Categories: India

370-ാ‍ം വകുപ്പും ഫാറൂഖ്‌ അബ്ദുള്ളയുടെ വെപ്രാളവും

Published by

നരേന്ദ്ര മോദി പത്തുപ്രാവശ്യം ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും ജമ്മു കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യാനാകില്ല. കേന്ദ്ര മന്ത്രി ഫാറൂഖ്‌ അബ്ദുള്ളയുടെ വാക്കുകളാണിത്‌. ധിക്കാരം മാത്രമാണ്‌ വന്ദ്യ വയോധികനും രാഷ്‌ട്രീയ തന്ത്രജ്ഞനുമായ ഫാറൂഖിന്റെ ഈ വാക്കുകളിലുള്ളതെന്ന്‌ പറയേണ്ടി വരും.

ജമ്മു കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന 370-ാ‍ം വകുപ്പ്‌ ഭേദഗതി ചെയ്യാന്‍ നരേന്ദ്ര മോദി പത്തു പ്രാവശ്യം പ്രധാനമന്ത്രിയാകേണ്ട കാര്യമില്ല. ഇന്ത്യന്‍ പാര്‍ലമെന്റ്‌ തീരുമാനിച്ചാല്‍ മതി. ഒരു ഭരണഘടനാ ഭേദഗതി മാത്രം. അത്‌ നരേന്ദ്ര മോദിയുടെ കാര്യമല്ല. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്‌. മോദി പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും ഇന്ത്യന്‍ ജനത തീരുമാനിച്ചാല്‍ 370-ാ‍ം വകുപ്പ്‌ റദ്ദാക്കാനാകും. ഇക്കാര്യം അറിയാതെയാകില്ല ഫാറൂഖ്‌ അബ്ദുള്ള അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.

യഥാര്‍ത്ഥത്തില്‍ അതൊരു വെല്ലുവിളിയാണ്‌. ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളി. ഭരണഘടനയുടെ 370 ാ‍ം വകുപ്പ്‌ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ ക്ഷേമത്തിന്‌ -പ്രത്യേകിച്ച്‌ ഗോത്ര മേഖലകള്‍ – ഭൂമിശാസ്ത്ര പരമായി ഒറ്റപ്പെട്ട ഇടങ്ങള്‍- വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്‌. മാത്രമല്ല ഒരു സംസ്ഥാനത്തിനും ദീര്‍ഘകാലത്തേക്ക്‌ ഈ വകുപ്പ്‌ പ്രകാരം പ്രത്യേക പദവി നല്‍കാനുമാവില്ല. ഹിമാചല്‍ പ്രദേശ്‌, സിക്കിം, നേഫാ സംസ്ഥാനങ്ങള്‍ക്കെല്ലാം ഈ വകുപ്പ്‌ പ്രകാരമുള്ള ചില പ്രത്യേക അവകാശങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

കാശ്മീരിന്റെ കാര്യത്തില്‍ സ്ഥിതി അല്‍പം വ്യത്യസ്തമാണ്‌. പ്രത്യക പദവി ആ സംസ്ഥാനത്തിന്‌ അനന്തമായ കാലത്തേക്ക്‌ അനുവദിച്ചു കിട്ടിയ അവകാശം പോലെയാണ്‌ ചില രാഷ്‌ട്രീയ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍. ജമ്മു കാശ്മീരിന്‌ പതിറ്റാണ്ടുകളായി നല്‍കുന്ന ഈ പ്രത്യേക പദവി ഇനി തുടരണമോ എന്ന കാര്യത്തില്‍ ചര്‍ച്ച പോലും അനുവദിക്കില്ലെന്ന വാശിയിലാണ്‌ ചിലര്‍. ഫാറൂഖ്‌ അബ്ദുള്ളക്കു പുറമേ കോണ്‍ഗ്രസ്‌, സിപിഎം പാര്‍ട്ടികളും 370-ാ‍ം വകുപ്പ്‌ പുന: പരിശോധിക്കാനാകില്ലെന്ന്‌ വ്യക്തമാക്കി രംഗത്തു വന്നു കഴിഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച്‌ ചര്‍ച്ച വേണമെന്ന നരേന്ദ്ര മോദിയുടെ അഭിപ്രായമാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌.വാസ്തവത്തില്‍ ബിജെപി വര്‍ഷങ്ങളായി പറയുന്ന കാര്യം തന്നെയാണ്‌ മോദി ആവര്‍ത്തിച്ചത്‌. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ എന്നും ദല്‍ഹി ഭരണകൂടം കാണിച്ചിട്ടുള്ള ഭീരുത്വമാണ്‌ ഫാറൂഖ്‌ അബ്ദുള്ളയെപ്പോലുള്ളവരെ ഇത്രയും ധിക്കാരികളാക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനക്ക്‌ പുറമേ കാശ്മീരിന്‌ സ്വന്തമായി ഭരണഘടനയുണ്ട്‌. ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കുന്ന നിയമങ്ങള്‍ ആ സംസ്ഥാനത്ത്‌ നിലവില്‍ വരണമെങ്കില്‍ സംസ്ഥാന നിയമസഭയുടെ അനുമതി ആവശ്യമാണ്‌. ഇന്ത്യന്‍ പാര്‍ലമെന്റുമായി വിയോജിക്കാന്‍ പോലുമുള്ള അവകാശം കാശ്മീരിനുണ്ട്‌. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നീ നാലു മേഖലകളില്‍ മാത്രമാണ്‌ സംസ്ഥാനത്തിന്‌ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്തത്‌. 1974 ല്‍ ഇന്ദിരാ ഗാന്ധിയും ഫാറൂഖ്‌ അബ്ദുള്ളയുടെ പിതാവായ ഷേഖ്‌ അബ്ദുള്ളയും ചേര്‍ന്ന്‌ ഉണ്ടാക്കിയ കരാറാണ്‌ കാശ്മീരിന്‌ അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നതിന്‌ കാരണമായത്‌.

യഥാര്‍ത്ഥത്തില്‍ 370-ാ‍ം വകുപ്പ്‌ കൊണ്ട്‌ കാശ്മീരിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രയോജനമുണ്ടോയെന്നതാണ്‌ കാതലായ ചോദ്യം. കാശ്മീരില്‍ പതിറ്റാണ്ടുകളായി തുടരുന്ന അരക്ഷിതാവസ്ഥക്ക്‌ പരിഹാരമുണ്ടാക്കാന്‍ ഈ പ്രത്യേക പദവി സഹായകമായിട്ടുണ്ടോ. ഇന്ത്യന്‍ യൂണിയന്റെ ഭാഗമല്ലെന്ന അധമ വികാരം കാശ്മീര്‍ ജനതയുടെ മനസില്‍ ഉറപ്പിക്കാനാണ്‌ 370-ാ‍ം വകുപ്പ്‌ കാരണമായിട്ടുളളതെന്നതാണ്‌ വസ്തുത.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടയില്‍ മാത്രം കാശ്മീരില്‍ കൊല്ലപ്പെട്ടത്‌ മപ്പതിനായിരത്തിലേറെ നിരപരാധികളാണ്‌. സുശക്തമായ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിട്ടും കാശ്മീര്‍ ജനതക്ക്‌ സമാധാനവും സുരക്ഷയും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സുരക്ഷാ കവചം അന്യമായി തുടരുന്നു. ഇന്ത്യന്‍ വികസന പരിപ്രേക്ഷ്യത്തില്‍ നിന്ന്‌ കാശ്മീര്‍ അന്യമായി തുടരുന്നു. അനന്യമായ കാശ്മീരിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകാതെ പോകുന്നു. കാശ്മീരിന്‌ പ്രത്യക പദവി തുടരണമെന്നുള്ളത്‌ ചില രാഷ്‌ട്രീയ നേതാക്കളുടെ മാത്രം താത്പര്യമായി മാറുന്നത്‌ ഈ സാഹചര്യത്തിലാണ്‌. രാഷ്‌ട്രീയവും സാമ്പത്തികവുമായ ഒട്ടേറെ കാരണങ്ങളുണ്ട്‌ ഇതിന്‌. പ്രത്യേക പദവി എന്നത്‌ ഒരു രാഷ്‌ട്രീയ മുദ്രാവാക്യവും പ്രചരണായുധവുമാണ്‌ നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും. ഇന്ദിരയുടെയും ഷേഖ്‌ അബ്ദുള്ളയുടെയും കാലം മുതല്‍ ഇരു പാര്‍ട്ടികളും അതിന്റെ രാഷ്‌ട്രീയ നേട്ടം പങ്കിട്ടെടുക്കുന്നു. ദേശീയ അടിസ്ഥാനത്തില്‍ മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാനും ഇതുവഴി അവര്‍ക്കു കഴിയുന്നു.

തുടര്‍ച്ചയായി കാശ്മീരിന്റെ ഭരണം നിയന്ത്രിക്കുന്ന ഫാറൂഖ്‌ കുടുംബത്തിന്റെ ആസ്തി ആരെയും അമ്പരിപ്പിക്കുന്നതാണ്‌. ജമ്മു കാശ്മീര്‍ ഭരണം കുടുംബ വാഴ്ച പോലെ കരുതുന്ന ഫാറൂഖിന്‌ 370-ാ‍ം വകുപ്പ്‌ സംബന്ധിച്ച്‌ എന്തു ചര്‍ച്ചയും അലോസരം മാത്രമേ സൃഷ്ടിക്കൂ. ഭീകര വാദത്തിന്റെ മറവില്‍ കാശ്മീരില്‍ നടക്കുന്ന മയക്കുമരുന്ന്‌- കള്ളനോട്ട്‌ -ഹവാല ഇടപാടുകള്‍ ഇപ്പോള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ പോകുന്നു. പിടിക്കപ്പെടുന്നവയാകട്ടെ ഭീകരവാദികളുടെ അക്കൗണ്ടിലും പെടുത്തുന്നു. ഫാറൂഖ്‌ അബ്ദുള്ളയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ സ്വിസ്‌ ബാങ്കില്‍ വന്‍ നിക്ഷേപമുള്ളതായി അടുത്തകാലത്ത്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തു കൊണ്ടാണ്‌ 370-ാ‍ം വകുപ്പിനെ അബ്ദുള്ളയും മകനും എതിര്‍ക്കുന്നതെന്ന്‌ ഇക്കര്യങ്ങള്‍ കൊണ്ട്‌ തന്നെ വ്യക്തമാണ്‌.

ടി. എസ്‌. നീലാംബരന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by