ജാതി വ്യവസ്ഥയും ഇന്ത്യന്‍ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയിട്ടുള്ള രജനി കോത്താരി പറയുന്നത് ജാതി ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമാണെന്നാണ്.നൂറ്റാണ്ടുകളിലൂടെ ഇന്ത്യന്‍ സമൂഹ മനസ്സില്‍ വേരുറപ്പിച്ചിട്ടുള്ള ജാതി എളുപ്പത്തില്‍ പിഴുതുമാറ്റാവുന്ന ഒരു വികാരമല്ല.
ഒട്ടേറെ ചെലുതും വലുതുമായ സാമൂഹ്യ നവീകരണ ശ്രമങ്ങള്‍ക്കൊടുവിലും ജാതി ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായി തുടരുന്നു. ജാതിയുടെ പേരിലുള്ള അവകാശ വാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നു. ഉത്തരേന്ത്യയിലെ ഒറ്റയാന് പാര്‍ട്ടികള്‍ മുതല്‍ ഏറ്റവും ദീര്‍ഘകാലം ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് വരെ ഈ വോട്ടു ബാങ്ക് രാഷ്ട്രീയം പയറ്റുന്നതു കൊണ്ടാണ് രജനി കോത്താരിയെപ്പോലുള്ളവര്ക്ക് ജാതിയെ ഒഴിവാക്കാനാകില്ല എന്നു പറയേണ്ടി വരുന്നത്..
ഇപ്പോള്‍ നിയമസഭ തെരഞ്ഞടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അവസാന റൗണ്ടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും ഈ ജാതി രാഷ്ട്രീയത്തിലാണ്. ദല്‍ഹിയില്‍ നിര്‍ണ്ണായക ശക്തിയായ ജാട്ടുകളെയും ഗുജ്ജാറുകളെയും കയ്യിലെടുക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നതിനു പകരം വിവിധ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജ്ജാറുകള്‍ നിര്‍ണ്ണായക വോട്ട് ബാങ്കാണ്. നിലവില്‍ ഒബിസി ലിസ്റ്റില്‍ പെട്ട ഗുജ്ജാറുകളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതും ജോലി സംവരണവുമുള്പ്പെടെയുള്ള വാഗ്ദാനങ്ങളാണ്കോണ്ഗ്രസ് നടത്തിയിരിക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വികസനവും പുരോഗതിയും സാധ്യമല്ലെന്നു തോന്നും കോണ്‍ഗ്രസ് പ്രകടന പത്രിക കണ്ടാല്‍ .
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് ഒരു സംസ്ഥാന തെരഞ്ഞടുപ്പ് ജയിക്കാന്‍ വേണ്ടിപ്പോലും ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ലാത്തതാണ്. ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ഉദ്ഗ്രഥനാത്മക ദേശീയത എന്ന രാഷ്ട്രീയ സങ്കല്‍പ്പത്തെ നേരിടാന്‍ ഏറ്റവും എളുപ്പ വഴി സാമുദായിക ഭിന്നതകള്‍ ശക്തിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.
ജാതി രാഷ്ട്രീയം വളക്കൂറുള്ള മണ്ണാണെന്ന് കോണ്‍ഗ്രസിനെ പ്പോലെ തന്നെ തിരിച്ചറിഞ്ഞവരാണ് ഗംഗാ തടത്തിലെ പ്രാദേശിക പാര്‍ട്ടികളില്‍ ഒട്ടു മിക്കവയും. കഴിഞ്ഞ രണ്ടു പതിററാണ്ടിനിടയില് ഗംഗാ തടത്തില്‍ ശക്തിയാര്‍ജിച്ച പ്രാദേശിക പാര്‍ട്ടികളിലേറെയും തങ്ങളുടെ വളര്‍ച്ചക്ക് ഉപയോഗിച്ചത് ഈ ജാതിക്കാര്‍ഡ് തന്നെയാണ്.
ഉത്തര്‍ പ്രദേശിലെ പ്രമുഖ പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ജാതിക്കാര്‍ഡ് തന്ത്രപരമായി ഉപയോഗിച്ചവരാണ്. യാദവ -മുസ്ലീം രാഷ്ട്രീയമാണ് മുലായം സിംഗിന്റെ അസ്തിത്വം. കര്‍ഷകരുടെ പാര്‍ട്ടി എന്ന പേരിലാണ് കന്‍ഷിറാമിന്റെ നേതൃത്വത്തില്‍ ബിഎസ്പി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും ആ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കന്‍ഷിറാമും പിന്നീട് മായാവതിയും തന്ത്രപരമായി വളര്‍ത്തിയെടുത്ത ദളിത് രാഷ്ട്രീയം എന്ന അജണ്ടയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ തൃണമൂല്‍ കോണ്‍ഗ്രസ് , ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയൊക്കെ ജാതി അജണ്ടകള്‍ക്ക് പരിമിതമായ സ്ഥാനം മാത്രം നല്കിയവയാണ്. ജാതി രാഷ്ട്രീയം മുഖ്യധാരയില്‍ നിന്ന് ഒഴിവാകുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാനാവില്ല.
ജാതിയെയും സ്വത്വ രാഷ്ട്രീയത്തെയും അടിസ്ഥാന പ്രമാണമായി കാണുന്നവര്‍ക്കു തന്നെയണ് ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയ പ്രക്രിയയില്‍ ആധിപത്യം. ഭരണ വിരുദ്ധ വികാരം, വന്‍ അഴിമതികള്‍ , നേതൃ ദാരിദ്ര്യം, സംസ്ഥാനങ്ങളിലെ ചേരിപ്പോരുകള്‍ , അടുത്ത പാര്‍ലമെന്റ് തെര്ഞ്ഞടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍്ഗ്രസിനെ വേട്ടയാടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഏറെക്കുറെ പരാജയം ഉറപ്പിച്ചു കഴിഞ്ഞ ആ പാര്‍ട്ടി തോല്‍വിയുടെ ആഘാതം കുറക്കാന്‍ അറ്റകൈ പ്രയോഗം എന്ന നിലയില്‍ ജാതിക്കാര്‍ഡുകള്‍ പുറത്തെടുക്കുകയാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച മുന്നോക്ക കോര്പ്പറേഷന് ഉള്‍പ്പെടെയുള്ളവ ഇതിന്റെ ഭാഗമാണ്. ഇടഞ്ഞു നില്ക്കുന്ന എന്‍ എസ്എസ് പോലുള്ള സാമുദായിക ശക്തികളെ കയ്യിലെടുക്കാന്‍ ഇത്തരം നീക്കങ്ങള്‍ വഴി കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു. സാമുദായിക ശക്തികളെ പ്രീണിപ്പിക്കുകയാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പാക്കാനുളള എളുപ്പവഴിയെന്ന് മുന്‍ അനുഭവങ്ങള്‍ അവരെ പഠിപ്പിക്കുന്നു. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കും അതിനുശേഷം നടക്കാനിരിക്കുന്ന പാര്‍ലമെനൃ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട ജാതിക്കാര്‍ഡും വര്ഗീയക്കാര്ഡും തന്നെയായിരിക്കും
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: