ്മയക്കാഴ്ചകളാകും.മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേംനസീറിനെ ഓര്‍മിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അകാലത്തില്‍ അന്തരിച്ച പ്രതിഭാശാലി ഋതുപര്‍ണഘോഷിനെ സ്മരിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. നമ്മേവിട്ടുപിരിഞ്ഞ സുകുമാരി, ദക്ഷിണാമൂര്‍ത്തി, രാഘവന് മാസ്റ്റര്‍, കൊന്നനാട്ട് എന്നിവരെ സ്മരിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ഷീ ടാക്സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനം ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: