എരുമേലി: അമ്പത്തിമൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എരുമേലി ശുദ്ധജലവിതരണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പമ്പാനദിയിലെ ഇടത്തികാവ്മേഖലയിലുള്ള ജലസ്രോതസ്സില്‍ നിന്നും ഏഴു കിലോമീറ്റര്‍ വെള്ളം പമ്പിംഗ് നടത്തി ശുദ്ധീകരിച്ച് 10 ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാനുള്ള പദ്ധതിയാണിത്. എരുമേലി പഞ്ചായത്തിലെ ജനങ്ങള്‍ക്കും ശബരിമല തീര്‍ത്ഥാടകരെയും കൂടി ലക്ഷ്യമിട്ടാണ് ഈ ബൃഹദ് പദ്ധതി തുടങ്ങുന്നതെന്നും വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. പാണപിലാവ്, പൊര്യന്മല, എരുത്വാപ്പുഴ, എംഇഎസ് ജംഗ്ഷന്, നേര്‍ച്ചപ്പാറ, കനകപ്പലം, കീരിത്തോട്, കൊടിത്തോട്ടം, കൊല്ലമുള എന്നിവിടങ്ങളിലായി സ്ഥാപിക്കുന്ന ഒന്‍പതോളം ടാങ്കുകളില്‍ വെള്ളം എത്തിച്ചാണ് ശുദ്ധജലം വിതരണത്തിനായി തയ്യാറാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 205 കിലോമീറ്ററിനുള്ളിലെ ജലക്ഷാമം പരിഹരിക്കാനാകും. ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്ന ടാപ്പുകള്‍ സ്ഥാപിച്ചും, വീടുകളിലും പൈപ്പ് കൊടുക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. 2015 മാര്‍ച്ചില്‍ കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പുതിയ കുടിവെള്ള പദ്ധതി വരുന്നതോടെ എരുമേലിയില്‍ നിലവിലുള്ള പൈപ്പുകള്‍ മുഴുവനും മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കൊല്ലമുള വില്ലേജിലുള്ളവര്ക്കായി പ്രത്യേകം ജലവിതരണപൈപ്പുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
എരുമേലി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് രാവിലെ 10 ന് നടക്കുന്ന നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി പി.ജെ ജോസഫ് നിര്‍വ്വഹിക്കും. ചീഫ്വിപ്പ് പി.സി ജോര്‍ജ്ജ് അധ്യക്ഷതവഹിക്കും. പത്തനംതിട്ട എം.പി ആന്റോ ആന്റണി, റാന്നി എംഎല്‍എ രാജു ഏബ്രഹാം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടിനേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വാട്ടര്‍ അതോറിറ്റി പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ മണി, സ്വാഗതസംഘം ചെയര്മാന് ജയ്സണ്‍, സഹകരണബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: