ജയ്പൂര്‍: രാജസ്ഥാനില്‍ 74.3% പോളിംഗ് നടന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. യുവജനങ്ങള്‍ കൂട്ടത്തോടെ വോട്ടുചെയ്യാനായി എത്തിയതോടെയാണ് സംസ്ഥാനത്തെ വോട്ടിംഗ് നിലയില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായത്. സംസ്ഥാനത്തെ 2.5 കോടി വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 2008ല്‍ 66% ആയിരുന്നു രാജസ്ഥാനിലെ വോട്ടിംഗ് ശരാശരി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.
16.51 ലക്ഷം കന്നിവോട്ടര്‍മാരാണ് ഇത്തവണ വോട്ടേഴ്സ് പട്ടികയില്‍ പേരു ചേര്‍ത്തിരുന്നത്. മുന്‍ വര്‍ഷം ഇതു വെറും 6.71 ലക്ഷം മാത്രമായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജസ്ഥാനില്‍ പുതിയ വോട്ടര്‍മാരുടെ നിലപാട് നിര്‍ണ്ണായകമാണ്. രാജസ്ഥാന് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇത്രയും വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് രാജസ്ഥാനില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നരേന്ദ്രമോദി ആരോപിച്ചിരുന്നു. യുവാക്കളുടെ വലിയ നിരതന്നെ മോദിയുടെ യോഗങ്ങളിലെത്തിയതും സര്‍ക്കാരിനെതിരായ വികാരം രൂക്ഷമാണെന്ന് തെളിയിച്ചിരുന്നു.
സംസ്ഥാനത്ത് 20 തെരഞ്ഞെടുപ്പ് റാലികളിലാണ് നരേന്ദ്രമോദി പങ്കെടുത്തത്. 28 നിയോജകമണ്ഡലങ്ങളുള്ള മേവാര്‍ റീജിയണ്‍ കേന്ദ്രീകരിച്ചാണ് മോദി പ്രധാനമായും റാലികള്‍ സംഘടിപ്പിച്ചത്.
199 നിയോജകമണ്ഡലങ്ങളിലായി അരലക്ഷത്തിനടുത്ത് പോളിംഗ് ബൂത്തുകളായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയിരുന്നത്. ചില സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ ചെറിയ തകരാറുകള്‍ സംഭവിച്ചെങ്കിലും ഉടന്‍ തന്നെ പുതിയയന്ത്രം കൊണ്ടുവന്നുപ്രശ്നം പരിഹരിച്ചു. പൊതുവെ സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജസ്ഥാനില്‍ നടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരുടെ പ്രതികരണം. ദോസ ജില്ലയിലെ സലീംപുരയില് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പോലീസിന് രണ്ടുറൗണ്ട് ആകാശത്തേക്ക് വെടിവെയ്ക്കേണ്ടിവന്നതായി എഡിജിപി നവദീപ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: