അഡ്ലെയ്ഡ്: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
ഇംഗ്ലണ്ടില്‍ വച്ച് ആഷസ് പരാജയപ്പെട്ടതിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ടെസ്റ്റിന് ഓസീസ് ഇറങ്ങുന്നത്. മുന്‍നിര ബാറ്റ്സ്മാന്മാരില് ഓപ്പണര്‍ റോജേഴ്സും മധ്യനിര താരങ്ങളായ ഷെയ്ന് വാട്സണും സ്മിത്തും ഫോമിലേക്കെത്തിയിട്ടില്ല എന്നതൊഴിച്ചാല്‍ ഓസീസ് ടീം തികച്ചും സന്തുലിതമാണ്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ബ്രാഡ് ഹാഡിനും മിച്ചല്‍ ജോണ്‍സണും 49 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും വാര്ണും മികച്ച ഫോമിലാണെന്നത് കംഗാരുക്കളുടെ ശക്തികൂട്ടുന്നു. അതുപോലെ മിച്ചല്‍ ജോണ്‍സണും റയാന് ഹാരിസും പീറ്റര്‍ സിഡിലും ഉള്‍പ്പെട്ട പേസ് ബൗളിംഗ് പടയും ഉജ്ജ്വല ഫോമിലാണ്. അതേസമയം കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്കിന് പരിക്കേറ്റത് ഓസ്ട്രേലിയയെ വിഷമിപ്പിച്ചു. എന്നാല്‍ ഇന്നലെ ക്ലാര്‍ക്ക് ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഇന്ന് ക്ലാര്‍ക്ക് കളിക്കാനിറങ്ങുമെന്ന് തന്നെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്കുന്ന സൂചന. ആദ്യ ടെസ്റ്റില്‍ കളിച്ച അതേ ടീമിനെതന്നെയാണ് ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനും അണിനിരത്തുന്നത്.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മ കാരണം ഗതികേടിലായിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് മാത്രമാണ് അര്‍ദ്ധസെഞ്ച്വറി തികച്ച ഏക താരം. കാര്‍ബെറി ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സുമെടുത്തിരുന്നു. ട്രോട്ടും കെവിന് പീറ്റേഴ്സണും ഇയാന്‍ ബെല്ലും റൂട്ടും ഉള്‍പ്പെട്ട മധ്യനിര അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ രണ്ടാം ടെസ്റ്റിലും അവര്‍ക്ക് കണ്ണീരുകുടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അതേസമയം ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ആന്‍ഡേഴ്സണും ബ്രോഡും ട്രെംലെറ്റും സ്വാനും ഭേദപ്പെട്ട രീതിയിലാണ് പന്തെറിയുന്നത്. ഇവര്‍ക്കൊപ്പം ബാറ്റ്സ്മാന്മാരും കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ ഇംഗ്ലണ്ടിന് പ്രതീക്ഷക്ക് വകയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: