തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായ വ്യവസായി വി.എം.രാധാകൃഷ്ണനില്‍നിന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി പരസ്യം സ്വീകരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. പരസ്യം വാങ്ങിയതില്‍ തെറ്റില്ലെന്ന പാര്‍ട്ടി നിലപാടിനെതിരെയാണ് വിഎസ്സിന്റെ പ്രതികരണം. മലമ്പുഴയില്‍ തന്നെ തോല്പിക്കാന് കോടികളൊഴുക്കിയ ആളാണ് രാധാകൃഷ്ണനെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാലക്കാട്ട് നടക്കുന്ന സിപിഎം പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന് പരസ്യം ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയത്. സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ രാധാകൃഷ്ണന്റെ ചിത്രവും വച്ചായിരുന്നു പരസ്യം. പത്രത്തില്‍ പരസ്യം സ്വീകരിച്ചിതില് തെറ്റില്ലെന്ന നിലപാടാണ് സിപിഎം നേതാവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ.പി.ജയരാജന് പരസ്യമായി പറഞ്ഞത്. ആ നിലപാടിനെതിരായാണ് വിഎസ്സിന്റെ പ്രതികരണം.
മലമ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഎസിന്റെ വീട്ടില്‍ കൊണ്ടുപോയി പണം നല്‍കിയിട്ടുണ്ടെന്ന് രാധാകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, രാധാകൃഷ്ണന് തനിക്ക് പണം നല്‍കിയിട്ടുണ്ടെന്നതിനെ ജനങ്ങള്‍ പുഛത്തോടെ തള്ളിക്കളയുമെന്ന് വിഎസ് പറഞ്ഞു. തോല്പിക്കാന് നോക്കിയ ആള് പണം നല്കിയെന്നു പറഞ്ഞാല്‍ തള്ളിക്കളയുക തന്നെ ചെയ്യും.
സിപിഎം പ്ലീനം അവസാനിക്കുന്നതിനു മുന്നേ തന്നെ വിഎസ് തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. പനികാരണമാണ് നേരത്തെ മടങ്ങിയതെന്നാണ് വിശദീകരണം. പൊതുചര്‍ച്ചയ്ക്കുള്ള സംസ്ഥാന സെക്രട്ടറിയുടെ മറുപടിക്കും പൊതുസമ്മേളനത്തിനും കാത്ത് നില്‍ക്കാതെയാണ് വിഎസ് തീവണ്ടിയില്‍ മടങ്ങിയെത്തിയത്. പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ വിഎസ്സിന്റെ പേരുണ്ടായിരുന്നില്ല.
ദേശാഭിമാനി സൂര്യഗ്രൂപ്പിന്റെ പരസ്യം പ്രാധാന്യത്തോടെ നല്‍കിയതിനെ സിഐടിയു നേതാവ് എം.എം.ലോറന്‍സും വിമര്‍ശിച്ചു. കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനും അഭിവാദ്യമര്‍പ്പിച്ച് സൂര്യാ ഗ്രൂപ്പിന്റെ പരസ്യം സ്വീകരിച്ചത് പാര്‍ട്ടിക്കകത്ത് വിവാദമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: