തിരുവനന്തപുരം: സച്ചിന് പകരം വയ്ക്കാനില്ലാത്ത ക്രിക്കറ്ററാണെന്ന് മുന്‍ ശ്രീലങ്കന്‍ നായകന് സനത് ജയസൂര്യ.
ക്രിക്കറ്റിനോടുള്ള സച്ചിന് ടെണ്ടുല്‍ക്കറുടെ സമര്‍പ്പണ മനോഭാവം തന്നെ എക്കാലവും അതിശയിപ്പിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞ് നിന്ന സച്ചിനെ അടുത്തറിയാന്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒരുമിച്ചു കളിച്ചപ്പോഴാണെന്നും ശ്രീലങ്കന്‍ പോസ്റ്റല്‍ സഹമന്ത്രി കൂടിയായ ജയസൂര്യ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച എസ്ബിടി ജെപിഎല്‍ മത്സരങ്ങളുടെ സമാപനചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജയസൂര്യ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ താന്‍ കണ്ട ഏറ്റവും മികച്ച കളിക്കാരനും സച്ചിന് തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന്, വിരാട് കോഹ്ലി, റെയ്ന തുടങ്ങിയവരുള്‍പ്പെട്ട ഇന്ത്യയുടെ ഇന്നത്തെ ബാറ്റിംഗ് നിര ലോകത്തേറ്റവും മികച്ചതാണെന്ന് ജയസൂര്യ പറഞ്ഞു.
ഇരുപത് വര്‍ഷം നീണ്ട് നിന്ന ക്രിക്കറ്റ് ജീവിതത്തെക്കാള്‍ തനിക്ക് ബുദ്ധിമുട്ടേറിയതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു.
ശ്രീലങ്കയുടെ ഇന്നത്തെ അടിസ്ഥാന സൗകര്യവികസനത്തിലും റോഡ് നിര്‍മാണത്തിലും ചൈന സഹായിക്കുന്നുണ്ട്. കൊളംബോയില്‍ നിന്നും ജാഫ്നയിലേക്കെത്താന് 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ നാല് അഞ്ച് മണിക്കൂര്‍ മതിയാകും. ചോഗം സമ്മേളനത്തില്‍ പങ്കെടുത്ത വിദേശരാഷ്ട്ര തലവന്മാര്ക്ക് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടു. 30 വര്‍ഷം നിലനിന്നിരുന്ന തീവ്രവാദവും യുദ്ധവും അവസാനിപ്പിക്കുന്നതില്‍ മഹീന്ദ രാജപക്സെ സര്‍ക്കാര്‍ വിജയിച്ചു. ശ്രീലങ്കയിലെ ഏറ്റവും മികച്ച പ്രസിഡന്റ് രാജപക്സെ ആണെന്നാണ് തന്റെ ഉറച്ച അഭിപ്രായമെന്നും ജയസൂര്യ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: