ബംഗളൂരു: ഇന്ത്യ ചൊവ്വയിലേക്ക് വിക്ഷേപിച്ച മംഗള്യാന് പേടകം ഇന്ന് അര്‍ധരാത്രിക്ക് ശേഷം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയിലേക്ക് പ്രയാണം ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 12.49നായിരിക്കും പേടകം പ്രയാണം ആരംഭിക്കുക. നവംബര്‍ അഞ്ചിനായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്യാന് വിക്ഷേപിച്ചത്.
അര്‍ധരാത്രി 12.49ന് പേടകം മൗറീഷ്യസിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ പേടകത്തിന്റെ ഗതി ഐഎസ്ആര്‍ഒ ചൊവ്വയിലേക്ക് തിരിച്ചുവിടും. ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗതയില്‍ മംഗള്യാന് ചൊവ്വയിലേക്ക് കുതിക്കും. ചൊവ്വയിലേക്കുള്ള കുതിപ്പിനായി സെക്കന്‍ഡില്‍ 648 മീറ്റര്‍ വേഗമാര്‍ജിക്കാന്‍ ദ്രവ എന്ജിന് തുടര്‍ച്ചയായി 23 മിനിറ്റ് ജ്വലിപ്പിക്കും. ഇതിനായി 198 കിലോ ഇന്ധനമാണ് വേണ്ടതെന്ന് ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി വി. കൊടേശ്വര അറിയിച്ചു. ഈ പാതയില്‍ പേടകത്തിന് 680 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്.
2014 സെപ്റ്റംബര്‍ 24ന് പേടകം ചൊവ്വയുടെ അടുത്തെത്തും. യാത്രയിലെ ചെറിയ വ്യതിയാനം പോലും കൃത്യമായി മനസ്സിലാക്കാന്‍ ഐഎസ്ആര്‍ഒ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. പേടകത്തിന്റെ സഞ്ചാരത്തിനിടെ നാലു തവണ ഗതിയില്‍ മാറ്റമുണ്ടാകും. ആദ്യത്തേത് ഡിസംബര്‍ 11നോ അടുത്ത ദിവസങ്ങളിലോ ഉണ്ടാവും. രണ്ടാമത്തേത് 2014 ഏപ്രിലിലും മൂന്നാമത്തേത് 2014 ആഗസ്റ്റിലും നാലാമത്തേത് സെപ്റ്റംബര്‍ 14നുമാണ് നടക്കുക. ഇതില്‍ ചെറിയ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
ചൊവ്വയിലേക്ക് പ്രവേശിക്കല്‍ 2014 സെപ്റ്റംബര്‍ 24ന് രാവിലെ 7.30ന് സംഭവിക്കുമെന്നാണ് കരുതുന്നത്. ഈ സമയം 58.8 മിനിറ്റ് ദ്രവ എന്ജിന് തുടര്‍ച്ചയായി ജ്വലിപ്പിക്കും. ചൊവ്വയിലേക്ക് കടക്കാന്‍ സെക്കന്‍ഡില്‍ 1109 മീറ്റര്‍ വേഗം കൈവരിക്കാനാണിത്. ഇതിനായി 247 കിലോ ഇന്ധനമാണ് ഉപയോഗിക്കുക.
മംഗള്യാന് പേടകത്തിലെ മുഴുവന്‍ യന്ത്രങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും സൗരോര്‍ജ്ജ പാനലുകളും ആന്റിനകളും കാര്യക്ഷമമമാണെന്നും ഐ.എസ്.ആര്.ഒ അറിയിച്ചു. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളായ ഇസ്ട്രാക്കും ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്കുമാണ് മംഗള്‍യാനെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി ചുവന്ന ഗ്രഹത്തിലെ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കുക എന്നതാണ് മംഗള്‍യാന്റെ ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: