പനാജി: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവയിലെ സെഷന്‍സ് കോടതി തള്ളി. മൂന്ന് മണിക്കൂറോളം വൈകിയാണ് തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ ജഡ്ജി അനുജ പ്രഭുദേശായ് വിധി പ്രഖ്യാപിച്ചത്. തേജ്പാല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ ആരോപണം തെളിയിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജഡ്ജി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഗോവ പോലീസ് തേജ്പാലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
തേജ്പാലിനെ ആരോഗ്യ പരിശോധനക്കു ശേഷം 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കും. കേസിന്റെ തുടരന്വേഷണത്തിന് തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ഗോവാ പോലീസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ വാദവേളയില്‍ ആവശ്യപ്പെട്ടത്. ഈ വാദംതന്നെയായിരിക്കും കോടതിയില്‍ തുടരുക. അങ്ങനെയാണെങ്കില്‍ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ തേജ്പാലിനെ വിടുമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
അറസ്റ്റ് ഭയന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ തേജ്പാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം തേജ്പാലിന്റെ മകള്‍ കോടതിയിലെത്തിയിരുന്നു. രാത്രി 8.10 നാണ് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള കോടതിവിധി വന്നത്. 4.30 ആയപ്പോഴേക്കും തേജ്പാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഡോണാപൗളോയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോയിരുന്നു.
നവംബര്‍ 21 നാണ് ഗോവ പോലീസ് തേജ്പാലിനെതിരെ ബലാത്സംഗത്തിനും ലൈംഗികപീഡനത്തിനും കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് ഇ-മെയില്‍ വഴി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 376, 36 (2) (കെ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ പനാജിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സ്റ്റാര്‍ ഹോട്ടലില്‍ നടന്ന തിങ്ക് ഫെസ്റ്റിവലിനിടെയാണ് തേജ്പാല്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി ആരോപണമുയര്‍ന്നത്.
ഗോവ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഉടനെ വെള്ളിയാഴ്ച രാവിലെയാണ് തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തേജ്പാലിനെ അറസ്റ്റുചെയ്യാന്‍ ഗോവ പോലീസ് ദല്‍ഹിയില്‍ എത്തിയെങ്കിലും ഉച്ചക്ക് 2.30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് അത് നടന്നില്ല. തുടര്‍ന്ന് മകളും അഭിഭാഷകരുമൊത്ത് തേജ്പാല്‍ ഗോവയിലേക്ക് തിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി കോടതി തേജ്പാലിന്റെ അഭിഭാഷക ഗീത ലുത്രയുടെ വാദം കേട്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് തേജ്പാല്‍ പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് തള്ളി. തേജ്പാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ ഇന്നലെ ഉച്ചവരെ തേജ്പാല്‍ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് കോടതി ഉത്തരവ് എതിരാവുമെന്ന് കണക്കുകൂട്ടി ക്രൈംബ്രാഞ്ച് ഒാഫീസിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: