സകല വേദങ്ങളുടെയും സാരഭൂതമായ ഓങ്കാരം പരബ്രഹ്മത്തെയും അപരബ്രഹ്മത്തെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്നു. ഉപനിഷദ് വിചാരയജ്ഞത്തിന്റെ നാല്പത്തിയാറാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി. സര്‍വ്വ ഭാവ വികാരങ്ങള്‍ക്കും ഉപരിയുള്ള പരമസത്യത്തെ പരബ്രഹ്മമെന്നും മായായുക്തമായി സൃഷ്ടിസ്ഥിത്യാദി വ്യവഹാരയുക്തമായ ബ്രഹ്മത്തെ അപരബ്രഹ്മമെന്നും അറിയൂ. ഓങ്കാരം ഈ രണ്ട് ഭാവങ്ങളെയും ലക്ഷ്യമാക്കുന്നതിനാല്‍ ഓങ്കാരമാകുന്ന ഏകാശ്രയം കൊണ്ട് പരാപരബ്രഹ്മങ്ങളെ പ്രാപിക്കുന്നു. പരം തത്വം അറിയപ്പെടുന്നതും അപരബ്രഹ്മം പ്രാപിക്കപ്പെടേണ്ടതുമാകുന്നു.
ഓങ്കാരത്തിന്റെ പ്രഥമ മാത്രയാകുന്ന അകാരത്താല്‍ അര്ത്ഥമാക്കപ്പെടുന്ന തത്വങ്ങളെ അനുസന്ധാനം ചെയ്തുകൊണ്ട് ആ മരണം ഉപാസിക്കുന്ന സാധകന് ഈ ജഗത്തില്‍ ഉത്കൃഷ്ടമായ ഭാവത്തെ പ്രാപിക്കുന്നു. ആ ജന്മത്തില് തപസ്സും ബ്രഹ്മചര്യവും ശ്രദ്ധയും ഒത്തുചേര്ന്നവനായി അയാള്‍ മഹിമയെ പ്രാപിക്കുന്നു.
ഓങ്കാരത്തെ മരണപര്യന്തം ശ്രദ്ധയോടെ ഉപാസിക്കുന്ന സാധകന് ഏത് ലോകത്തെ പ്രാപിക്കുന്നുവെന്ന സംശയത്തിന് മറുപടി പറയുന്ന പിപ്പലാദമഹര്‍ഷിയുടെ വാക്യങ്ങളെപ്പറ്റി പ്രശ്നോപനിഷത്തിനെ അധികരിച്ച് വിവരിക്കുകയായിരുന്നു സ്വാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: