ന്യൂദല്‍ഹി: നരേന്ദ്ര മോദിക്കു നഗരത്തിനുള്ളില്‍ പ്രസംഗാനുമതി തടഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും ഭയന്നിരുന്നതുതന്നെ സംഭവിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രിയായ രാഹുലിനെ തിരസ്കരിച്ച ദല്‍ഹി ജനത വന്‍ തോതില്‍ മോദിയെ കാണാനും കേള്‍ക്കാനുമെത്തി. മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മത്സരിക്കുന്ന മണ്ഡലത്തില്‍ മോദിയുടെ യോഗത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കളികളിലൂടെ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു നഗര പ്രാന്തമായ കിഴക്കന്‍ ദല്‍ഹിയിലെ ഷാദ്രയില്‍ മോദിയുടെ യോഗം സംഘടിപ്പിച്ചത്.
അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്ന ദല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കനും താല്‍പ്പര്യമില്ലാത്ത സര്‍ക്കാരാണ് ദല്‍ഹിയില്‍ ഭരിക്കുന്നതെന്നും കോണ്‍ഗ്രസ് ഭരണത്തില്‍ എല്ലാക്കാലത്തും വിലക്കയറ്റം പതിവാണെന്നും നരേന്ദ്രമോദി പറഞ്ഞു. തടിച്ചുകൂടിയ ആയിരക്കണക്കിനു ജനങ്ങള്‍ മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
വിലക്കയറ്റമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരിച്ചപ്പോഴും മൊറാര്‍ജി ദേശായിയുടെ ജനതാഭരണകാലത്തും മാത്രമാണ് രാജ്യത്ത് വിലക്കയറ്റം ഉണ്ടാകാതിരികുന്നിട്ടുള്ളത്. നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ധനകാര്യമന്ത്രിയും വലിയ വിദ്യാഭ്യാസമുള്ളയാളാണ്. എന്നിട്ടും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. സര്‍ക്കാരിന്റെ പണിയല്ല പച്ചക്കറി വില്‍പ്പനയെന്ന് ഒരു കേന്ദ്രമന്ത്രി പരിഹസിക്കുമ്പോള്‍ ദല്‍ഹിയില്‍ ഉള്ളിവില്‍പ്പന നടത്തുകയാണ് മുഖ്യമന്ത്രി ഷീലാദീക്ഷിതെന്ന് നരേന്ദ്രമോദി പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഷീലാദീക്ഷിതിന്റെ ഉള്ളിക്കച്ചവടം തെരഞ്ഞെടുപ്പ് കമ്മീഷന് കാണാത്തതെന്തെന്നും മോദി ചോദിച്ചു.
തെരഞ്ഞെടുപ്പ് ഏതു സംസ്ഥാനത്തു നടന്നാലും ഗുജറാത്തിനേപ്പറ്റിയാണ് എല്ലാവര്ക്കും പറയാനുള്ളതെന്ന സ്ഥിതി വിചിത്രമാണ്. ദല്‍ഹിയിലെ വൈദ്യുതി നിരക്ക് ഗുജറാത്തിനേക്കാള്‍ കുറവാണെന്ന കള്ളം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ദല്‍ഹിയില്‍ 30 യൂണിറ്റുവരെയുള്ള ഉപയോഗത്തിനു യൂണിറ്റിനു 3.90 രൂപ വീതം ഈടാക്കുമ്പോള്‍ ഗുജറാത്തില്‍ വെറും 1.50 രൂപയാണ് വാങ്ങുന്നത്. ഇരുനൂറു യൂണിറ്റുവരെ ദല്‍ഹിയില്‍ 5.80 ഉം ഗുജറാത്തില്‍ 4.57ഉം ആണ്. ഇതിനു പുറമേ കര്‍ഷകര്‍ക്ക് 3000 കോടിയുടെ വൈദ്യുതിയാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്,മോദി പറഞ്ഞു.
കുടിയേറ്റ താമസക്കാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കിഴക്കന്‍ ദല്‍ഹിയില്‍ അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് മോദി പ്രസഗം തുടര്‍ന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും ഒറീസയില്‍ നിന്നും ബീഹാറില്‍ നിന്നും ആളുകള്‍ക്ക് കുടുംബത്തെ ഉപേക്ഷിച്ച് ജോലി തേടി ദല്‍ഹിയില്‍ വന്നു താമസിക്കേണ്ടി വന്നത് ആ സംസ്ഥാനങ്ങളില്‍ വികസനം ഉണ്ടാകാത്തതു കൊണ്ടുമാത്രമാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി യാതൊന്നും ചെയ്യുന്നില്ല. എന്നാല്‍ ഗുജറാത്തിലെ സൂററ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടിയേറ്റ സതൊഴിലാളികള്ക്കായി സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.
ഭരണം ശരിയല്ലാത്തതാണ് ഇത്തരം അടിസ്ഥാന പ്രശ്നങ്ങളുടെ മൂലകാരണം. ഗുജറാത്തില്‍ ശരിയായ ഭരണസംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്.
നരേന്ദ്രമോദിയുടെ സാമ്പത്തിക ശാസ്ത്രത്തേപ്പറ്റിയാണ് കോണ്ഗ്രസ്സുകാര് ആശങ്കപ്പെടുന്നത്. അല്ലാതെ അവരുടെ ഭരണത്തില്‍ സംഭവിച്ച രാജ്യത്തിന്റെ നിലവിലെ അവസ്ഥയയേപ്പറ്റി കോണ്‍ഗ്രസ്സിന് യാതൊരു ആശങ്കയുമില്ല. 26 രൂപ കൊണ്ട് ഒരു ദിവസം ജീവിക്കാനാവുമെന്ന വിചിത്രമായ കണ്ടുപിടുത്തമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. 300 ഗ്രാം ഉള്ളി വാങ്ങാന്‍ പോലും 26 രൂപ കൊണ്ടു സാധിക്കില്ലെന്ന് സാധാരണക്കാര്ക്കറിയാമെന്നും മോദി പറഞ്ഞു.
കോമണ്‍വെല്‍ത്ത് അഴിമതിയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും വ്യക്തമാക്കിയ മോദി, ദല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഡോ.ഹര്ഷവര്ദ്ധന് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു തികച്ചും അനുയോജ്യനാണെന്നും കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: