തെഹല്‍ക ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. ലൈംഗികാപവാദ കേസില്‍ ഒരിക്കല്‍ പോലും തേജ്പാലിനെതിരെ രൂക്ഷമായ ആക്രമണം മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. പരാതിക്കാരി ഒരു മാധ്യമ പ്രവര്‍ത്തകയായിട്ടും. സാധാരണയായി ഇത്തരം കേസുകളില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കാറുള്ള ആവേശ പ്രകടനങ്ങളൊന്നും തേജ്പാല്‍കേസില്‍ ഉണ്ടായില്ല. പക്ഷേ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തേജ്പാലിന്റെ ശ്രമങ്ങളെയും രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങളെയും പരാജയപ്പെടുത്തിയതില്‍ ഒരു പങ്ക് മാധ്യമങ്ങള്‍ക്കവകാശപ്പെട്ടതാണ്. തേജ്പാല്‍ ഹീനമായ കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്ന് പുറം ലോകത്തെ അറിയിച്ചതു മുതല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തരുണ്‍ തേജ്പാല്‍ നടത്തിയ ഒരോ നീക്കവും പുറം ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു മാധ്യമങ്ങള്‍. ഒടുവില്‍ തേജ്പാല്‍ കീഴടങ്ങുന്നതുവരെയും.
ഗോവ പോലീസും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. വലയില്‍ കുടുങ്ങിയ വലിയ മീനിനെ വലപൊട്ടിക്കാനനുവദിക്കാതെ കല്‍ത്തുറുങ്കിലെത്തിച്ചതിന്. ലൈംഗികാരോപണം പുറത്തു വന്ന നിമിഷം മുതല്‍ തേജ്പാല്‍ രക്ഷപ്പെടാനായി നടത്തിയ കരുനീക്കങ്ങളും അയാളെ രക്ഷപ്പെടുത്താന്‍ കേന്ദ്രത്തിലെ ഭരണകക്ഷി നേതൃത്വം നടത്തിയ ശ്രമങ്ങളും അറിയുമ്പോഴാണ് ഗോവാ പോലീസിന്റെ നിലപാടിലെ കാര്‍ക്കശ്യം ബോധ്യപ്പെടുന്നത്.
ആരോപണം പുറത്തു വന്ന ഉടനെ തേജ്പാലിനെ പ്രതിരോധിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. നമ്പര്‍ പത്ത് ജനപഥില്‍ നിന്ന് ആദ്യ നിര്‍ദ്ദേശം പോയത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിനായിരുന്നു. ഉടന്‍ തേജ്പാലിനെ ന്യായീകരിച്ചും ആരോപണങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് കുറ്റപ്പെടുത്തിയും ദിഗ് വിജയ് സിംഗ് രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനയെ ആരും കാര്യമായി പരിഗണിച്ചില്ല. ഇതിനുള്ള ശിക്ഷ ദിഗ് വിജയ് സിംഗിനെ കാത്തിരിക്കുന്നുണ്ടെന്നാണ് ഒടുവില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്തും വിവാദമാക്കാന്‍ കഴിവുള്ള ദിഗ്വിജയ് സിംഗിനെ മാഡം ഈ ദൗത്യം ഏല്‍പ്പിച്ചത് അദ്ദേഹം അതില്‍ തന്റെ പ്രതിഭ കൊണ്ട് വിജയം വരിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ ദിഗ്വിജയ് സിംഗ് നിരാശപ്പെടുത്തി. തേജ്പാലിനെതിരായ ആരോപണം നരേന്ദ്ര മോദിയും ഗോവയിലെ ബിജെപി സര്‍ക്കാരും ചേര്‍ന്ന് സൃഷ്ടിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. മോദിയെ ടാര്‍ജറ്റ് ചെയ്യുന്നതില്‍ എന്നത്തേയും പോലെ ഇക്കുറിയും അയാള്‍ക്കു പിഴച്ചു. ഇനി മറ്റാരെയെങ്കിലും ആ ദൗത്യം ഏല്‍പ്പിക്കുകയാവും ഭേദം എന്നാണത്രെ മാഡം ദിഗ് വിജയിന്റെ പരാജയത്തിനു ശേഷം പ്രതികരിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും വക്താവിന്റെ റോളില്‍ നിന്നും ദിഗ് വിജയ് സിംഗിനെ ഒഴിവാക്കാനും മാഡം ആലോചിക്കുന്നു.
ദിഗ്വിജയ് സിംഗിനെ ബിജെപിക്കെതിരെ ആരോപണമുന്നയിക്കുന്ന ദൗത്യം ഏല്‍പ്പിച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രി കപില്‍ സിബലിന്റെ നേതൃത്വത്തില്‍ പരാതിക്കാരിയെ സ്വാധിനിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തി. ഇക്കാര്യം പരാതിക്കാരി തന്നെ വെളിപ്പെടുത്തിയതോടെ ആ നീക്കവും പാളി. ഒടുവില്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെ തരുണ്‍ തേജ്പാല്‍ കീഴടങ്ങുകയും ചെയ്തു.
എന്തായിരിക്കാം തരുണ്‍ തേജ്പാലിനെ രക്ഷിക്കാന്‍ ഇത്രയും വ്യഗ്രത കോണ്‍ഗ്രസിന്. തരുണ്‍ തേജ്പാല്‍ ഒരു പ്രതീകമാണ്. ബിജെപിക്കും സംഘപരിവാറിനുമെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുന്ന നവലിബറല്‍ ആക്ടിവിസ്റ്റുകളുടെ. എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിയമ വിദഗ്ദര്‍, തുടങ്ങി പല ലേബലുകളിലായി ഒട്ടേറെപ്പേരുണ്ട് ഈ ഗണത്തില്‍. ഇതില്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചതിലും ഭംഗിയായി തന്റെ റോള്‍ നിര്‍വ്വഹിച്ചയാളാണ് തേജ്പാല്‍.
ആശയപരമായി ശൂന്യമായ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാന്‍ ബിജെപി- വര്‍ഗ്ഗീയത വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം കൃത്രിമമായി സൃഷ്ടിച്ചു കൊടുക്കുക എന്നതാണ് ഇവരുടെ ദൗത്യം. സിനിമാക്കാര് മുതല്‍ ജഡ്ജിമാര്‍ വരെയുള്ളവരുടെ നീണ്ട നിര ഇതിനായി കോണ്‍ഗ്രസ് തന്ത്രപൂര്‍വ്വം ഒരുക്കിയിട്ടുണ്ട്. തേജ്പാലിനെപ്പോലുള്ളവര്‍ പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കൃത്രിമ ബിജെപി വിരോധത്തിന്റെ ചെലവിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ നിലനില്‍പ്പ്. ഈ കൃത്രിമ പ്രത്യയശാസ്ത്രത്തിന്റെ തണലിലാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നത്. അയോധ്യ മുതല്‍ ഗുജറാത്ത് വരെ ഈ സംഘം ഇത്തരത്തില്‍ കോണ്‍ഗ്രസ് അനുകൂല പ്രത്യയശാസ്ത്ര നിര്‍മ്മിതി നടത്തിക്കൊണ്ടേയിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായ റോള്‍ വഹിച്ചിരുന്നയാളായിരുന്നു തരുണ്‍ തേജ്പാല്‍. തേജ്പാലിനെപ്പോലുള്ളവര്‍ വ്യാജനിര്‍മ്മിതികളായിരുന്നുവെന്ന് ജനം തിരിച്ചറിയുന്നത് കോണ്‍്ഗ്രസിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയാണ്. പ്രത്യേകിച്ചും രാജ്യം ഒരു പൊതു തെരഞ്ഞടുപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ..ഇക്കാര്യം മറ്റാരെക്കാളും വേഗം തിരിച്ചറിഞ്ഞത് സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ച് വ്യക്തമായറിയാവുന്ന സോണിയ ഗാന്ധി തന്നെയായിരുന്നു. അതുകൊണ്ടാണ് വിശ്വസ്തരായ ദിഗ് വിജയ് സിംഗിനെയും കപില്‍ സിബലിനെയും മാഡം നിര്‍ണ്ണായകമായ ചുമതല ഏല്‍പ്പിച്ചത്. പക്ഷേ ഗോവ സര്‍ക്കാരും പോലീസും രാജ്യത്തെ മാധ്യമ ജാഗ്രതയും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നീക്കം തകര്‍ക്കുയായിരുന്നു.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: