കൊച്ചി: ഈ വര്‍ഷത്തെ നാവിക ദിനാഘോഷങ്ങള്‍ ഡിസംബര്‍ ഏഴിന് ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ നാവിക വാരാഘോഷം ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ നാവിക സേനയുടെ ഐഎന്‍എസ് സിന്ധുരക്ഷക് ദുരന്തത്തില്‍ 18 നാവിക ഉദ്യോഗസ്ഥര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്ത സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും സതീഷ് സോണി പറഞ്ഞു. നാവിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 7.30ന് കൊച്ചി നാവിക ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിക്കുന്ന ചടങ്ങ് നടക്കും.
നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ ഏഴ്, എട്ട് തിയതികളില്‍ നാവിക അഭ്യാസ പ്രകടനങ്ങള്‍ നടത്തും. സുഭാഷ് പാര്‍ക്ക്, രാജേന്ദ്ര മൈതാനം എന്നിവിടങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് പ്രകടനം ആസ്വദിക്കാം. നാവിക ആഘോഷത്തോട് അനുബന്ധിച്ച് ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ നേവല്‍ ബേസ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. അതേസമയം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പൊലിമ നല്‍കിയിരുന്ന നേവി ക്യൂന്‍, നേവി ബോള്‍ മത്സരങ്ങള്‍ ഇക്കുറി ഉണ്ടായിരിക്കില്ല.
കൊച്ചി നേവല്‍ ബേസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും നേവി അധികൃതര്‍ വിശദീകരിച്ചു. കേരളത്തിന്റെ തീരങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ബോട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഈ വിവരം അധികൃതര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കടലോര ജാഗ്രതാ സമിതി രൂപീകരിച്ചതാണ് ഇതില്‍ പ്രധാനം. ഇതോടനുബന്ധിച്ച് കേരളത്തില്‍ മാത്രം 23 ബോധവല്കരണ പരിപാടികള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: