ഇന്ത്യയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ സമ്പന്നമായ 19 നാട്ടുരാജ്യങ്ങള്‍ രജപുത്താന റീജീയണിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. രാജസ്ഥാനും രാജാക്കന്മാരുമായിട്ടുള്ള ബന്ധത്തിന്റെ അന്ത്യമായിരുന്നില്ല ജനാധിപത്യ ഭരണത്തിന്റെ ആരംഭം. മറിച്ച് ഭരണത്തില്‍ പലപ്പോഴും ഭരണാധികാരികളായെത്തിയത് പഴയ രാജാക്കന്മാരും റാണിമാരുമായിരുന്നു. ജനമനസ്സുകളിലെ രാജാക്കന്മാരുടെ സ്വാധീനം രാഷ്ട്രീയ പാര്‍ട്ടികളെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ആറുപതിറ്റാണ്ടുകള്‍ക്കു ശേഷവും തെരഞ്ഞെടുപ്പിലെ രാജസാന്നിധ്യത്തിന് രാജസ്ഥാനില്‍ കുറവില്ല.
ബിജെപി ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മത്സരിക്കുന്നത് ഇത്തവണ ഒമ്പതു രാജകുടുംബാംഗങ്ങളാണ്. മുന്‍മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ തന്നെയാണ് വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രധാന രാജകുടുംബാംഗം. ഗ്വാളിയോര്‍ രാജമാതാ വിജയരാജ സിന്ധ്യയുടെ മകളായ വസുന്ധര രാജസിന്ധ്യ രാജസ്ഥാനിലേക്കെത്തുന്നത് ധോല്‍പൂര്‍ രാജാവിന്റെ റാണിയായിട്ടായിരുന്നു. പിന്നീട് എണ്‍പതുകള്‍ മുതല്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും പലവട്ടം ജയിച്ചു കയറിയിട്ടുണ്ട് രാജസ്ഥാന് സ്വീകരിച്ച മരുമകള്‍. വസുന്ധരയ്ക്കു പുറമേ ജയ്പൂര്‍ രാജകുമാരി ദിയാ രാജകുമാരിയും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. സവായ് മാധവ്പൂരില് മീണ സമുദായ നേതാവും മുന്‍ മന്ത്രിയുമായ കിരോടിലാല് മീണയുമായാണ് ദിയാ രാജകുമാരി മത്സരിക്കുന്നത്. ബിക്കാനീറില്‍ സിന്ധി രാജകുമാരിയും ബിജോലി നിയോജക മണ്ഡലത്തില്‍ കീര്‍ത്തി രാജകുമാരിയും ബിജെപി സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മൂന്നു രാജകുടുംബാംഗങ്ങളും മത്സരിക്കുന്നുണ്ട്. ഇതിനു പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രണ്ടു പേരും മത്സരിക്കുന്നു.
കോണ്‍ഗ്രസ് നേതാവും കേന്ദ്ര സാംസ്ക്കാരിക മന്ത്രിയുമായ ചന്ദ്രേഷ്കുമാരി കടോച് ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കളും രാജകുടുംബാംഗങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായുണ്ട്. വസുന്ധര രാജ സിന്ധ്യയുടെ മകനും എംപിയുമായ ദുഷ്യന്ത് സിങ്, മുന്‍കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ ജസ്വന്ത് സിങ്, മകനും എംപിയുമായിരുന്ന മാനവേന്ദ്രസിങ് തുടങ്ങിയവരും രാഷ്ട്രീയ രംഗത്ത് സജീവമായുള്ള രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളാണ്. മിര്‍ദ രാജകുടുംബാംഗത്തിലെ അംഗങ്ങളും പെയിലറ്റ് കുടുംബത്തിലെ സച്ചിന് പെയിലറ്റും മഡേര്‍ന കുടുംബവും എല്ലാം ഇന്നും സജീവമായി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നവരാണ്. പുതിയ നിയമസഭ അധികാരത്തിലെത്തുമ്പോള്‍ ചുരുങ്ങിയത് പത്തു പേരെങ്കിലും രാജകുടുംബാംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ജനപ്രിയതയും പ്രൗഢിയും ഇനിയും മങ്ങിയിട്ടില്ലാത്ത രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളുടെ പ്രസക്തി ഒരിക്കലും ഇല്ലാതാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. 1967ല്‍ ജനസംഘവുമായി ചേര്‍ന്ന് രാജമാതാ ഗായത്രീ ദേവിയുടെ നേതൃത്വത്തില്‍ നാലര പതിറ്റാണ്ടുമുമ്പ് സ്വതന്ത്രതാ പാര്‍ട്ടി നടത്തിയ മുന്നേറ്റം ജനങ്ങള്‍ക്കിടയിലെ രാജസ്വാധീനത്തിന്റെ പ്രകടമായ ഉദാഹരണമായിരുന്നു. ഇന്നു വസുന്ധര രാജെ സിന്ധ്യയുടെ രാജപാരമ്പര്യവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തമായ അടിത്തറയും രാജസ്ഥാനില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2003ല്‍ നേടിയതു പോലെയുള്ള മുന്നേറ്റം ബിജെപി നടത്താനുള്ള സാധ്യതകളാണ് എല്ലാ കേന്ദ്രങ്ങളും ഒരുപോലെ പ്രവചിക്കുന്നതും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: