പനാജി: ലൈംഗിക പീഡനക്കേസില്‍ ഗോവ കോടതി ആറുദിവസം റിമാന്റ് ചെയ്ത തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ പോലീസ് ചോദ്യംചെയ്ത് തുടങ്ങി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ മുഴുവന്‍ ചോദ്യംചെയ്ത തേജ്പാലിനെ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവരും.
പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷാമ ജോഷിയാണ് തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടത്. പ്രഥമ ദൃഷ്ട്യാ പ്രതിക്കെതിരേ ബലാത്സംഗക്കുറ്റം വ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു. അച്ഛനെപ്പോലെ സംരക്ഷിക്കപ്പെടേണ്ടയാളില്നിന്നാണ് പെണ്‍കുട്ടിക്ക് സ്ത്രീത്വത്തെ അപമാനിക്കലും ബലാല്കാരമായുള്ള ലൈംഗിക പീഡനവുമേല്ക്കേണ്ടിവന്നതെന്നും 25 പേജുള്ള ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു. ഐപിസി 354 (എ), 376 (2)(കെ) എന്നീ വകുപ്പുകളാണ് പോലീസ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനായി 14 ദിവസം തേജ്പാലിനെ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, 14 ദിവസത്തേക്കു തേജ്പാലിനെ റിമാന്റുചെയ്ത കോടതി ആറ് ദിവസത്തേക്കാണ് പോലീസ്കസ്റ്റഡിയില്‍ വിട്ടത്. പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴി തങ്ങളുടെ പക്കലുണ്ടെന്നും ഇതേക്കുറിച്ച് ആരോപണവിധേയനായ തേജ്പാലിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കുമെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു.
ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് നവംബര്‍ ഏഴ്, എട്ട് തീയതികളിലായി തേജ്പാല്‍ തന്നെ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് തെഹല്ക്കയിലെ ജീവനക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ പരാതി. കൊലക്കേസ് പ്രതികളായ രണ്ടുപേര്‍ക്കൊപ്പമാണ് ശനിയാഴ്ച രാത്രി തേജ്പാല്‍ ലോക്കപ്പില്‍ കഴിഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് ഗോവ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: