കാസര്‍കോട്: സംസ്ഥാന ഖജനാവിന് 24 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ടെക്സ്റ്റെയില്‍ അഴിമതിയില്‍ മുന്‍ വ്യവസായവകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിന് കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷണം. ധനകാര്യ പരിശോധനാ വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ കരീമിനെ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം അന്വേഷണത്തിന് കുഞ്ഞാലിക്കുട്ടി ഉത്തരവിടുകയായിരുന്നു.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ടെക്സ്റ്റെയില്‍ കോര്പ്പറേഷന് കീഴില്‍ ആരംഭിച്ച ഉദുമ സ്പിന്നിംഗ് മില്‍, പിണറായി ഹൈടെക് വീവിംഗ് മില്‍, കോമളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍ എന്നിവയില്‍ 23,74,55,539 കോടിയുടെ അഴിമതി നടന്നെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധനയില്‍ വ്യക്തമായത്.
കെട്ടിട നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി തവണ വര്‍ദ്ധിപ്പിച്ച് 9.59 കോടിയുടെ നഷ്ടമുണ്ടാക്കി. യന്ത്ര സാമഗ്രികള്‍ വാങ്ങിയതില്‍ 14.15 കോടിയാണ് നഷ്ടം. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി സിപിഎം സൊസൈറ്റിക്ക് നിര്‍മ്മാണ പ്രവൃത്തി നല്കി. കെട്ടിടം പൂര്‍ത്തിയാകുന്നതിന് മുമ്പ് യന്ത്രങ്ങള്‍ വാങ്ങിയതിനാല്‍ ഉപയോഗിക്കാതെ നശിച്ചു. ഉദ്യോഗസ്ഥ നിയമനത്തില്‍ അഴിമതിക്കുപുറമെ സ്വജന പക്ഷപാതവും രാഷ്ട്രീയ സ്വാധീനവും കടന്നുകൂടി. അധികാരത്തിലിരിക്കുന്നവര്‍ നടത്തിയ നഗ്നമായ നിയമലംഘനമാണ് പ്രതീക്ഷയേകിയ വ്യവസായ പദ്ധതിയെ ഇല്ലാതാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം, വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എ.ഇസാക്ക്, ടെക്സ്റ്റെയില്‍ വകുപ്പ് ചെയര്മാന് പി.നന്ദകുമാര്‍, എംഡി എം.ഗണേഷ് എന്നിവര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട് മാസങ്ങളോളം വ്യവസായ വകുപ്പ് പൂഴ്ത്തിവെച്ചു. ആരോപണ വിധേയരെ മാറ്റി നിര്‍ത്തണമെന്ന് റിപ്പോര്ട്ടിലുണ്ടായെങ്കിലും താത്കാലിക ജീവനക്കാരനായിരുന്ന എംഡി എം.ഗണേഷ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാളെ ഒഴിവാക്കിയത്. ഇസാക്ക് 2011 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുകയും സിപിഎം നോമിനിയായിരുന്ന പി.നന്ദകുമാര്‍ 2011 മെയില്‍ രാജിവെക്കുകയും ചെയ്തു. റിപ്പോര്‍ട്ട് അംഗീകരിച്ച് കഴിഞ്ഞ ഏപ്രിലിലാണ് വിജിലന്‍സ് അന്വേഷണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്.
എന്നാല്‍ മെയ് 9ന് നടന്ന മന്ത്രിസഭായോഗത്തില്‍ വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും കരീമിനെ ഒഴിവാക്കണമെന്ന് കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനുശേഷം കരീമിനെ പ്രതിചേര്‍ക്കുന്നത് പരിശോധിക്കാമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. നാല് മാസത്തോളം വൈകിച്ചാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴാകട്ടെ അന്വേഷണം മരവിപ്പിച്ച അവസ്ഥയിലും.
ചക്കിട്ടപ്പാറ ഖാനന അഴിമതിയില്‍ എളമരം കരീമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത് ഇപ്പോള്‍ വിവാദമായിട്ടുണ്ട്.
അഴിമതി അരോപണങ്ങളില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണയോടൊപ്പം വ്യവസായ വകുപ്പിന്റേയും മന്ത്രിയായ കുഞ്ഞാലിക്കുട്ടിയുടേയും സഹകരണം കരീമിന് നല്കുന്ന ആശ്വാസം ചെറുതല്ല. കരീമിനെ സംരക്ഷിക്കുന്നതില്‍ മുസ്ലീംലീഗിന് പ്രത്യേക താത്പര്യമുണ്ടെന്ന ആരോപണത്തെ ബലപ്പെടുത്തുകയാണ് ടെക്സ്റ്റെയില്‍ അഴിമതിയിലേയും ഖാനന അഴിമതിയിലേയും വ്യവസായ വകുപ്പ് കയ്യാളുന്നലീഗിന്റെ നിലപാടുകള്‍.
ഖാനന അഴിമതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ലീഗ് പ്രതികരിച്ചിട്ടില്ല.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: