വാഷിംഗ്ടണ്‍: കിഴക്കന്‍ ചൈനാ കടലില്‍ വ്യോമ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ അയല്‍രാജ്യങ്ങളെയും അമേരിക്കയെയും അസ്വസ്ഥമാക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്.
ചൈന വ്യോമ പ്രതിരോധ മേഖലയായി പ്രഖ്യാപിച്ച തര്‍ക്ക ദ്വീപില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞദിവസം അതിക്രമിച്ച് കടന്നിരുന്നു. യുഎസ് വ്യോമസേനയുടെ ബോംബര്‍ വിമാനമായ ബി52 ആണ് കിഴക്കന്‍ ചൈനാ സമുദ്രത്തിലെ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ചത്. ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപസമൂഹം ചൈന സ്വന്തം വ്യോമ മേഖലയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ജപ്പാന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നതോടെ പ്രശ്നം രാജ്യാന്തര തലത്തില്‍ ചര്‍ച്ചാ വിഷയമാകുകയായിരുന്നു.
തങ്ങളുടെ സുഹൃദ് രാഷ്ട്രമായ ജപ്പാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പും നല്‍കിയിരുന്നു. സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ നീരീക്ഷണ പറക്കല്‍ നടത്തിയതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയ വക്താവും പ്രതികരിച്ചിരുന്നു.
അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ജപ്പാനും അമേരിക്കയും സംയുക്തമായി കൈവശം വച്ചിരിക്കുന്ന സുപ്രധാനമായ ദ്വീപ സമൂഹത്തിലാണ് ചൈന കഴിഞ്ഞ ആഴ്ച വ്യോമപ്രതിരോധ കേന്ദ്രം ആരംഭിച്ചത്. സിന്കാകു എന്ന് ജപ്പാനും ദിയാവു എന്ന് ചൈനയും വിളിക്കുന്ന ദ്വീപ് ഉള്‍പ്പെട്ട പ്രദേശമാണിത്. ഈ നടപടിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം സംഘര്‍ഷം പുകയുന്ന കടലിലേക്ക് ചൈനയുടെ വിമാനവാഹിനിക്കപ്പലും മിസെയില്വാഹിനികപ്പലുകളും പുറപ്പെട്ടിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമായാണ് കപ്പലുകള്‍ അയച്ചതെന്നാണ് ചൈനയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: