കഴിഞ്ഞവര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലത്തിന് മങ്ങലേല്‍പ്പിച്ചത് മുല്ലപ്പെരിയാര്‍ പ്രശ്നമായിരുന്നു. നാടു ഭരിക്കുന്ന ഒരു മന്ത്രി ഒരു കുഞ്ഞിനേയും ഒക്കത്തെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് “ഇപ്പോള്‍ പൊട്ടും, ഇപ്പോള്‍ പൊട്ടും” എന്നാക്രോശിച്ചുകൊണ്ടുള്ള ചിത്രം സംസ്ഥാനത്തൊട്ടാകെ നിരന്നു. തമിഴനും മലയാളിയുമായുള്ള ആത്മബന്ധം ശിഥിലമായി. ഒത്തിരി മലയാളികള്‍ തമിഴ്നാട്ടില്‍ ആക്രമണത്തിനിരയായി. ഈ മന്ത്രിയും മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയും കൂടി കഴിഞ്ഞവര്‍ഷത്തെ ശബരിമല സീസണിന്റെ നിറം കെടുത്തി. ഏറെ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. പ്രതീക്ഷിച്ച വരുമാനം ശബരിമലയില്‍ ലഭിച്ചുമില്ല. മന്ത്രിയുടെ ആവശ്യം സഹസ്രകോടികള്‍ മുടക്കുള്ള പുതിയ അണക്കെട്ടു നിര്‍മിക്കണമെന്നതായിരുന്നു. എങ്കിലേ ജനത്തിനെ രക്ഷിക്കാനാകൂ.
പൊതുവേ എല്ലാ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ-കോണ്ട്രാക്ടര് ലോബിക്കും വന്‍കിട പദ്ധതികളോട് താല്‍പ്പര്യം വരുന്നതിന്റെ കാരണം എല്ലാവര്ക്കും അറിയാം. അതായത് അടങ്കല്‍ തുക പല മടങ്ങ് ഭാവിയില്‍ വര്‍ധിപ്പിക്കും. നല്ലൊരു പങ്ക് കീശയിലാക്കാം എന്നതുതന്നെ. അഞ്ചോ പത്തോ കോടി രൂപ മുടക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമായി നിലനിര്‍ത്താമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച സമരസമിതി ചെയര്‍മാനെ തമിഴനുകൂലി എന്നു മുദ്ര കുത്തി പുറത്താക്കിയ ശേഷം സമരസമിതി ചെയര്‍മാനായി അവരോധിക്കപ്പെട്ടത് ഒരു ക്രിസ്തീയ പുരോഹതിനാണെന്നത് യാദൃശ്ചികമാണോ?
ഈ വൃശ്ചികപ്പുലരിയില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ സമരകാഹളം മുഴക്കിയതും ക്രൈസ്തവ സഭ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും കുറിച്ച് കള്ളക്കഥകള്‍ കുഞ്ഞാടുകളെ പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ വികാരം ആളിക്കത്തിക്കുന്നതില്‍ സഭയ്ക്ക് പങ്കുണ്ട്. മറിച്ചായിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടു റിപ്പോര്‍ട്ടുകളുടെയും മലയാള പരിഭാഷ ഹൈറേഞ്ചിലെ പള്ളികളിലും സഭാ സ്ഥാപനങ്ങളിലും ആദ്യം തന്നെ വിതരണം ചെയ്യാന്‍ സഭ മുന്‍കൈ എടുക്കേണ്ടതായിരുന്നു. സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതു ചെയ്യാമായിരുന്നു. അങ്ങനെ ജനങ്ങള്‍ എല്ലാ തലത്തിലും ആ റിപ്പോര്‍ട്ടുകള്‍ പഠിക്കകയും ചെയ്യാന്‍ അവസരമൊരുക്കേണ്ടവര് അതു ചെയ്യാതെ നിരുത്തരവാദപരമായി പെരുമാറുകയായിരുന്നു. വിദഗ്ദ്ധരുടെ ശുപാര്‍ശകള്‍ ജനങ്ങള്‍ അറിയരതുതെന്ന് ആര്‍ക്കോ വാശിയുള്ളതുപോലെ. ഇനിയും സമയം വൈകിയിട്ടില്ല. ഹൈറേഞ്ച് മേഖലകളിലെ എല്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും ആദ്യം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പിന്നെ കസ്തൂരി രംഗന് റിപ്പോര്‍ട്ടും പഠിച്ചശേഷം ചര്‍ച്ച ചെയ്യട്ടെ. അതിനുള്ള സംവിധാനമാണ് ‘സഭയും തദ്ദേശ ഭരണ വകുപ്പും ഉടനടി ചെയ്യേണ്ടത്. ഗ്രാമസഭകളുടേയും ഗ്രാമപഞ്ചായത്തുകളുടേയും അഭിപ്രായവും സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങളായിരിക്കണം തീരുമാനമെടുക്കാനുള്ള അടിസ്ഥാന രേഖ.
വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് നീതിപൂര്‍വം കാര്യങ്ങള്‍ ചെയ്യാമെന്നിരിക്കെ, അതിനായി ഇനിയും സമയമുണ്ടെന്ന് അധികാരികള്‍ അറിയിച്ചിരിക്കെ “ജനങ്ങള്‍”ക്കുവേണ്ടി ‘കര്‍ഷകര്‍’ക്കുവേണ്ടിയും വക്താക്കള്‍ ചമഞ്ഞ് സഭാനേതൃത്വം സമരാഹ്വാനവുമായി രംഗത്തുവന്നത് സംശയാസ്പദമാണ്.
ശബരിമല തീര്ത്ഥാടനകാലമെന്നത് അയ്യപ്പഭക്തന്മാര്ക്കുമാത്രമല്ല സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആകമാനം പ്രധാനപ്പെട്ടതാണ്. കേരളത്തിലെ ‘ബിസിനസ്’ അതിന്റെ പരമാവധിയിലെത്തുന്ന കാലം. നാഷണല്‍ ഹൈവേയിലെയും സ്റ്റേറ്റ് ഹൈവേയിലേയും തെരുവീഥികളിലുമുള്ള സ്ഥിരം ഹോട്ടലുകള്‍ക്കും സീസണല്‍ ഹോട്ടലുകള്‍ക്കും വന്‍വരുമാനം കിട്ടുന്ന കാലം. ശരണവീഥികളിലെ വീടുകള്‍ പലതും താല്‍ക്കാലിക ഹോട്ടലുകളാകുന്നു, പുതുതായി മുളച്ചുപൊന്തുന്ന തട്ടുകടകളും ഭക്ഷണ ശാലകളും കേരളമാകെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കു നല്ലൊരു വരുമാനമാര്ഗ്ഗമൊരുക്കുന്നു. ആഴ്ചകള്‍ക്കും മുന്നേ ബുക്കു ചെയ്തില്ലെങ്കില്‍ ഒരു യാത്രാ വാഹനം ലഭ്യമല്ലാത്ത അവസ്ഥ. സേവനമേഖലകളിലും ആകെ ഉണര്‍വ് ശബരിമലയിലെ വരുമാനമല്ല പ്രശ്നം. സംസ്ഥാനത്താകെ വ്യാപാര-സേവന മേഖലകള്ക്കാകെത്തന്നെ ഉത്തേജനം നല്കുന്ന തീര്‍ത്ഥാടന കാലമാണിത്.
അതിന്റെ തുടക്കത്തില്‍ തന്നെ വൃശ്ചികപ്പുലരിയില്‍ വരുന്നു. ഇടതുമുന്നണിയുടെ ഹര്‍ത്താലാഹ്വാനം. ഒപ്പം തന്നെ മലബാര്‍ മേഖലയില്‍ കോടികളുടെ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള കോടികളുടെ പൊതുസഭാ സ്പോണ്‍സേഡ് തീവ്രസമരം. എരിതീയില്‍ എണ്ണയൊഴിക്കാന്‍ എന്നപോലെ ഇടുക്കി ജില്ലയിലെ നാല്പ്പത്തെട്ടു മണിക്കൂര്‍ സ്തംഭിപ്പിക്കല്‍ സമരം. അതായത് ഹര്‍ത്താലിനേക്കാള്‍ കടുപ്പം കൂടിയ സമരമെന്നര്ത്ഥം. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുപോലും അയ്യപ്പഭക്തന്മാരെത്തുന്നു. വര്‍ഷംതോറും അത് വര്‍ധിച്ചുവരുന്നു. ശബരിമലയിലെ വരുമാനവും കുതിച്ചുയരുന്നു. ഇത് ഈ നിലയില്‍ തുടര്‍ന്നു വളര്‍ന്നു പന്തലിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവര്ക്കല്ലാതെ രൂക്ഷവും തീവ്രവാദ സ്വഭാവവും നശീകരണ സ്വഭാവവുമുള്ള സമരങ്ങളുമായി ഈ പവിത്രമായ തീര്‍ത്ഥാടനകാലത്ത് രംഗപ്രവേശം ചെയ്യാനാകുമെന്നു തോന്നുന്നില്ല.
സഖാക്കള്‍ ശബരിമലയ്ക്ക് പോകുന്നതില്‍ വിപ്ലവപാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് വൃശ്ചികപ്പുലരിയും തീര്ത്ഥാടനകാലവുമൊന്നും പ്രശ്നമല്ല. എന്നാല്‍ ക്രൈസ്തവ സഭാ നേതൃത്വം ജനങ്ങള്‍ക്കു ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ള സമരങ്ങള്‍ക്ക് ആഹ്വാനം നല്കാന് പറ്റിയ സമയമല്ല ശബരിമല തീര്‍ത്ഥാടന കാലം എന്ന് സവിനയം ഓര്‍മപ്പെടുത്തുന്നു. ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നല്ല കാര്യം തന്നെയാണ്.
കെ.വി.സുഗതന്, എരമല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: