കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ കൈയില്‍ നിന്നും 181 ഗ്രാമിന്റെ വള പിടിച്ചെടുത്ത സംഭവത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ നോട്ടീസ് അയച്ചു. വള കണ്ടു കെട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നു രാവിലെയാണ് കലാഭവന്‍ മണിയുടെ കൈയില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ വള പിടിച്ചെടുത്തത്. കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയ മണിയെ കസ്റ്റംസ് പരിശോധിക്കുന്നതിനിടെ കൈയില്‍ കിടന്ന വള ശ്രദ്ധയില്‍പെട്ട കസ്റ്റംസ് അധികൃതര്‍ സ്വര്‍ണമാണോയെന്ന് മണിയോട് ചോദിച്ചു. ഇതില്‍ ക്ഷുഭിതനായ മണി വള ഉദ്യോഗസ്ഥര്‍ക്കു മുമ്പിലേക്കു വലിച്ചെറിഞ്ഞ ശേഷം മോശമായി സംസാരിച്ചു എന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ഒരു സ്ഥലത്തേക്ക് പോകുമ്പോള്‍ കൈയിലുള്ള ആഭരണങ്ങളുടെ കണക്ക് വിമാനത്താവള ഉദ്യോഗസ്ഥരെ കൊണ്ട് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും തിരികെ എത്തുമ്പോള്‍ അത് കാണിക്കുകയും വേണം എന്നാണ് നിയമം. എന്നാല്‍ മണിയുടെ കൈവശം ഈ രേഖ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് വള കസ്റ്റംസ് പിടിത്തെടുത്തത്. പരിശോധനയില്‍ വളയ്‌ക്ക് 181 ഗ്രാം ഭാരമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ നോട്ടീസ് അയയ്‌ക്കുകയായിരുന്നു. അതേസമയം കസ്റ്റംസ് ഉദ്യോഗസ്ഥരോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് മണി പറഞ്ഞു.
എന്റെ കൈയില്‍ കള്ളക്കടത്ത് സ്വര്‍ണമൊന്നും ഉണ്ടായിരുന്നില്ല. കുവൈറ്റിലേക്ക് പോകുമ്പോഴും എന്റെ കൈയില്‍ ഒരു വളയുണ്ടായിരുന്നു. തിരികെ വരുമ്പോഴും അതുണ്ടായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ അത് കൈയില്‍ ഇട്ടിരിക്കുന്നതാണെന്നും മണി പറഞ്ഞു. കൈയിലെ ബ്രേസ്‌ലെറ്റിനു പുറമേ മണിയുടെ കഴുത്തില്‍ ഒരു സ്വര്‍ണച്ചെയിനും ഉണ്ടായിരുന്നു. നിയമമനുസരിച്ച് ആറു മാസത്തിലധികം വിദേശത്തു കഴിഞ്ഞ ഒരാള്‍ക്കു മാത്രമേ ആഭരണങ്ങള്‍ കൊണ്ടുവരാനാകൂ. എന്നാല്‍ മണി ഒരു പ്രോഗ്രാമിനു വേണ്ടി അടുത്തിടെയാണ് കുവൈറ്റിലേക്ക് പോയത്.
അടുത്തിടെ അതിരപ്പിള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ മണി വനപാലകരെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: