മുംബൈ: റെസ്റ്റോറന്റില്‍ അധികമായി ഒരു പ്ലേയ്റ്റ് ഉള്ളി ചോദിച്ചവര്‍ക്ക് വിളമ്പുകാരുടെ ക്രൂരമര്‍ദ്ദനം. മയൂര്‍ പിറാതി ജാദവ് എന്ന 23കാരനും സുഹൃത്തുക്കളുമാണ് മര്‍ദ്ദനത്തിന് ഇരകളായത്. മുഖത്ത് പരുക്കേറ്റ മയൂരിന് 12 സ്റ്റിച്ചുകളാണ് ഇടേണ്ടി വന്നത്.
മുംബൈയിലെ മൊഹമ്മദ് അലി റോഡിലുള്ള റസ്റ്റോറന്റില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. റസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് മയൂര്‍ എല്ലാവര്‍ക്കുമായി ബിരിയാണിയും ചിക്കനും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ബിരിയാണിക്കൊപ്പം ഒരു പ്ലെയ്റ്റ് ഉള്ളി മാത്രമാണ് ലഭിച്ചത്. ഇത് എല്ലാവര്ക്കും തികയില്ലെന്ന് കാട്ടി കുറച്ചുകൂടി ഉള്ളി നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.
ഉള്ളി ലഭിക്കാത്തത്തിന് കാരണം തിരക്കിയ മയൂരിനോട് ഉള്ളിയുടെ വര്‍ധിച്ച വിലയെക്കുറിച്ചാണ് സപ്ലെയര്‍ വിശദീകരിച്ചത്. എന്നാല്‍ ഉള്ളിവില സാധാരണ നിലയില്‍ എത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ദേഷ്യപ്പെട്ട വിളമ്പുകാരന് മറ്റുള്ളവരെയും കൂട്ടി മയൂരിനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മയൂരിനേയും മറ്റ് സുഹൃത്തുക്കളേയും റസ്റ്റോറന്റ് തൊഴിലാളികള്‍ അവിടെ നിന്ന് പുറത്താക്കി.
പിന്നീട് പോലീസ് സ്റ്റേഷനില്‍ പോയ മയൂരും സുഹൃത്തുക്കളും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് റസ്റ്റോറന്റെ ഉടമയേയും തൊഴിലാളികളേയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: