മാറ്റ് പറയാനാകാത്ത മാതൃകയുണ്ടോ…
പിടിച്ചുനിര്‍ത്താനാകാതെ സ്വര്‍ണ്ണവില കുതിച്ചുയരുകയാണ്. ഇതിനിടെ ഈ മേഖലയിലുള്ള സംഘടനകള്‍ അവരുടേതായ വില നിശ്ചയിച്ച് മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ആവശ്യക്കാരെ വലവിരിച്ച് പിടിക്കുന്നു. 91.6 എന്ന പരിശുദ്ധിയുടെ കണക്ക് വിളമ്പി ഇവര്‍ ഗുണമേന്മ ആവര്‍ത്തിക്കുമ്പോള്‍ പാവം ഉപഭോക്താവിന് എന്തുമനസ്സിലാകാന്‍. കൂണുപോലെ സ്വര്‍ണക്കടകള്‍ മുളച്ചുയരുന്ന കാലത്ത് സ്വര്‍ണത്തിന്റെ യഥാര്‍ത്ഥവിലയും മാറ്റുമറിയാന്‍ എന്തെങ്കിലും സംവിധാനമുണ്ടോ.
സ്വര്‍ണം വാങ്ങലിലും വില്‍പ്പനയിലും ഏതെങ്കിലും തരത്തിലുള്ള മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. തട്ടാനേ തങ്കത്തിന്റെ മാറ്ററിയൂ എന്ന പഴഞ്ചൊല്ലിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സ്വര്‍ണത്തിന്റെ മാറ്ററിയാന്‍ സാധരണക്കാരനെങ്ങനെ സാധിക്കും. മാറ്റി വാങ്ങാന്‍ നല്കുന്ന സ്വര്‍ണത്തിന് ചെമ്പംശം കൂടുതലും പുതിയ സ്വര്‍ണത്തിന് മാറ്റ് കൂടുമെന്നുമുള്ള അനുഭവത്തിലൂന്നിയ അറിവിനപ്പുറം ജനം കടക്കുന്നില്ല. എന്നാല്‍ സ്വര്‍ണാഭരണങ്ങളോടുള്ള പ്രിയം കാലാതീതമാണെന്നറിഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ഭരണാധികാരികള്‍ സ്വര്‍ണസംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. അതിലെ ചില നിബന്ധനകള്‍ ഇങ്ങനെ..
‘ഏത് വര്‍ണ്ണവും എത്ര തൂക്കവുമുള്ള നിക്ഷേപമാണോ വാങ്ങിയത് അതേ വര്‍ണ്ണത്തോടും അത്ര തൂക്കത്തോടും പണി കഴിഞ്ഞ് ഏല്‍പ്പിക്കണം. കാലങ്ങള്‍ കഴിഞ്ഞ് അതേ സാധനം തിരികെ കൊടുക്കുമ്പോള്‍ തേയ്മാനം വന്നതോ ഒടിഞ്ഞതോ ആകാത്ത പക്ഷം അത് തിരികെ വാങ്ങണം’.
സ്വര്‍ണ്ണത്തോടും സ്വര്‍ണ്ണാഭരണങ്ങളോടുമുള്ള മനുഷ്യന്റെ ഭ്രമം കണ്ടറിഞ്ഞ് നിഷ്ക്കര്‍ഷിച്ച ചില വ്യവസ്ഥകളില്‍ ഒന്നാണിത്. വാങ്ങുന്നവരും വില്ക്കുന്നവരും വഞ്ചിക്കപ്പെടരുതെന്ന താത്പര്യം മാത്രമായിരുന്നു ഇതിന് പിന്നില്‍. ഇന്ന് വ്യാപാരികള്‍ പറയുന്ന മാറ്റും പണിക്കൂലിയും വിലയും വിശ്വസിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിലെ കൃത്യതയും വിശ്വസ്തതയും അളക്കാന്‍ ഉതകുന്ന നിയമങ്ങളെക്കുറിച്ച് ആരും ബോധവാന്മാരല്ല. മാറ്റ് കുറഞ്ഞ സ്വര്‍ണം വിറ്റതിനോ പണിക്കൂലിയിലും അളവുയന്ത്രത്തിലും തട്ടിപ്പ് കാണിച്ചതിനോ ഒരു സ്വര്‍ണവ്യാപാരിയും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ടുമില്ല, മറിച്ച് ഏറ്റവും മാന്യമായി തട്ടിപ്പ് കാണിക്കാവുന്ന രംഗമായി ഇത് വളര്‍ന്ന് പന്തലിക്കുകയാണ്. മാത്രമല്ല തങ്ങളാണ് ശരിയെന്ന് ആവര്‍ത്തിക്കുന്ന ഓരോ ജ്വലറിഷോപ്പും സ്വര്‍ണവില്‍പ്പനയില്‍ സാധ്യമാകുന്ന കബളിപ്പിക്കലിനെക്കുറിച്ച് സൂചനയും നല്‍കുന്നുണ്ട്. എന്നിട്ടും ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍കുന്നുമില്ല.
ലക്ഷങ്ങള്‍ കൊടുത്തുവാങ്ങുന്ന സ്വര്‍ണ്ണം തിരികെ നല്കുമ്പോള് ഭീമമായ നഷ്ടമാണ് സാധാരണക്കാരനുണ്ടാകുന്നത്. പണിക്കൂലിയുടെയും കല്ലുകളുടെയും കണക്ക് പറഞ്ഞാണ് വ്യാപാരികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ആര്ഭാടത്തിനും പൊങ്ങച്ചപ്രദര്ശനത്തിനുമായി സ്വര്‍ണ്ണത്തില്‍ മുങ്ങിയിറങ്ങുന്ന ധനികര്‍ക്ക് ഇത് പ്രശ്നമല്ലായിരിക്കും. എന്നാല്‍ പുരയിടം പണയം വച്ച് സ്വര്‍ണം വാങ്ങി മകളുടെ വിവാഹം നടത്തുന്ന സാധാരണക്കാരനോട് ചെയ്യുന്ന ഈ കൊള്ളയുടെ ഉത്തരവാദിത്തം ആരുമേറ്റെടുക്കുന്നില്ല. പരാതികളില്ലാതെ നിശബ്ദമായി നടക്കുന്ന ഈ തട്ടിപ്പിനെ ആരും ചോദ്യം ചെയ്യുന്നുമില്ല.
സിഡികടകളിലും ഇറച്ചിക്കടകളിലും ഹോട്ടലുകളിലും നടത്തുന്ന പരിശോധന സര്ണക്കടകളിലും നടത്തേണ്ടിയിരിക്കുന്നു. അളവില്‍ കാണിക്കാത്ത സ്വര്‍ണ്ണവും പണവും പിടിച്ചെടുക്കാനുള്ള ആര്‍ജ്ജവം ഭരിക്കുന്നവര്‍ക്കുണ്ടാകണം. നമ്മുടെ വിമാനത്താവളങ്ങളില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് സ്ഥിരമായ ഒരു ഏര്പ്പെടായിരുന്നു എന്ന് പിടിക്കപ്പെട്ടവര്‍ തുറന്നു പറയുമ്പോള്‍ മുമ്പ് പിടിച്ചെടുത്ത കോടിക്കണക്കിന് സ്വര്‍ണ്ണാഭരണങ്ങളും ബിസ്ക്കറ്റുകളും പോയ വഴിയെക്കുറിച്ച് ഒരു സൂചനയുമില്ല. ഇത്തരത്തില്‍ കടത്തിക്കിട്ടുന്ന സ്വര്‍ണ്ണം ഏറ്റെടുത്ത് കച്ചവടമാക്കുന്നവര്‍ ആരെല്ലാമാണെന്ന് കണ്ടുപിടിക്കാത്തത് ആരുടെ കഴിവ് കേടാണെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
നൂറ് ശതമാനം പരിശുദ്ധി സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ പൂര്‍വ്വികര്‍ ആഭരണങ്ങളുടെ ഉറപ്പിന് അല്‍പ്പസ്വല്‍പ്പം വിട്ടുവീഴ്ച്ചകള്‍ ആവാമെന്നും നിഷ്ക്കര്ഷിച്ചിരുന്നു.
‘പൊന്നിനും വെള്ളിക്കും ഒരു സുവര്‍ണ്ണത്തിന് (16 മാഷത്തൂക്കം) ഒരു കാകണി ( കാല് മാഷത്തൂക്കം) വീതം കുറവ് വകവച്ചുകൊടുക്കണം. ഒരു സുവര്‍ണ്ണം പൊന്നില്‍ ഒരു കാകണി ഉരുക്കും അതിലിരട്ടി വെള്ളിയുമാണ് ചേര്‍ക്കേണ്ടത്. അപ്പോള്‍ അല്‍പ്പസ്വല്‍പ്പം കുറവുണ്ടാകും’
തട്ടാന്‍ തായ്പ്പൊന്നിലും മായ്പൊന്നിടും, തട്ടാന്‍ തൊട്ടാല്‍ പത്തിനെട്ട് തുടങ്ങിയ പഴഞ്ചൊല്ലുകള്‍ സ്വര്‍ണപ്പണിയിലെ അട്ടിമറിയെക്കുറിച്ചുള്ള ചെറുസൂചനകളാണ്. എങ്കിലും പൊന്നുരുക്കുന്ന പണിക്ക് ഏറെ വിശുദ്ധി നല്കി സമര്‍പ്പണം പോലെ കുലത്തൊഴില്‍ ചെയ്തുവന്നിരുന്നവരാണ് തട്ടാന്മാര്. ഇന്ന് യന്ത്രത്തികവില് രൂപപ്പെടുന്ന ആഭരണങ്ങള്‍ക്ക് പഴയ കരവിരുതിന്റെ ചാരുത അവകാശപ്പെടാനുമില്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരു കച്ചവടമാണിത്. സ്വര്‍ണവില്‍പ്പന കൊഴുപ്പിക്കാന്‍ അക്ഷയതൃതീയയെ കൂട്ടുപിടിച്ചപ്പോള്‍ ഇക്കഴിഞ്ഞ മെയ് മാസം മാത്രം കേരളത്തില്‍ വിറ്റഴിച്ചത് 300 കോടി രൂപയുടെ സ്വര്‍ണം. ഇതിനിടയില്‍ സ്വര്‍ണ്ണത്തിന് രണ്ടുവിലയെന്ന നിലപാടുമായി വ്യാപാരികള്‍ വേറെ.
മായംചേര്ക്കലിനെക്കുറിച്ചും അഴിമതിയെക്കുറിച്ചുമുള്ള പരാതികള്‍ വര്‍ദ്ധിക്കുമ്പോള്‍ തട്ടിപ്പിന്റെ അറിയാക്കഥകളുമായി തഴച്ചുവളരുകയാണ് നമ്മുടെ സ്വര്‍ണവ്യാപാരരംഗം. ഭരണാധികാരികളുടെ ശ്രദ്ധ ഇവിടെ പതിയാതെയാകുമ്പോള് പൊതുഖജനാവിന് നഷ്ടമാകുന്നത് കോടികളാണ്. ഒപ്പം ചൂഷണത്തിന്റെ പ്രത്യക്ഷഇരകളാകുന്നത് പാവം ജനങ്ങളും. ജനക്ഷേമം എന്നത് രണ്ടുരൂപക്ക് അരി നല്‍കുന്നത് മാത്രമല്ലെന്നും അഴിമതിരഹിതമായ ഒരു സമൂഹത്തില്‍ അഭിമാനത്തോടെയും സത്യസന്ധതയോടെയും ജീവിക്കാനുള്ള അവന്റെ അവകാശം ഉറപ്പിക്കല്‍ കൂടിയാണെന്നും അഭിനവ ഭരണാധികാരികള്‍ അറിയാതെ പോകുന്നത് മൂല്യവും തത്വവുമില്ലാതെപോകുന്ന കാഴ്ച്ചപ്പാടിന്റെ അനന്തരഫലം മാത്രം.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: