ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു തിരിച്ചടി. ജമ്മു കാശ്മിരിനെതിരായ ഗ്രൂപ്പ് സി മത്സരത്തില്‍ കേരളം ഒന്നാം ഇന്നിങ്ങ്സ് ലീഡ് വഴങ്ങി.
കാശ്മീരിന്റെ 377 റണ്‍സ് മറികടക്കാനിറങ്ങിയ കേരളം മൂന്നാം ദിനം 302 റണ്‍സിനു പുറത്താവുകയായിരുന്നു. രണ്ടാംവട്ടം ബാറ്റിങ് ആരംഭിച്ച കാശ്മീര്‍ അദില്‍ ഋഷിയുടെ (68 നോട്ടൗട്ട്) മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസം അവശേഷിക്കെ അവര്‍ക്കിപ്പോള്‍ 186 റണ്‍സിന്റെ ഓവറോള്‍ ലീഡ്.
ഓപ്പണര്‍ വി.എ. ജഗദീശിന്റെ (106) സെഞ്ച്വറിയും രോഹന് പ്രേമിന്റെ (86) അര്‍ധ സെഞ്ച്വറിയുമായിരുന്നു കേരളത്തിനു ലഭിച്ച ആശ്വാസങ്ങള്‍. ജഗദീശും രോഹനും 136 റണ്‍സിന്റെ സഖ്യമുണ്ടാക്കി.
16 ബൗണ്ടറികള്‍ ഉതിര്‍ത്ത ജഗദീശിനെ വസീം റാസ മടക്കി. പിന്നീടുവന്ന റോബര്‍ട്ട് ഫെര്‍ണാണ്ടസും രോഹനൊപ്പം ചെറുത്തുനിന്നു. രോഹന് പുറത്താകുമ്പോള്‍ 278/4 എന്ന മികച്ച നിലയിലായിരുന്നു കേരളം. പക്ഷേ, പിന്നീട് ആറു വിക്കറ്റുകള്‍ 24 റണ്‍സിന് വലിച്ചെറിഞ്ഞ സന്ദര്‍ശകര്‍ ലീഡ് വഴങ്ങി.
റോബര്‍ട്ട് ഫെര്‍ണാണ്ടസ് (26) വിക്കറ്റ് കീപ്പര്‍ നിഖിലേഷ് സുരേന്ദ്രന് (4), ക്യാപ്റ്റന്‍ സച്ചിന് ബേബി (1), പി.യു. അന്താഫ് (7), സി.പി. ഷാഹിദ് (1), പ്രശാന്ത് പരമേശ്വരന് (4) എന്നിവര്‍ ബാറ്റ് താഴ്ത്തുമ്പോള്‍ കൈയെത്തും ദൂരത്തുണ്ടായിരുന്ന ലീഡ് നഷ്ടപ്പെടുത്തിയതിന്റെ നിരാശയായിരുന്നു കേരള ക്യാംപില്‍.
കാശ്മീരിനുവേണ്ടി സമിയുള്ള ബെയ്ഗ് നാലു വിക്കറ്റുകള്‍ പിഴുതു. മുഹമ്മദ് മുദാസിരും രാംദയാലും രണ്ടിരകളെ വീതം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: