കാര്‍ത്തിക മാസത്തിലെ തിങ്കളാഴ്ചയില് വിശാഖം നക്ഷത്രത്തില്‍ സൂര്യ ചന്ദ്രന്മാര് സമ്മേളിക്കുന്ന അമാവാസിയില്‍ തലക്കാടുള്ള അഞ്ചു ശിവക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഏഴു മുതല്‍ പതിമൂന്നു വര്‍ഷത്തിനിടെ മാത്രം ആവര്‍ത്തിക്കുന്ന ആ ‘അമോസോമ’വാരം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തന്മാരെ കൊണ്ട് തലക്കാട് നിറഞ്ഞ് കവിയും. തലക്കാടിനു തെക്ക് പടിഞ്ഞാറ് കാവേരീ തീരത്തുള്ള വൈദ്യനാഥേശ്വര ക്ഷേത്രം ഭൂരിഭാഗം സമയവും നദിയാലും മണലിലും മൂടപ്പെട്ടിരിക്കുന്നു. പഞ്ചലിംഗ ദര്‍ശനകാലത്തു മണല്‍ നീക്കിയാണ് ദര്‍ശന സൗകര്യം ഒരുക്കുന്നത്. കാവേരീയിലെ ഗോകര്ണ്ണതീര്ത്ഥത്തില് മുങ്ങി ഈറനോടെ വൈദ്യനാഥേശ്വരനെ ദര്‍ശിച്ച് ഏതാണ്ട് അഞ്ചുമയില്‍ ചുറ്റളവിലുള്ള അര്ക്കേശ്വരനെയും വാസുകീശ്വരന് അഥവാ പാതാളേശ്വരനെയും സൈകതേശ്വരന് അഥവാ മരളേശ്വരനെയും മല്ലികാര്ജുനസ്വാമിയെയും ഒരേ ദിവസം ദര്‍ശിക്കുന്നതോടെയാണ് തീര്‍ഥാടനം പൂര്‍ണ്ണമാകുന്നത്. അഞ്ചു ക്ഷേത്രങ്ങളും ശിവന്റെ പഞ്ച മുഖങ്ങള്‍ ആണെന്ന് കരുതപ്പെടുന്നു. അഞ്ചു വ്യത്യസ്ത ദിശകളില്‍ ഉള്ള കടവുകള്‍ കാവേരി നദിക്കു അവിടെകാണാന്‍ കഴിയും. ഉത്തരവാഹിനീ തീരത്ത് അര്ക്കേശ്വരനും പൂര്വവാഹിനീ തീരത്ത് പാതാളേശ്വരനും ദക്ഷിണ വാഹിനിയില്‍ മരളേശ്വരനും പശ്ചിമ വാഹിനിയില്‍ മല്ലികാര്‍ജുനനും നടുവില്‍ വൈദ്യനാഥേശ്വരനും സ്ഥിതി ചെയ്യുന്നു. ഓരോ ക്ഷേത്ര ദര്‍ശനത്തിനു ശേഷവും മടങ്ങി വൈദ്യനാഥേശ്വരനെ ദര്‍ശിക്കണം. അപ്പോഴൊക്കെയും നദീസ്നാനം നിര്‍ബന്ധം ആണ്. പാതാളേശ്വര ശിവലിംഗം അപൂര്‍വമായ വിശേഷത്തോടുകൂടിയതാണ്. കാലത്ത് ചുവപ്പും മദ്ധ്യാഹ്നത്തില്‍ കറുപ്പും സന്ധ്യാരാധനയില് വെളുപ്പും നിറത്തില്‍ അത് കാണപ്പെടുമത്രേ. ശൈവാരാധകരായിരുന്നു തലക്കാടിന്റെ ഭരണകര്‍ത്താക്കളില്‍ അധികവുമെങ്കിലും തന്റെ ദിഗ്വിജയത്തിനിടെ രാമാനുജാചാര്യര്‍ പ്രതിഷ്ഠിച്ച അഞ്ചു വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നായ കീര്‍ത്തി നാരായണ സ്വാമി ക്ഷേത്രവും ഭക്തിപാരവശ്യം ഉണര്‍ത്തുന്നതാണ്. പ്രാണിക ദ്രാവിഡ ശില്‍പ്പഭംഗിയും ആര്യാവര്ത്തത്തിന്റെ ഈശ്വരസങ്കല്പ്പ മഹിമയും പ്രകൃതിമാതാവ് കനിഞ്ഞു നല്കുന്ന ദൃശ്യ ചാരുതയും ഒത്തുചേര്‍ന്ന ക്ഷേത്രങ്ങള്‍ കാണുന്നത് തന്നെ മഹാ പുണ്യമത്രേ. ഈ നവംബര്‍ 28നു മുതല്‍
ആരംഭിക്കുന്ന പഞ്ചലിംഗ ദര്‍ശനം ഡിസംബര്‍ രണ്ടിനു തിങ്കളാഴ്ച ‘അമോസോമാവാര’ത്തില്‍ ഉച്ചസ്ഥായിയില്‍ എത്തും. ഡിസംബര്‍ ഏഴിനു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: