ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിലെ ഒടുവിലത്തെ വോട്ടിംഗാണ് ബുധനാഴ്ച നടക്കാന്‍ പോകുന്നത്. ദല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 11763 പോളിംഗ് ബൂത്തുകളിലായി 1,15,07,113 വോട്ടര്‍മാരാണ് വോട്ടു രേഖപ്പെടുത്തുന്നത്. 12 നിയോജകമണ്ഡലങ്ങള്‍ സംവരണ സീറ്റുകളാണ്.
മൂന്നുവട്ടം മുഖ്യമന്ത്രിയായ ഷീലാദീക്ഷിത് ന്യൂദല്‍ഹി മണ്ഡലത്തില്‍ പരാജയ ഭീതിയിലാണെന്ന വാര്‍ത്തകളോടെയാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ന്യൂദല്‍ഹിയില്‍ ബിജെപി നേതാവ് വിജേന്ദ്രര്‍ ഗുപ്തയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമാണ് ഷീലാദീക്ഷിതിന് വെല്ലുവിളിയായി നില്‍ക്കുന്നത്. നരേന്ദ്രമോദിയുടെ പ്രഭാവം തന്നെയാണ് ദല്‍ഹിയിലും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ 100 ശതമാനവും വിതരണം ചെയ്ത ദല്‍ഹിയില്‍ ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നെങ്കിലും അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ പ്രചാരണമേഖല പൂര്‍ണ്ണമായും ബിജെപിയുടെ കീഴിലായ കാഴ്ചയാണ് കാണുന്നത്.
ഡോ.ഹര്‍ഷവര്‍ദ്ധന്റെ മികച്ച പ്രതിച്ഛായയാണ് വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി അനുകൂല മനോഭാവം വളര്‍ത്തിയതെങ്കില്‍ നരേന്ദ്രമോദിയുടെ കൊടുങ്കാറ്റായി മാറിയ പ്രചാരണമാണ് തരംഗം ശക്തമാകാന്‍ കാരണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ മോദി പങ്കെടുത്ത നിരവധി റാലികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: