കോതമംഗലം: മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് മാതൃകയാകണമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന് അഭിപ്രായപ്പെട്ടു.
ഭാരതീയ വിദ്യാനികേതന്‍ കോതമംഗലം സങ്കുലിന്റെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടി സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് മാതാപിതാക്കള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്, മാതാപിതാക്കളുടെ സംസാരവും പ്രവൃത്തികളും അനുകരിച്ചാണ് കുട്ടികള്‍ വളരുന്നത്. ‘മാതൃദേവോഭവ’ എന്ന സങ്കല്‍പ്പം ഇന്നത്തെ തലമുറക്ക് അന്യമായിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ അമ്മമാരെ വെറുമൊരു സ്ത്രീ മാത്രമായി കാണുന്നു. ഇന്നത്തെ സമൂഹം വിശിഷ്യാ പുരുഷന്മാര് സ്ത്രീകളെ ശരീരം മാത്രമായി കാണുന്നു. നമ്മുടെ നാട്ടില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതിന് പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്നത്തെ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രധാരണ രീതിയാണ്. ഇന്റര്‍നെറ്റ് പോലുള്ള ആധുനിക വിവരസാങ്കേതിക വിദ്യയും മൊബെയില്‍ ഫോണുകളും ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നതാണ് മറ്റൊരു കാരണം. ഇന്നത്തെ ഉപഭോഗ സംസ്കാരവും പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന ഒന്നാണ്.
സ്ത്രീകള്‍ സ്വയം പ്രതിരോധ ശേഷിയും പ്രതികരണശേഷിയുമുള്ളവരാകണം. പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നത് വിവാഹത്തിന് വേണ്ടിയാണ് എന്ന ചിന്തയും മാറണം. ഭാരതീയ വിദ്യാനികേതന്‍ മാതൃസംഗമം ജില്ലാ അദ്ധ്യക്ഷ ഭാനുമതി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രിയ സന്തോഷ്, രമ്യ അനിരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനിത വിനേഷ് സ്വാഗതവും ദീപ ജയകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: