യജ്ഞപുരം ഗ്രാമത്തില്‍ യജുര്‍വേദികള്‍ വളരെ കുറച്ചേ ഉള്ളൂ. ഉള്ളവരില്‍ യജുര്‍വേദത്തിന്റെ മറുകര കണ്ട ആളാണ് ഇരിപ്പത്ത് ദുര്‍ഗാദത്തന്‍ നമ്പൂതിരി. സംസ്കൃതവിദ്യയിലും മുന്നില്‍ തന്നെ. ഒത്തുചൊല്ലാനും സംസ്കൃതം പഠിക്കാനും ധാരാളം ശിഷ്യന്മാര് എല്ലാ കാലത്തും ഇരിപ്പത്ത് ഉണ്ട്. പത്തായപ്പുരയുടെ മുകള്ഭാഗം പഠിച്ചു താമസിക്കുന്നര്‍ക്ക് ഒഴിച്ചിട്ടിരിക്കയാണ്.
ദുര്‍ഗാദത്തന്‍ എന്ന പേരുവരാന്‍ കാരണമേ ഇരിപ്പത്ത് ഭഗവതിയുടെ ആരാധനയ്ക്ക് അത്ര പ്രാധാന്യമുണ്ട് എന്നതുകൊണ്ടാണ്. ദുര്‍ഗാദത്തന്‍ നമ്പൂതിരിയും ഈ ഉപാസനയുടെ കാര്യത്തില്‍ ഒട്ടും അമാന്തം കാട്ടിയിരുന്നില്ല എന്നതുകൊണ്ട് തപസ്സും പഠിപ്പിക്കലും ആയി ഒരു ഋഷിയുടെ ജീവിതം തന്നെ ആയിരുന്നു നയിച്ചുപോന്നത്. തപസ്വാധ്യായനിരതനായ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്മാരില്‍ ഒരാളാണ് ചൂരക്കോട്ടെ ഉണ്ണി അതായത് ദ്വിവേദി. കേരളത്തില്‍ വന്ന സമയത്തുതന്നെ ദ്വിവേദി സാമവേദത്തില്‍ എണ്ണപ്പെട്ട വ്യക്തിയായിരുന്നു. കേരളത്തില്‍ വന്നശേഷം ഇരിപ്പത്തിന്നടുത്ത് യജുര്‍വേദവും ഹൃദിസ്ഥമാക്കി. അതോടുകൂടിയാണ് ദ്വിവേദി എന്ന വിശേഷണ നാമം കിട്ടിയത്. ദ്വിവേദി അതിരാത്രത്തിന് വേണ്ട മന്ത്രങ്ങള്‍ ചൊല്ലുകയാണ്. അതിരാത്രത്തിന് അഞ്ചുദിവസം കൊണ്ട് ഗരുഡന്റെ ആകൃതിയില്‍ ഇഷ്ടിക പടുത്തുയര്ത്തുയര്ത്തുന്ന പതിവുണ്ട്. അതിനുള്ള മന്ത്രമാണ് ഇപ്പോള്‍ ചൊല്ലുന്നത്.
ഇരിപ്പത്തിന്റെ മകള്‍ ദേവകി നാലിറയത്തിരുന്ന് പൂവ്വു നന്നാക്കുകയാണെങ്കിലും ശ്രദ്ധമുഴുവന്‍ ദ്വിവേദിയുടെ മന്ത്രത്തിലാണ്. മുഖത്തേക്ക് ഊര്‍ന്നിറങ്ങിയ ചുരുണ്ട തലമുടി പുറങ്കൈകൊണ്ട് മാടിക്കയറ്റി പുറത്താളത്തില്‍ നിന്ന് വഴിയുന്ന ദ്വിവേദിയുടെ ശബ്ദത്തോടൊപ്പം ഹൃദയത്തിലെവിടയോ കിനിയുന്ന ലജ്ജയോടെ പതുക്കെ ചൊല്ലി. ‘ഇയമേവസായ്യാ പ്രഥമാവ്യൗച്ഛദന്തരസ്യാം ചരതി പ്രവിഷ്ടാ’ അച്ഛന് എല്ലാ ദിവസവും പുഷ്പാഞ്ജലിക്ക് ഉപയോഗിക്കുന്ന മന്ത്രമായതിനാല്‍ ദേവകിക്ക് കാണാതറിയാം. സംസ്കൃതമറിയാവുന്നതുകൊണ്ട് സാമാന്യാര്‍ഥവും വഴങ്ങും. മനസ്സിലാകാത്തത് അച്ഛന് പറഞ്ഞുതരികയും ചെയ്യും. ‘ഇവള്‍തന്നെയാണ് ആദ്യം വെളിവായവളും ഈ പ്രകൃതിയില്‍ കയറി സഞ്ചരിക്കുന്നവളും.’ സ്വരമാധുര്യവും സൗന്ദര്യവും തികഞ്ഞ ദ്വിവേദിയുടെ പ്രകൃതിയില്‍ ലയിച്ച് സഞ്ചരിക്കുന്നവള്‍ ആരാകും? ദേവകി കീഴ്ച്ചുണ്ട് ഉള്ളിലേക്കെടുത്ത് നാവുകൊണ്ടു നനച്ചു. സാമവേദി എന്തിനാണ് പടവിന്റെ മന്ത്രം പഠിക്കുന്നത്? ഒരു പക്ഷേ വേളികഴിഞ്ഞ് ആധാനവും സോമയാഗവും ചെയ്ത് അതിരാത്രം ചെയ്യാനാകും. യജ്ഞത്തിന് യജമാനന്റെ വേഷം കണ്ടാല്‍ ഒരാട്ടിടയനാണെന്നാണു തോന്നുക. അപ്പോള്‍ യജമാനപത്നി ഇടയസ്ത്രീയാകും. ദേവകി അടുത്ത് ചെമ്പിലെ വെള്ളത്തില്‍ സ്വന്തം പ്രതിച്ഛായയ്ക്ക് ഇടയസ്ത്രീയുടെ സാദൃശ്യമുണ്ടോ എന്നു നോക്കി. അദ്ദേഹം യജമാനനാകുമ്പോള്‍ പത്ന്യായതനത്തില് ഇരിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ ആവോ. അമ്മ പറയാറുണ്ട് ‘കുട്ടീ നിയ്യ് ഭഗോത്യേ നല്ലോണം ഭജിച്ചോ. അനവധി ജാതകായി നോക്കുണു. ഒക്കെ നേരാവണന്ന്ണ്ടെങ്കില് ഭഗോതീടെ അനുഗ്രഹം വേണം’ ദേവകി അമ്മ പറഞ്ഞതുപോലെ ഭഗവതിയെ ഭജിക്കാറുണ്ട്. പക്ഷേ മനംപോലെ ആകണേ മംഗല്യം എന്നാണെന്നു മാത്രം. ഭഗവതി പ്രസാദിക്കാതിരിക്കില്ല. അദ്ദേഹത്തിന്റെ പത്ന്യായതനത്തിരിക്കാന് ഉള്ള യോഗം അനുവദിച്ചുതരാതിരിക്കില്ല. എവിടെനിന്നോ ഒരു കുസൃതിച്ചിന്ത മുളച്ചു. അദ്ദേഹം യജുര്‍വേദം പഠിച്ചത് നന്നായി. അല്ലെങ്കില്‍ യജമാനന് ചൊല്ലേണ്ടുന്ന മന്ത്രങ്ങളെല്ലാം സാമസ്വരത്തില് ചൊല്ലാന്‍ തുടങ്ങിയാല്‍ ആകെ കഷ്ടത്തിലാകും. കൊല്ലങ്ങളോളം പത്ന്യായത്തിരിക്കേണ്ടിവരും. ഹാ… വൂ… ഔഹോവ്വാ… …. …. എന്നു നില്ക്കുകയേ ഉണ്ടാകുള്ളൂ. അതാലോചിച്ചപ്പോള്‍ ചിരി വന്നു. ആലോചനയില്‍ അമ്മ അടുത്തു വന്നിരുന്നത് അറിഞ്ഞില്ല.
‘എന്താ ഇങ്ങനെ തന്നെന്നെ ഇര്ന്ന് ചിറിക്കണത്? പ്രാന്തുണ്ടോ?’
‘അമ്മേ! അച്ഛന്റെ ശിഷ്യന്റെ കാര്യം ആലോചിച്ച് ചിരിച്ചതാണ്’
‘എന്താ പ്പൊ ചൂരക്കോട്ടെ ഉണ്ണീടെ കാര്യം ആലോചിച്ച് ചിരിക്കാണ്ടായ്യേ?’
‘ഇപ്പൊ ചെല്ലണ മന്ത്രം ല്യേ അത് അതിരാത്രത്തിന്റെ പടവിന് വേണ്ടതാ. അദ്ദേഹത്തിന്റെ അതിരാത്രത്തിന് സാമവേദസ്വരത്തിലാ പടവിന്റെ മന്ത്രങ്ങള്‍ ചൊല്ലണത് എന്നു വച്ചാല്‍ പന്ത്രണ്ട് ദിവസം ഒന്നും മത്യാവില്യന്നോര്ത്ത് ചിരിച്ചതാ.’
‘കുറച്ച് ബുദ്ധിണ്ട് ന്ന് വച്ച് എല്ലാരേം കള്യാക്കിക്കോ. ചൂരക്കോട്ടെ ഉണ്ണി പടവിന് ഏതുസ്വരത്തിലാച്ചാ ചൊല്ലിക്കോട്ടെ. അതിന് നെണക്കെന്താ?’ അതിന് മറുപടിയാകുന്ന ഒരു ദീര്‍ഘനിശ്വാസം ദേവകിയില്‍നിന്ന് പുറപ്പെട്ടു. അത് മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അമ്മ കണ്ടുപിടിക്കുകയും അതിന്റെ സന്ദേശത്തില്‍ ഉടക്കി ചിന്താവിഷ്ടയാകുകയും ചെയ്തു.
‘കുട്ടീ! എല വച്ച്വോ?’ അച്ഛന് പുറത്താളത്തുനിന്ന് ചോദിച്ചു. അമ്മയാണ് മറുപടി പറഞ്ഞത്. ‘ഉവ്വ് ന്ന് പറഞ്ഞേയ്ക്ക് കുട്ടീ’ അതങ്ങിനെയാണ്. അച്ഛന് ചോദിച്ചതും അമ്മ മറുപടി പറഞ്ഞതും മകളോടല്ല. അച്ഛന് അമ്മയോട് ഒരുപക്ഷേ കിടപ്പറയില്‍ വച്ച് വല്ലതും പറയുന്നുണ്ടാകാം. അല്ലാത്ത സമയത്തെല്ലാം അവരുടെ ചോദ്യോത്തരങ്ങളുടെ ഇടയില്‍ നിശ്ശബ്ദയായ ദേവകിയുണ്ടാകും. മകള്‍ വിവാഹം കഴിഞ്ഞ് മറ്റൊരിടത്തേക്കു പോയാലും ചോദ്യോത്തരങ്ങളുടെ ഇടയില്‍ അവള്‍ക്കു വേണ്ടി ഒരു സ്ഥാനം ഒഴിച്ചിടുമോ? ദേവകിയുടെ ഉള്ളിലെവിടെയോ ഗദ്ഗദം അലകള്‍ തീര്‍ത്തു. ഒരുപക്ഷേ അനുജന് ആ സ്ഥാനത്തേക്കു വരുമായിരിക്കും.
നടുമുറ്റത്ത് പടര്‍ന്ന മുല്ല പച്ചനിറം നിറയ്ക്കുന്ന നാലിറയത്ത് ഇരിപ്പവും ചൂരക്കോട്ടെ ഉണ്ണിയും ഉണ്ണാനിരുന്നപ്പോള്‍ യൗവ്വനത്തിന്റെ അന്ത്യദശകളിലേക്കു കടക്കാന്‍ ഭാവിക്കുന്ന ഇരിപ്പത്തെ അമ്മ മേലടുക്കളയുടെ വാതില്ക്കല് നിന്നു ചോദിച്ചു. ചൂരക്കോട്ടെ അമ്മയ്ക്ക് വയ്യായ ഒന്നും ഇല്യലോ? ‘ഉണ്ണി മറുപടി പറഞ്ഞു, ‘ഇല്യ’ ‘അകത്ത് എല്ലാം ഒറ്റയ്ക്കന്നെ വേണം ന്ന് വച്ചാല്‍ നല്ല വെഷമം തന്നെ ആണേയ്.’ ‘അതെ പണി കുറച്ചധികം തന്നെയാണ്.’
‘ഉണ്ണീടെ വേളി കഴിഞ്ഞാല്‍ പിന്നെ അമ്മയ്ക്ക് വിശ്രമിയ്ക്കാലോ’. ദ്വിവേദി, അതായത് ചൂരക്കോട്ടെ ഉണ്ണി മറുപടി ഒന്നും പറഞ്ഞില്ല. അടുക്കളയില്‍നിന്ന് ദേവകിയുടെ ശബ്ദം ഒഴുകി. ‘ഇയമേവസായ്യാ’ ദ്വിവേദി ഇലയിലേക്കു നോക്കി പുഞ്ചിരിക്കുന്നത് ഇരിപ്പം ശ്രദ്ധിച്ചു.
(തുടരും)
– കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: