കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ വിവരം നിഷേധിച്ചാല്‍ അപേക്ഷകന് നഷ്ടപരിഹാരം നല്കാന് ഉദ്യോഗസ്ഥന് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ബാധ്യസ്ഥനാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
മുനിസിപ്പാലിറ്റി നിയമപ്രകാരം കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ വാര്‍ഡ് സഭകള്‍ വിളിച്ചു ചേര്‍ക്കാത്തതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.പി.ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാത്തതിന് നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊച്ചി നഗരസഭയുടെ ആസൂത്രണ വിഭാഗം സൂപ്രണ്ട് എ.കെ.ഹംസ അയ്യായിരം രൂപ നഷ്ടപരിഹാരവും ആയിരം രൂപ കോടതിച്ചെലവും 12 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നല്‍കണമെന്ന ഫോറത്തിന്റെ ഉത്തരവ്.
നഗരസഭയുടെ കൈവശമുള്ള വിവരം ഫീസടച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സേവനത്തിലെ ന്യൂനതയായതിനാല് ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഹര്ജിക്കാരന് വേണ്ടി അഡ്വ.കെ.എ.അനി ജോസഫ് കോടതി മുമ്പാകെ ബോധിപ്പിച്ചു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ വിവരം നിഷേധിക്കപ്പെട്ടാല്‍ നഗരസഭയുടെ അപ്പീല്‍ അധികാരിയെയായിരുന്നു അപേക്ഷകന് സമീപിക്കേണ്ടിയിരുന്നതെന്നും അപേക്ഷകന് ഉപഭോക്താവല്ലെന്നുമുള്ള നഗരസഭയുടെ വാദം നിരാകരിച്ചുകൊണ്ട് എ.രാജേഷ് പ്രസിഡന്റും ഷീന്‍ ജോസ്, വി.കെ.ബീന കുമാരി എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഫോറത്തിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: