കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയില്‍ചട്ടങ്ങള്‍ മറികടന്ന് മൊബെയില്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിച്ചു. ഡിജിപികെ എസ്. ബാലസുബ്രഹ്മണ്യം, ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, ആഭ്യന്തരവകുപ്പ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇന്നലെ ജില്ലാ ജയില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി കേസ് പ്രതികളെ ജയില്‍ മാറ്റുന്നതിനായി പ്രോസിക്യൂഷന് മുഖേന വിചാരണ നടക്കുന്ന എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി അറിയിച്ചു. ജയിലിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ജയിലിനുള്ളില്‍ തടവുകാര്‍ക്കിടയില്‍ മൊബെയില്‍ ഫോണിന്റെ ഉപയോഗമുള്ളതായി ആ പരിശോധനയില്‍ നിന്ന് മനസ്സിലായിട്ടില്ലെന്നും ഫോണ്‍ ഡിറ്റക്ഷന്‍ ടീമുള്‍പ്പെടെ ഇനിയും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജയിലിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത മൊബെയില്‍ ജാമറുകളുടെ തകരാറുകള്‍ പരിഹരിക്കും. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് വരുത്തിതീര്‍ത്ത് കുറ്റവാളികള്‍ക്ക് ആനൂകൂല്യം ലഭിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ കോഴിക്കോട് ഗവ. ഗസ്തൗസില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രി ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയത്. യോഗത്തില്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, ഇന്റലിജന്റ്സ് എഡിജിപി സെന്‍കുമാര്‍, ടി.പി കേസിലെ ചീഫ് പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന് എന്നിവര്‍ പങ്കെടുത്തു. എം.കെ.രാഘവന് എംപിയോടൊപ്പം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയ മന്ത്രി ഓരോ ബ്ലോക്കും നേരില്‍ കണ്ട് പരിശോധിച്ചു. അതേസമയം സംഭവത്തില്‍ ഏതാനും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ജയില്‍ ഡിജിപി അലക്ണ്ടാര് ജേക്കബ് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ജയില്‍ ഡിജിപി നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ മൊബെയില്‍ ഫോണ്‍ ചാര്‍ജ്ജറുകളും കവറുകളും കണ്ടെത്തിയിരുന്നു. ജയില്‍ ചട്ടലംഘനത്തിന് ജയില്‍ സൂപ്രണ്ടിന്റെ പരാതി പ്രകാരം ടി.പി വധക്കേസ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: