കൊച്ചി: സോഷ്യല്‍ മാര്‍ക്കറ്റിംഗും ഫ്രാഞ്ചൈസിംഗും കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായൊതുക്കാതെ ഇന്ത്യ ഇന്നു നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാനുള്ള ഉപകരണങ്ങളാക്കി മാറ്റണമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇവ രണ്ടിന്റെയും വിശാലമായ സാധ്യതകളും ഉപയോഗരീതികളും ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുകയും ഇന്ത്യക്കാവശ്യമായത് സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ആഗോള ആരോഗ്യ സമ്മേളനത്തിന് ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി.
സോഷ്യല്‍ മാര്‍ക്കറ്റിംഗില്‍ ഇന്ത്യ വളരെ നേരത്തേ ശ്രദ്ധയൂന്നിയതാണെങ്കിലും അത് കുടുംബാസൂത്രണ പ്രവര്‍ത്തനത്തിലും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പ്രചരണത്തിലും മാത്രമായി ഒതുങ്ങിപ്പോയെന്ന് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് ഡയറക്ടറും കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുമായ അനുരാധ ഗുപ്ത പറഞ്ഞു. അതിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കാന്‍ നമുക്കു സാധിച്ചില്ല. ഗര്‍ഭസ്ഥശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും മരണവും പകര്‍ച്ചേതര രോഗങ്ങളും ഇന്ത്യ ഇന്നു നേരിടുന്ന ഗുരുതര പ്രശ്നങ്ങളാണെന്നും അത്തരം കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധവേണമെന്നും അനുരാധ ഗുപ്ത പറഞ്ഞു.
പൊതുജനാരോഗ്യം സംബന്ധമായ ആശങ്കകളും സംശയങ്ങളും പരിഹരിക്കാനുതകുന്ന ആശയങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മാര്‍ക്കറ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉറച്ച സേവനവും അധികരിക്കാത്ത ചെലവും ഉറപ്പാക്കുന്നതില്‍ സോഷ്യല്‍ ഫ്രാഞ്ചൈസിംഗിന്റെ പങ്കും എടുത്തുപറയേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
67 രാജ്യങ്ങളില്‍ നിന്നുള്ള 6.6 കോടി ദമ്പതിമാര്‍ക്ക് സോഷ്യല്‍ മാര്‍ക്കറ്റിംഗ് പരിപാടികള്‍ സഹായകമായിട്ടുണ്ടെന്ന് ഈ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായ ഡികെടി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ഡി ഹാര്‍വി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളില്‍ കുടുംബാസൂത്രണത്തിനും എയ്ഡ്സ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സോഷ്യല്‍ മാര്‍ക്കറ്റിംഗും ക്ലിനിക്കല്‍ പരിപാടികളും നടപ്പാക്കുന്ന ലാഭരഹിത സംഘടനയാണ് ഡികെടി ഇന്റര്‍നാഷണല്‍.
നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാകുന്നുവെന്നതാണ് സോഷ്യല്‍ മാര്‍ക്കറ്റിംഗിന്റെ മേന്മയെന്ന് ശ്രീ ഹാര്‍വി പറഞ്ഞു. ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ സോഷ്യല്‍ മാര്‍ക്കറ്റിംഗ് ഏറെ ലാഭകരവും സ്വയം പര്യാപ്തവുമാണ്. ഗര്‍ഭനിരോധന ഉറകളും മറ്റും വിതരണം ചെയ്യുകയല്ല, വില്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സോഷ്യല്‍ മാര്‍ക്കറ്റിംഗ് ഉല്പന്നങ്ങള്ക്കായും ഫ്രാഞ്ചൈസിംഗ് സേവനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യാനിയന്ത്രണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കംപ്യൂട്ടര്‍ സംവിധാനത്തിന്റെ ഹാര്ഡ്വെയറുകള്ക്ക് തുല്യമാണെന്ന് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.അയ്യപ്പന് പറഞ്ഞു. ജനങ്ങളെ വിശ്വസിപ്പിക്കുകയും മാറ്റത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ് സോഫ്റ്റ്വെയര്. അത് വികസിപ്പിച്ചെടുക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സോഷ്യല്‍ മാര്‍ക്കറ്റിംഗിലൂടെ അത് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 25 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യരക്ഷാ രംഗത്തെ വിദഗ്ദ്ധര്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന്റെയും (ഐഐസിഎ) നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെയും (എന്‍എസിഒ) സഹകരണത്തോടെ എച്ച്എല്‍എല്‍ ലൈഫ് കീയര്‍ ലിമിറ്റഡിനു കീഴിലുള്ള ലാഭരഹിത ട്രസ്റ്റായ എച്ച്എല്‍എഫ്പിപിടി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് ‘ഗ്ലോബല്‍ ഹെല്‍ത്ത് കോഫറന്‍സ് ഓ സോഷ്യല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഫ്രാഞ്ചൈസിംഗ്’ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: